ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാറിൽ നിരാശയെന്ന് യുഎസ് ട്രഷറി സെക്രട്ടറി, ‘യുക്രെയ്നെ പിന്തുണയ്ക്കുന്നതിനേക്കാൾ യൂറോപ്പ് വ്യാപാര താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നു’

വാഷിംഗ്ടൺ: ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാറിനെ വിമർശിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെൻ്റ്. ഇന്ത്യയുമായുള്ള യൂറോപ്യൻ യൂണിയൻ്റെ (ഇയു) സ്വതന്ത്ര വ്യാപാര കരാറിൽ നിരാശ പ്രകടിപ്പിച്ച അദ്ദേഹം യൂറോപ്പ് യുക്രെയ്നിനുള്ള പിന്തുണയേക്കാൾ വ്യാപാര താൽപ്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് വിമർശിച്ചു.

ഇന്ത്യ റഷ്യയിൽ നിന്ന് വാങ്ങുന്ന ക്രൂഡ് ഓയിൽ ഉപയോഗിച്ച് നിർമ്മിക്കുന്ന ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങൾ യൂറോപ്പ് വാങ്ങുന്നുണ്ടെന്ന് സീഎൻബിസിക്ക് (CNBC) നൽകിയ അഭിമുഖത്തിൽ സ്കോട്ട് ബെസെന്റ് ആരോപിച്ചു. ഇന്ത്യയുമായി ഒരു വ്യാപാര കരാറിനായി ചർച്ചകൾ നടത്തുന്നതിനാൽ, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയതിന് സമാനമായ നികുതികൾ ചുമത്താൻ യൂറോപ്യൻ യൂണിയൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 25 ശതമാനം അധിക നികുതി ഏർപ്പെടുത്തിയിരുന്നു. ഇന്ത്യ-യൂറോപ്പ് വ്യാപാര കരാർ അമേരിക്കയ്ക്ക് ഭീഷണിയാകുമോ എന്ന ചോദ്യത്തിന് മറുപടിയായി ബെസെന്റ് പറഞ്ഞത് ഇങ്ങനെയാണ്: “അവർക്ക് (യൂറോപ്പിന്) ഏറ്റവും അനുയോജ്യമെന്ന് തോന്നുന്നത് അവർ ചെയ്യട്ടെ. പക്ഷേ യൂറോപ്യന്മാരുടെ നിലപാട് വളരെ നിരാശാജനകമാണെന്ന് ഞാൻ പറയും.”

ഇന്ത്യയും ഇയുവും തമ്മിലുള്ള “ചരിത്രപരമായ” സ്വതന്ത്ര വ്യാപാര കരാർ ചൊവ്വാഴ്ചയാണ് അന്തിമമാക്കിയത്. യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലെയ്ൻ ഈ കരാറിനെ “എല്ലാ കരാറുകളുടെയും മാതാവ്” (mother of all deals) എന്നാണ് വിശേഷിപ്പിച്ചത്.

റഷ്യൻ എണ്ണ ഉപയോഗിച്ച് ഇന്ത്യയിൽ ശുദ്ധീകരിക്കുന്ന ഉൽപ്പന്നങ്ങൾ യൂറോപ്പ് വാങ്ങുന്നുണ്ടെന്നും, ഇതുവഴി യൂറോപ്പ് “സ്വയം അവർക്കെതിരായ യുദ്ധത്തിന് തന്നെയാണ് പണം നൽകുന്നതെന്നും” ബെസ്സെന്റ് ആരോപിച്ചു. ഇന്ത്യയിൽ നിന്നുള്ള സാധനങ്ങൾക്ക് യുഎസ് 25 ശതമാനം അധിക താരിഫ് ചുമത്തിയിരുന്നെങ്കിലും, യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ വ്യാപാര കരാർ ചർച്ചകൾ കാരണം സമാനമായ താരിഫുകൾ ചുമത്താൻ വിസമ്മതിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

“എല്ലാ യൂറോപ്യന്മാരും യുക്രെയ്ൻ ജനതയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്നത് കേൾക്കുമ്പോൾ, അവർ യുക്രെൻ ജനതയെക്കാൾ പ്രാധാന്യം വ്യാപാരത്തിനാണ് നൽകിയതെന്ന് ഓർക്കുക”-ബെസെൻ്റ് പറയുന്നു.

കരാർ പ്രകാരം, 99% ഇന്ത്യൻ കയറ്റുമതി ഉൽപ്പന്നങ്ങളുടെയും തീരുവ ഇയു ഒഴിവാക്കും. വസ്ത്രങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവയുൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്ക് ഇത് വലിയ നേട്ടമാകും. സമാനമായി ഇന്ത്യയും ഇയു ഉൽപ്പന്നങ്ങളുടെ താരിഫ് കുറയ്ക്കും. കാറുകൾ, വൈൻ, സ്പിരിറ്റ്സ്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ ഇറക്കുമതി തീരുവ ഘട്ടംഘട്ടമായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.

US Treasury Secretary expresses disappointment in India-EU trade deal.

More Stories from this section

family-dental
witywide