‘സ്വന്തം നാട്ടിൽ മത്സരിക്കാൻ ആഗ്രഹം തോന്നുന്നത് സ്വാഭാവികമല്ലേ’, അബ്ദുറഹിമാന് മുന്നിൽ യെസ് പറഞ്ഞ് സിപിഎം; തിരൂരിലേക്ക് മാറി

മലപ്പുറം: താനൂർ നിയോജക മണ്ഡലത്തിൽ സിപിഎം സ്വതന്ത്ര സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്ന മന്ത്രി വി. അബ്ദുറഹിമാൻ തിരൂരിൽ മത്സരിക്കും. അദ്ദേഹത്തിന്റെ നിർബന്ധത്തിന് മുന്നിൽ സിപിഎം ഒടുവിൽ വഴങ്ങുകയായിരുന്നുവെന്നാണ് വിവരം. “എല്ലാവർക്കും സ്വന്തം നാട്ടിൽ മത്സരിക്കാൻ ആഗ്രഹം തോന്നുന്നത് സ്വാഭാവികമല്ലേ?” എന്നായിരുന്നു ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന് അബ്ദുറഹിമാൻ നൽകിയ മറുപടി. പെരുന്നാൾ കഴിഞ്ഞ ശേഷം പ്രചാരണത്തിനിറങ്ങുമെന്നും ഒരു തിരൂർക്കാരൻ എന്ന നിലയിൽ തിരൂരിന്റെ വികസനമാണ് തന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാഴാഴ്ച സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിനു ശേഷമാണ് മന്ത്രി മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ചടങ്ങായിരുന്നു അത്. “ഞങ്ങളുടെ നാട് എപ്പോഴും പിന്നോക്കാവസ്ഥയിലാണ്. ഒട്ടേറെ എംഎൽഎമാരും മന്ത്രിമാരും വന്നിട്ടും വികസനം ഉണ്ടായില്ല. മലപ്പുറം ജില്ലയിലെ മറ്റു മണ്ഡലങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു പോയി, പക്ഷേ തിരൂർ പിന്നോട്ടാണ് പോയത്. ഈ പ്രദേശത്തുകാരനായതിനാൽ അത് മാറ്റുക എന്നതാണ് എന്റെ ദൗത്യം. തിരൂരിന്റെ വികസനമാണ് ഞങ്ങളുടെ ലക്ഷ്യം. ഒരു തിരൂർക്കാരൻ എന്ന നിലയിൽ ഞാൻ ഇതാണ് ആഗ്രഹിക്കുന്നത്,” വി. അബ്ദുറഹിമാൻ പറഞ്ഞു.

കഴിഞ്ഞ ആഴ്ച സിപിഎം പ്രഖ്യാപിച്ച സ്ഥാനാർഥി ലിസ്റ്റിൽ വി. അബ്ദുറഹിമാനെ താനൂരിലെ സ്ഥാനാർഥിയായി വീണ്ടും പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രഖ്യാപനത്തിനു ശേഷവും അദ്ദേഹം പ്രചാരണത്തിനിറങ്ങിയിരുന്നില്ല. ഇതോടെയാണ് അബ്ദുറഹിമാന്റെ അതൃപ്തി വലിയ ചർച്ചയായത്. നേരത്തെ തന്നെ സ്വന്തം നാടായ തിരൂരിൽ മത്സരിക്കണമെന്ന ആഗ്രഹം അദ്ദേഹം സിപിഎം നേതൃത്വത്തോട് അറിയിച്ചിരുന്നതായാണ് വിവരം. 2016-ലും 2021-ലും ലീഗിൽ നിന്ന് താനൂർ പിടിച്ചെടുത്ത് വിജയം ആവർത്തിച്ച അബ്ദുറഹിമാനെ പാർട്ടി വീണ്ടും താനൂരിൽ തന്നെ സ്ഥാനാർഥിയാക്കിയിരുന്നു. സിപിഎം കഴിഞ്ഞ ആഴ്ച പുറത്തുവിട്ട ലിസ്റ്റിൽ തിരൂരിന് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നില്ല. അബ്ദുറഹിമാൻ തിരൂരിലേക്ക് മാറുന്നതോടെ, താനൂരിൽ ഇനി ആരായിരിക്കും എൽഡിഎഫ് സ്ഥാനാർഥി എന്നതിൽ ആകാംക്ഷ നിലനിൽക്കുന്നു.

More Stories from this section

family-dental
witywide