
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നാമനിർദ്ദേശ പത്രികയ്ക്കെതിരെ ഉയർന്ന പരാതികൾ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ പത്രിക സ്വീകരിച്ചു. ഔദ്യോഗിക വാഹനത്തിന് പിഴ കുടിശ്ശികയുണ്ടെന്ന ആരോപണത്തിന് കൃത്യമായ രേഖകൾ സഹിതമാണ് സതീശൻ മറുപടി നൽകിയത്. ടൂറിസം വകുപ്പ് നൽകിയ കത്തും അദ്ദേഹം ഹാജരാക്കി. നിലവിൽ താൻ ഉപയോഗിക്കുന്ന വാഹനത്തിന് (KL 01 9839) പിഴ കുടിശ്ശികയില്ലെന്നും ആരോപണത്തിൽ പറയുന്ന വാഹനം (KL 01 CB 7358) താൻ നേരത്തെ ഉപയോഗിച്ചിരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോപണവിധേയമായ വാഹനത്തിന് പിഴ ചുമത്തിയ സമയത്ത് അത് താൻ ഉപയോഗിച്ചിരുന്നില്ലെന്ന് സതീശൻ ചൂണ്ടിക്കാട്ടി. ആ വാഹനത്തിന് 2023 ജൂണിലും 2025 ഓഗസ്റ്റിലുമാണ് പിഴ ലഭിച്ചിട്ടുള്ളത്. എന്നാൽ 2023 ജനുവരിയിൽ തന്നെ ആ വാഹനം തിരികെ നൽകി പുതിയ വാഹനം അനുവദിച്ചിരുന്നു. ചെലാനിൽ കാണിച്ചിരിക്കുന്ന ഫോട്ടോയിൽ വാഹനത്തിൽ മന്ത്രിമാർ ഉപയോഗിക്കുന്ന കൊടിയുണ്ടെന്നും, പ്രതിപക്ഷ നേതാവ് എന്ന നിലയിൽ തന്റെ വാഹനത്തിൽ കൊടി ഉപയോഗിക്കാറില്ലെന്നും അദ്ദേഹം മറുപടിയിൽ പറഞ്ഞു. ആ വാഹനം മറ്റ് മന്ത്രിമാരാവാം ആ സമയത്ത് ഉപയോഗിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരുമാനം സംബന്ധിച്ച പരാതിക്കും അദ്ദേഹം വിശദീകരണം നൽകി. നിലവിൽ അഭിഭാഷക ജോലി ചെയ്യാത്തതിനാലാണ് ആ മേഖലയിൽ നിന്ന് വരുമാനമില്ലെന്ന് രേഖപ്പെടുത്തിയത്. വരണാധികാരി ഈ വിശദീകരണങ്ങൾ അംഗീകരിച്ചതോടെയാണ് പത്രിക സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുന്ന ഘട്ടത്തിൽ തന്നെ ഉയർന്ന ഈ സാങ്കേതിക തടസ്സം നീങ്ങിയത് യുഡിഎഫ് ക്യാമ്പിന് ആശ്വാസമായിട്ടുണ്ട്. പത്രിക സ്വീകരിച്ചതോടെ വി.ഡി. സതീശൻ പറവൂർ മണ്ഡലത്തിൽ സജീവ പ്രചാരണത്തിലേക്ക് കടന്നു.
V.D. Satheesan’s nomination accepted after clarification on vehicle fine row













