സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത ആരോപണം, കെകെ രാഗേഷിന് മറുപടിയുമായി വി. കുഞ്ഞികൃഷ്ണൻ; അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം

ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന് മറുപടിയുമായി മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ രംഗത്തെത്തി. രാഗേഷിന്റെ ആരോപണങ്ങൾ സത്യവുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്ന് അദ്ദേഹം പയ്യന്നൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. പുസ്തക പ്രകാശനം സി.പി.എം വിരുദ്ധരുടെ ഒത്തുചേരലാണെന്ന വിമർശനത്തിന്, പയ്യന്നൂരിലെ പാർട്ടി പ്രവർത്തകരും അനുഭാവികളും പങ്കെടുത്ത ഒരു പൊതുപരിപാടിയായിരുന്നു അതെന്നും അതിൽ ആർക്കും പങ്കെടുക്കാമെന്നും അദ്ദേഹം മറുപടി നൽകി.

താൻ എന്ന് മുതലാണ് സി.പി.എം വിരുദ്ധനായതെന്ന് രാഗേഷ് വ്യക്തമാക്കണമെന്ന് കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു. കഴിഞ്ഞ നാല് വർഷമായി പാർട്ടിക്കുള്ളിൽ ഈ അഴിമതിക്കെതിരെ താൻ പോരാടുകയായിരുന്നു. പാർട്ടിയിൽ നിന്ന് നീതി ലഭിക്കില്ലെന്ന് കണ്ടപ്പോഴാണ് ജനങ്ങളോട് കാര്യങ്ങൾ തുറന്നു പറയാൻ തീരുമാനിച്ചത്. വ്യക്തിപരമായ വിരോധമാണ് ആരോപണങ്ങൾക്ക് പിന്നിലെന്ന് വരുത്തിത്തീർത്ത് അഴിമതിയെ മറച്ചുവെക്കാനാണ് പാർട്ടി നേതൃത്വം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തെ, ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഭാവനാസൃഷ്ടിയാണെന്നും പുസ്തകത്തിലുള്ളത് ടി.ഐ. മധുസൂദനനോടുള്ള പകയാണെന്നും കെ.കെ. രാഗേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ചാനലുകൾക്ക് മുന്നിലല്ല, മറിച്ച് കുടുംബയോഗങ്ങളിലൂടെ ജനങ്ങൾക്ക് മുന്നിൽ കണക്കുകൾ വിശദീകരിക്കുമെന്നും രാഗേഷ് വ്യക്തമാക്കി. ഇതിനെതിരെയാണ് ശക്തമായ പ്രതികരണവുമായി വി. കുഞ്ഞികൃഷ്ണൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

More Stories from this section

family-dental
witywide