വാഷിങ്ടൺ: സംഘർഷം നാൾക്കുനാൾ കനക്കവേ ഇറാൻ്റെ ആക്രമണത്തിൽ യുഎസിൻ്റെ നിർണായക റഡാർ സംവിധാനം തകർന്നതായി സ്ഥിരീകരിച്ച് യുഎസ് ഉദ്യോഗസ്ഥൻ. ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതും 300 മില്യൺ ഡോളർ വിലമതിക്കുന്നതുമായ THAAD മിസൈൽ പ്രതിരോധ സംവിധാനമാണ് ഇറാന്റെ ആക്രമണത്തിൽ തകർന്നത്. ഇത് മേഖലയിലെ പ്രതിരോധസംവിധാനം ദുർബലപ്പെടുത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസിന്റെ ഥാഡ് (THAAD) മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിക്കുന്ന റഡാറും അനുബന്ധ ഉപകരണങ്ങളും ജോർദാനിലെ മുവാഫഖ് സൽട്ടി എയർബേസിൽ യുദ്ധത്തിന്റെ തുടക്കത്തിൽ നശിപ്പിക്കപ്പെട്ടുവെന്ന് ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഉപകരണങ്ങൾക്ക് കേടുപാടുണ്ടായതായി ഒരു യുഎസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
ഫെബ്രുവരി 28-നും മാർച്ച് 3-നുമായി രണ്ട് ഇറാനിയൻ ആക്രമണങ്ങൾ ജോർദാനിൽ ഉണ്ടായതായി ഫൗണ്ടേഷൻ ഫോർ ദ ഡിഫൻസ് ഓഫ് ഡെമോക്രസീസ് ഡാറ്റ അനുസരിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ട് ആക്രമണങ്ങളും പ്രതിരോധിച്ചതായാണ് റിപ്പോർട്ട്. ഥാഡ് റഡാറിന് നേരെയുള്ള ഇറാനിയൻ ആക്രമണം വിജയകരമാണെങ്കിൽ ഇറാന്റെ ഭാഗത്തുനിന്നുള്ള ഏറ്റവും വിജയകരമായ ആക്രമണങ്ങളിൽ ഒന്നായിരിക്കുമിതെന്നും യുഎസിനും പങ്കാളികൾക്കും മറ്റ് റഡാറുകൾ ഉള്ളതായും അവയ്ക്ക് മിസൈൽ പ്രതിരോധപ്രവർത്തനം തുടർന്നും നൽകാൻ കഴിയുമെന്നും ഫൗണ്ടേഷൻ ഫോർ ദ ഡിഫൻസ് ഓഫ് ഡെമോക്രസീസിലെ സെൻ്റർ ഓൺ മിലിട്ടറി ആൻഡ് പൊളിറ്റിക്കൽ പവറിന്റെ ഡെപ്യൂട്ടി ഡയറക്ടർ റയാൻ ബ്രോസ്റ്റ് പറഞ്ഞു.
ബാലിസ്റ്റിക് മിസൈലുകളെ ദീർഘദൂരത്തിൽ നശിപ്പിക്കാൻ യുഎസ് ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് (THAAD) യൂണിറ്റുകൾ സഹായിക്കുന്നു. വളരെ ദൂരെ നിന്നുള്ള ഭീഷണികൾ കണ്ടെത്താനായി രൂപകൽപന ചെയ്‌ത സംവിധാനമാണിത്. ദക്ഷിണ കൊറിയയിലും ഗുവാമിലും ഉൾപ്പെടെ ലോകമെമ്പാടും യുഎസിന് എട്ട് ഥാഡ് സംവിധാനങ്ങളുണ്ട്.
സെൻ്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് അനുസരിച്ച്, ഓരോ ബാറ്ററിക്കും ഏകദേശം 1 ബില്യൺ ഡോളർ ചെലവുണ്ട്, അതിൽ ഏകദേശം 300 മില്യൺ ഡോളർ റഡാറിന് മാത്രമാണ്. ഒരു ഥാഡ് ബാറ്ററിയിൽ 90 സൈനികർ, ആറ് ട്രക്ക് ഘടിപ്പിച്ച ലോഞ്ചറുകൾ, നാന്നൂറ്റിയെട്ട് ഇന്റർസെപ്റ്ററുകൾ (ഓരോ ലോഞ്ചറിനും 8) ഒരു TPY-2 റഡാർ, അതുപോലെ ഒരു ടാക്റ്റിക്കൽ ഫയർ കൺട്രോൾ ആൻഡ് കമ്മ്യൂണിക്കേഷൻ യൂണിറ്റ് എന്നിവ ഉൾപ്പെടുന്നു. ലോക്ക്ഹീഡ് മാർട്ടിൻ കോർപ്പറേഷൻ നിർമ്മിക്കുന്ന ഓരോ ഇന്റർസെപ്റ്റർ മിസൈലിനും ഏകദേശം 13 മില്യൺ ഡോളറാണ് ചെലവ്.
US’s $300 million THAAD radar system destroyed in Iranian attack













