വിദേശ വിദ്യാർഥികൾക്കും മാധ്യമപ്രവർത്തകർക്കും വിസാ ചട്ടങ്ങൾ കർശനമാക്കി അമേരിക്ക

വാഷിങ്ടൺ: വിദേശ വിദ്യാർഥികൾക്കും സാംസ്കാരിക വിനിമയ പരിപാടികളിൽ പങ്കെടുക്കുന്നവർക്കും വിദേശ മാധ്യമപ്രവർത്തകർക്കും നൽകുന്ന വിസകളുടെ കാലാവധി കർശനമാക്കുന്ന പുതിയ ചട്ടങ്ങൾ അമേരിക്ക പ്രഖ്യാപിച്ചു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടമാണ് വ്യാഴാഴ്ച പുതിയ നിയമം പുറത്തിറക്കിയത്. അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS) പുറത്തിറക്കിയ അന്തിമ ചട്ടപ്രകാരം, അന്താരാഷ്ട്ര വിദ്യാർഥികൾക്കുള്ള എഫ് (F) വിസ, സാംസ്കാരിക വിനിമയ പരിപാടികളിലെ ജെ (J) വിസ, മാധ്യമപ്രവർത്തകർക്കുള്ള ഐ (I) വിസ എന്നിവയ്ക്ക് ഇനി നിശ്ചിത കാലാവധിയുണ്ടാകും. നിലവിൽ പഠനത്തിന്റെയോ ജോലിയുടെയോ ദൈർഘ്യം മുഴുവൻ ഈ വിസകൾ സാധുവായിരുന്നു.

പുതിയ ചട്ടം ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിച്ചതിന് 60 ദിവസത്തിന് ശേഷം പ്രാബല്യത്തിൽ വരും. കോൺഗ്രസിന്റെ പരിശോധനയ്ക്കും ഇത് വിധേയമായിരിക്കും. വിദ്യാർഥി, സാംസ്കാരിക വിനിമയ വിസകൾക്ക് പരമാവധി നാല് വർഷമാണ് കാലാവധി. മാധ്യമപ്രവർത്തകരുടെ വിസയ്ക്ക് പരമാവധി 240 ദിവസവും ചൈനീസ് പൗരന്മാർക്ക് 90 ദിവസവും മാത്രമേ അനുവദിക്കൂ. ആവശ്യമെങ്കിൽ കാലാവധി നീട്ടാൻ അപേക്ഷിക്കാമെന്ന് അധികൃതർ അറിയിച്ചു. ബിരുദാനന്തര വിദ്യാർഥികൾക്ക് പഠനലക്ഷ്യം മാറ്റുന്നതിനും അനുമതിയില്ലാതെ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മാറുന്നതിനും പുതിയ ചട്ടം വിലക്കേർപ്പെടുത്തുന്നു. പഠനം പൂർത്തിയാക്കിയ ശേഷം അമേരിക്ക വിടാൻ അനുവദിച്ചിരുന്ന സമയം 60 ദിവസത്തിൽ നിന്ന് 30 ദിവസമായി കുറയ്ക്കുകയും ചെയ്തു.

പുതിയ ചട്ടം അന്താരാഷ്ട്ര വിദ്യാർഥികൾക്കും സാംസ്കാരിക വിനിമയ പദ്ധതികളിൽ പങ്കെടുക്കുന്നവർക്കും വിദേശ മാധ്യമപ്രവർത്തകർക്കും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. മുൻ DHS ഉദ്യോഗസ്ഥൻ ഡഗ് റാൻഡ്, അനാവശ്യ നടപടിക്രമങ്ങൾ വർധിപ്പിക്കുന്ന നടപടിയാണിതെന്ന് അഭിപ്രായപ്പെട്ടു. കാറ്റോ ഇൻസ്റ്റിറ്റ്യൂട്ടിലെ കുടിയേറ്റ വിദഗ്ധൻ ഡേവിഡ് ജെ. ബിയർ, പുതിയ നിയന്ത്രണങ്ങൾക്ക് മതിയായ നിയമപരമായ അടിസ്ഥാനമില്ലെന്നും ചൂണ്ടിക്കാട്ടി.

2024-ൽ 18 ലക്ഷത്തിലധികം വിദ്യാർഥി വിസ പ്രവേശനങ്ങൾ രേഖപ്പെടുത്തിയതും മുൻവർഷത്തേക്കാൾ 11 ശതമാനത്തിലധികം വർധന ഉണ്ടായതുമാണ് പുതിയ ചട്ടങ്ങൾക്ക് കാരണമെന്ന് DHS വ്യക്തമാക്കി. സന്ദർശകരുടെ എണ്ണം വർധിച്ചതോടെ ഇവരെ ഫലപ്രദമായി നിരീക്ഷിക്കുന്നത് വെല്ലുവിളിയായെന്നും വകുപ്പ് അറിയിച്ചു. നിശ്ചിത കാലാവധി കഴിഞ്ഞും അമേരിക്കയിൽ തുടരാൻ ആഗ്രഹിക്കുന്നവർ വിസാ കാലാവധി നീട്ടാൻ DHS-നെ സമീപിക്കുകയോ രാജ്യം വിട്ട് വീണ്ടും പ്രവേശനാനുമതി നേടി തിരിച്ചെത്തുകയോ വേണമെന്നും പുതിയ ചട്ടത്തിൽ പറയുന്നു.

US to tighten visa regulations for foreign students, journalists

More Stories from this section

family-dental
witywide