
പയ്യന്നൂരിലെ ഫണ്ട് വെട്ടിപ്പ് വിവാദത്തിൽ സിപിഎം നേതാവ് എം. സ്വരാജിന് രൂക്ഷമായ മറുപടിയുമായി പാർട്ടി വിട്ട് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വി. കുഞ്ഞിക്കൃഷ്ണൻ രംഗത്ത്. തർക്കബുദ്ധിയിൽ ആത്മരതി അനുഭവിക്കുന്നയാളാണ് സ്വരാജെന്നും പയ്യന്നൂരിലെ ശവംതൂക്കികളെ വെളുപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും കുഞ്ഞിക്കൃഷ്ണൻ കുറ്റപ്പെടുത്തി. വലിയ സാമ്പത്തിക വെട്ടിപ്പ് വെളിച്ചത്തുകൊണ്ടുവന്ന വ്യക്തിയെ അപഹസിക്കാനാണ് സ്വരാജ് മുതിരുന്നത്. വാക്കുകളാൽ തീർക്കുന്ന മായാവലയത്തിൽ എല്ലാവരും വീണുപോകില്ലെന്നും തെളിവുകൾ ബോധപൂർവ്വം ഒളിപ്പിച്ചുവെച്ചാണ് സ്വരാജിന്റെ വാക്പ്രയോഗങ്ങളെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.
രക്തസാക്ഷി ധനരാജിന്റെ കുടുംബത്തിനോട് ഫണ്ടിനെക്കുറിച്ച് ചോദിക്കാൻ പറഞ്ഞത് കുറുക്കന്റെ ബുദ്ധിയാണെന്ന് കുഞ്ഞിക്കൃഷ്ണൻ പരിഹസിച്ചു. പാർട്ടിക്ക് വേണ്ടി പോരാടി വീണുപോയവരുടെ ആശ്രിതരുടെ നിസ്സഹായതയെയും നിലനിൽപ്പിനെയും ബുദ്ധിപരമായി ചൂഷണം ചെയ്യാനാണ് ഇത്തരം പ്രസ്താവനകളിലൂടെ ശ്രമിക്കുന്നത്. ധനരാജിന്റെ കുടുംബത്തിനായി സമാഹരിച്ച ഫണ്ടിൽ സിംഹഭാഗവും തിരിമറി നടത്തിയെന്ന ബോധ്യത്തിൽ നിന്നാണ് താൻ പോരാട്ടം ആരംഭിച്ചത്. ആ കുടുംബത്തിന് നീതി ഉറപ്പാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അധികാരത്തിന്റെ ഉശിരിൽ ഇതിനെ ഇല്ലാതാക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകൾ നിരത്തിയായിരുന്നു കുഞ്ഞിക്കൃഷ്ണന്റെ കടന്നാക്രമണം. ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് സ്ഥിരനിക്ഷേപമാക്കിയ 40 ലക്ഷം രൂപയിൽ 20 ലക്ഷം എങ്ങോട്ട് പോയെന്ന ചോദ്യത്തിന് സ്വരാജിന് മറുപടിയില്ല. പലിശയും ചെക്ക് വഴി മാറ്റിയ രണ്ട് ലക്ഷം രൂപയും വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ തെളിവുകൾ തന്റെ പക്കലുണ്ട്. ഓഡിറ്റ് ചെയ്ത താൻ കാണാത്ത കണക്കുകൾ എങ്ങനെയാണ് നയാപൈസ നഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞ് സ്വരാജ് ന്യായീകരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കാനാണ് പാർട്ടി നേതാവ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിലെ മാധ്യമങ്ങൾക്ക് മുൻപിൽ ധാർമ്മികത പ്രസംഗിക്കുന്ന സ്വരാജ് പാർട്ടിയുടെ ദാർശനിക തലത്തിൽ വാചാടോപം നടത്തുന്ന വ്യക്തി മാത്രമാണെന്ന് കുഞ്ഞിക്കൃഷ്ണൻ വിമർശിച്ചു. പാർട്ടിക്കുള്ളിൽ നിരന്തരമായി നടത്തിയ പോരാട്ടത്തിനൊടുവിലാണ് ഈ വിഷയങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ ഉന്നയിക്കേണ്ടി വന്നത്. ഉൾപ്പാർട്ടി പോരാട്ടത്തിന്റെ ചരിത്രം സ്വരാജ് ബോധപൂർവ്വം തമസ്കരിക്കുകയാണ്. തർക്കബുദ്ധി ആവലാതികൾ ഉന്നയിക്കുന്നവനെ നിശബ്ദനാക്കാൻ ഉപയോഗിക്കുമ്പോൾ വസ്തുതകളുടെ വെളിച്ചത്തിൽ ആ കല്പനകൾ തച്ചുടയ്ക്കപ്പെടുമെന്നും കുഞ്ഞിക്കൃഷ്ണൻ കൂട്ടിച്ചേർത്തു.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടായ മൂല്യശോഷണത്തിനെതിരായ ഈ പോരാട്ടം സത്യത്തെ ആയുധമാക്കി മുന്നോട്ട് കൊണ്ടുപോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. അഴിമതിക്കെതിരെയും നീതിക്കും വേണ്ടിയുള്ള ഈ പോരാട്ടത്തിൽ സത്യം ജയിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പയ്യന്നൂരിലെ പാർട്ടി ഫണ്ട് തിരിമറി വിഷയത്തിൽ പാർട്ടി നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ കുഞ്ഞിക്കൃഷ്ണൻ, തെരഞ്ഞെടുപ്പിൽ പയ്യന്നൂർ മണ്ഡലത്തിൽ അഴിമതിവിരുദ്ധ പോരാട്ടം പ്രധാന ആയുധമാക്കിയാണ് വോട്ട് തേടുന്നത്.
V Kunjikrishnan slams M Swaraj over Payyanur fund row; accuses him of shielding corrupt leaders













