
സത്യം പറഞ്ഞതിന് തന്നെ ശിക്ഷിച്ചാലും കുഴപ്പമില്ലെന്ന് പയ്യന്നൂർ ഫണ്ട് വിവാദത്തിൽ സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട വി. കുഞ്ഞിക്കൃഷ്ണൻ. പുറത്താക്കൽ തീരുമാനം താൻ നേരത്തെ പ്രതീക്ഷിച്ചിരുന്നതാണെന്നും പറയേണ്ട കാര്യങ്ങൾ ഇനിയും തുറന്നു പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ പുറത്താക്കിയതുകൊണ്ട് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് താൻ ഉയർത്തിയ ചോദ്യങ്ങൾ ഇല്ലാതാകില്ലെന്നും സത്യം തുറന്നു പറഞ്ഞതിനാണ് ശിക്ഷിക്കപ്പെട്ടതെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. രക്തസാക്ഷി ഫണ്ട് പിരിവിലടക്കം പാർട്ടിക്ക് പണം നഷ്ടമായിട്ടുണ്ടെന്നും മൂന്ന് വർഷത്തെ കാലതാമസത്തിന് ശേഷം ഏരിയ കമ്മിറ്റിയിൽ അവതരിപ്പിച്ച കണക്കുകളിൽ പുതിയ ചെലവുകൾ കൂട്ടിച്ചേർത്ത് നേതാക്കൾ കൃത്രിമം കാട്ടിയെന്നും അദ്ദേഹം ആരോപിച്ചു. 70 ലക്ഷം രൂപ നേതാക്കളുടെ കയ്യിലില്ലാത്തതിനാലാണ് കണക്ക് അവതരിപ്പിക്കാൻ കഴിയാതിരുന്നതെന്നും, സഹകരണ ബാങ്കുകളിൽ നിന്ന് ലഭിച്ച പണം പാർട്ടി അക്കൗണ്ടിൽ അടയ്ക്കാത്തതിന് അന്നത്തെ ഏരിയ സെക്രട്ടറി ടി.ഐ. മധുസൂദനനാണ് മറുപടി പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂരിലെ പാർട്ടിയെ യോജിപ്പിച്ച് കൊണ്ടുപോകാൻ തനിക്ക് കഴിഞ്ഞില്ലെന്ന ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ ആരോപണം തള്ളിയ അദ്ദേഹം, ഏരിയ കമ്മിറ്റിയിലെ ഭൂരിഭാഗം പേരും താൻ സ്ഥാനമൊഴിയുന്നതിനെ എതിർത്തവരാണെന്നും കൂട്ടിച്ചേർത്തു. ഉച്ചയ്ക്ക് അർധരാത്രിയെന്ന് എം വി ജയരാജൻ പറഞ്ഞാൽ അത് അംഗീകരിച്ച് കേട്ടിരിക്കാൻ എല്ലാവരേയും കിട്ടില്ലെന്നും കുഞ്ഞികൃഷ്ണൻ പരിഹസിച്ചു.
കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ബംഗാളിലെ അവസ്ഥ വരാൻ അധിക സമയം വേണ്ടി വരില്ലെന്നും പാർട്ടിക്കുള്ളിലെ തെറ്റായ പ്രവണതകളെക്കുറിച്ച് അഞ്ചു വർഷമായി പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് ജനങ്ങളോട് പറയേണ്ടി വന്നതെന്നും കുഞ്ഞിക്കൃഷ്ണൻ കൂട്ടിച്ചേർത്തു. ഫണ്ട് വെട്ടിച്ചവരാണ് പാർട്ടിയെ വഞ്ചിച്ചത്, താനല്ല. ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ പുറത്തുനിന്നും ഇത്തരം അപചയങ്ങൾക്കെതിരെ പോരാടുമെന്നും സി.പി.എം വിട്ടാലും മറ്റ് രാഷ്ട്രീയ പാർട്ടികളിലേക്ക് പോകില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
ഫണ്ട് തട്ടിപ്പിന്റെ കണക്കുകൾ നിരത്തി ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പേരിൽ താൻ എഴുതിയ പുസ്തകം ഉടൻ പുറത്തിറക്കുമെന്നും കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു. തട്ടിപ്പിന്റെ വിവരങ്ങൾ പുറംലോകമറിയാതിരിക്കാൻ നേതൃത്വം ഭീഷണിപ്പെടുത്തിയെങ്കിലും സത്യത്തിനൊപ്പം നിൽക്കാനാണ് തീരുമാനിച്ചത്. തന്റെ പുറത്താക്കൽ നടപടിയിലൂടെ അണികളുടെ വായടപ്പിക്കാമെന്ന് നേതൃത്വം കരുതേണ്ടെന്നും പയ്യന്നൂരിലെ സാധാരണ പ്രവർത്തകർക്ക് കാര്യങ്ങൾ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.













