റഷ്യയും യുക്രൈനും ജൂൺ മാസത്തോടെ യുദ്ധം അവസാനിപ്പിക്കണമെന്ന് അമേരിക്ക ആഗ്രഹിക്കുന്നു – സെലെൻസ്‌കി

കീവ്: റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം ജൂൺ മാസത്തിനുള്ളിൽ അവസാനിപ്പിക്കണമെന്ന് അമേരിക്ക ആഗ്രഹിക്കുന്നതായി യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പറഞ്ഞു. ഇതിന്റെ ഭാഗമായി അടുത്ത ആഴ്ച ഇരു രാജ്യങ്ങളെയും അമേരിക്കയിൽ ചർച്ചകൾക്കായി ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. യുക്രൈൻ-റഷ്യ ചർച്ചാ സംഘങ്ങൾ അമേരിക്കയിൽ കൂടിക്കാഴ്ച നടത്താനുള്ള നിർദേശം അമേരിക്ക മുന്നോട്ടുവെച്ചതാണെന്നും സെലൻസ്കി വ്യക്തമാക്കി.

ഒരു ആഴ്ചയ്ക്കുള്ളിൽ മയാമിയിൽ ചർച്ചകൾ നടക്കാനാണ് സാധ്യത. യുക്രൈൻ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇതുസംബന്ധിച്ച് വാഷിങ്ടണിലോ മോസ്കോയിലോ നിന്ന് ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. എന്നാൽ വീണ്ടും അധികാരത്തിലെത്തിയതിനു ശേഷം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

അതിനിടെ, യുക്രൈന്റെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് റഷ്യ ആക്രമണം തുടരുകയാണ്. കടുത്ത ശൈത്യകാല സാഹചര്യങ്ങൾക്കിടയിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വ്യാപകമായ വൈദ്യുതി മുടക്കമാണ് അനുഭവപ്പെടുന്നത്. അബൂദാബിയിൽ നടന്ന അമേരിക്കയുടെ മധ്യസ്ഥതയിലുള്ള രണ്ടാംഘട്ട സമാധാന ചർച്ചകളെക്കുറിച്ചും സെലൻസ്കി പ്രതികരിച്ചു. വെള്ളിയാഴ്ച അവസാനിച്ച ചർച്ചകളിൽ കാര്യമായ മുന്നേറ്റമുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭൂപ്രദേശങ്ങൾ വിട്ടുനൽകുന്നതടക്കമുള്ള വിഷയങ്ങൾ ഇപ്പോഴും സങ്കീർണമാണെന്നും അതിനായി കൂടുതൽ തയ്യാറെടുപ്പുകൾ ആവശ്യമാണെന്നും സെലൻസ്കി പറഞ്ഞു.

സമാധാന കരാർ ഉണ്ടാകാനുള്ള സമയപരിധിയെക്കുറിച്ച് ചോദിച്ചപ്പോൾ, ജൂണിനുള്ളിൽ എല്ലാം പൂർത്തിയാക്കാനാണ് അമേരിക്കയുടെ ശ്രമമെന്ന് സെലൻസ്കി പറഞ്ഞു. നവംബറിൽ നടക്കുന്ന അമേരിക്കൻ മിഡ്‌ടേം തിരഞ്ഞെടുപ്പുകൾ ഉൾപ്പെടെയുള്ള ആഭ്യന്തര രാഷ്ട്രീയ സാഹചര്യം ഇതിന് പിന്നിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, യുക്രൈന്റെ ഊർജ്ജ കേന്ദ്രങ്ങൾക്കെതിരായ റഷ്യൻ ആക്രമണം ശക്തമായി തുടരുകയാണ്.

സബ്‌സ്റ്റേഷനുകളും പ്രധാന വൈദ്യുതി ലൈനുകളും വൈദ്യുത നിലയങ്ങളും ആക്രമിക്കപ്പെട്ടതായി യുക്രൈൻ ഊർജ്ജ മന്ത്രി ഡെനിസ് ഷ്മിഹാൽ അറിയിച്ചു. ഇതിനെ തുടർന്ന് രാജ്യത്ത് വൈദ്യുതി ക്ഷാമം ഗണ്യമായി വർധിച്ചതായി സർക്കാർ ഉടമസ്ഥതയിലുള്ള ഊർജ്ജ സ്ഥാപനമായ യക്രെനർഗോ വ്യക്തമാക്കി. അടിയന്തരമായി വൈദ്യുതി ലഭ്യമാക്കാൻ പോളണ്ടിനോട് സഹായം അഭ്യർത്ഥിച്ചതായും അറിയിച്ചു.

വെള്ളിയാഴ്ച രാത്രി നടന്ന ആക്രമണത്തിൽ 400-ലധികം ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ചതായി സെലൻസ്കി പറഞ്ഞു. നാല് മേഖലകളിലെങ്കിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിവിധ മേഖലയിൽ വൈദ്യുതി നിലയങ്ങൾ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് ആയിരക്കണക്കിന് ആളുകൾക്ക് വൈദ്യുതി നഷ്ടമായി. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വീടുകൾക്കും നിർണായക സൗകര്യങ്ങൾക്കും നാശനഷ്ടമുണ്ടായതായി അധികൃതർ അറിയിച്ചു. കീവിൽ റഷ്യൻ വ്യോമാക്രമണ ഭീഷണിയെ തുടർന്ന് ജനങ്ങൾ വീണ്ടും മെട്രോ സ്റ്റേഷനുകളിൽ അഭയം തേടുകയാണ്.

US wants Russia and Ukraine to end war by June – Zelensky

Also Read

More Stories from this section

family-dental
witywide