പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവനന്തപുരത്തെ പ്രസംഗത്തിനെതിരെ കോൺഗ്രസ് രംഗത്ത്. പ്രധാനമന്ത്രിയുടെ പ്രസ്താവനകൾക്കെതിരെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആഞ്ഞടിച്ചു. കേരളത്തില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത മാത്രമാണെന്ന് വ്യക്തമായെന്നും കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും മതേതര കാഴ്ചപ്പാടിന് മോദിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.
പ്രധാനമന്ത്രിക്ക് വികസന നേട്ടങ്ങള്‍ ഒന്നും പറയാനില്ല. രാജ്യത്തിന്റെ ഭാവിയെ കുറിച്ചോ കേരളത്തിന്റെ മുന്‍ഗണനാ ക്രമങ്ങളെ കുറിച്ചോ പറയാന്‍ നാവനക്കിയില്ല. പകരം പറയുന്നത് വര്‍ഗീയത മാത്രം. പക്ഷെ ഇത് മതേതര കേരളമാണെന്ന് മോദിക്കും ബിജെപിക്കും ഉടന്‍ ബോധ്യമാകുമെന്നും പല സംസ്ഥാനങ്ങളിലും പയറ്റുന്ന വിഭജന രാഷ്ട്രീയവും വര്‍ഗീയ വിഷ പ്രചരണവും കേരളത്തിന്റെ മണ്ണില്‍ വിലപ്പോകില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.
കോണ്‍ഗ്രസിന്റേയും ലീഗിന്റെയും യുഡിഎഫിന്റെയും മുന്‍ഗണനാ പട്ടികയില്‍ ആദ്യത്തേത് മതേതരത്വം സംരക്ഷിക്കുക എന്നതാണ്. വര്‍ഗീയ ശക്തികളെ ഈ മണ്ണില്‍ കുഴിച്ചു മൂടാനും മതേതരത്വം സംരക്ഷിക്കാനും ഏതറ്റം വരെയും പോകും. കോണ്‍ഗ്രസിനോ യുഡിഎഫിനോ നാല് വോട്ടിന് വേണ്ടിയോ ഒരു തിരഞ്ഞെടുപ്പ് ജയിക്കാനോ വര്‍ഗീയതയെ താലോലിക്കുന്ന നെറികെട്ട നയമില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
V.D. Satheesan lashes out at the Prime Minister; BJP’s election agenda is only communal, Congress does not want Modi’s certificate













