ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങുന്നതിനിടെ, യുഎസ് നാവികസേനയുടെ മിസൈൽ ഡിസ്‌ട്രോയറായ ‘യുഎസ്എസ് ഡെൽബെർട്ട് ഡി ബ്ലാക്ക്’ ഇസ്രയേൽ തീരത്ത് നങ്കൂരമിട്ടു. ഇസ്രയേലിലെ ചെങ്കടൽ തുറമുഖമായ എയ്ലാത്തിലാണ് അത്യാധുനിക പ്രതിരോധ സംവിധാനങ്ങളുള്ള ഈ കപ്പൽ എത്തിയിരിക്കുന്നത്. ടോമഹോക്ക് ക്രൂസ് മിസൈലുകൾ വഹിക്കാനും ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാനും ശേഷിയുള്ള ഈ കപ്പലിന്റെ സാന്നിധ്യം ഇറാന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങളെ പ്രതിരോധിക്കാനാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മേഖലയിലേക്ക് അമേരിക്കയുടെ വിപുലമായ വിമാനവാഹിനിക്കപ്പൽ വ്യൂഹം നീങ്ങുന്നതിനിടെയുള്ള ഈ നീക്കം യുദ്ധഭീതി വർധിപ്പിച്ചിരിക്കുകയാണ്.
അമേരിക്കയുടെ സൈനിക വെല്ലുവിളിയെ പ്രതിരോധിക്കാൻ ആയിരത്തോളം പുതിയ ‘സ്ട്രാറ്റജിക് ഡ്രോണുകൾ’ തങ്ങളുടെ സേനയുടെ ഭാഗമാക്കിയതായി ഇറാൻ പ്രഖ്യാപിച്ചു. യുഎസ് ആക്രമണമുണ്ടായാൽ പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും വിമാനവാഹിനി കപ്പലുകൾക്കും നേരെ തൽക്ഷണം പ്രത്യാക്രമണം നടത്തുമെന്നാണ് ഇറാന്റെ ഭീഷണി. അതേസമയം, ഇറാന്റെ ആണവ നിലയങ്ങളിൽ കമാൻഡോ ഓപ്പറേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ അമേരിക്ക പരിഗണിക്കുന്നുവെന്നും ഇറാന്റെ മിസൈൽ പദ്ധതികൾ തകർക്കാൻ ഇസ്രയേൽ സംയുക്ത നീക്കത്തിന് ശ്രമിക്കുന്നുവെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത് സ്ഥിതിഗതികൾ അതീവ സങ്കീർണ്ണമാക്കുന്നു.
മേഖലയിൽ ഒരു മഹായുദ്ധം ഒഴിവാക്കാനായി തുർക്കി മധ്യസ്ഥ ശ്രമങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. തുർക്കി പ്രസിഡന്റ് ത്വയിബ് ഉർദുഗാൻ ഇറാൻ പ്രസിഡന്റുമായി സംസാരിക്കുകയും ഇറാന്റെ വിദേശകാര്യ മന്ത്രി ചർച്ചകൾക്കായി തുർക്കിയിൽ എത്തുകയും ചെയ്തു. ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സൈനിക നീക്കങ്ങൾ ഒഴിവാക്കി നയതന്ത്ര തലത്തിലുള്ള സംഭാഷണങ്ങൾക്കാണ് അന്താരാഷ്ട്ര സമൂഹം ഇപ്പോൾ മുൻഗണന നൽകുന്നത്.
US warship reaches Israel coast as Iran deploys strategic drones amid rising tensions











