
തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ‘പോ മോനെ വിജയാ’ എന്ന പരാമർശം പിൻവലിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. തെലങ്കാന മുഖ്യമന്ത്രി നടത്തിയത് രാഷ്ട്രീയ മര്യാദയില്ലാത്ത പരാമർശമാണെന്ന് അദ്ദേഹം വിമർശിച്ചു. പിണറായി ആരാണെന്ന് റെഡ്ഡിക്ക് അറിയില്ലായിരിക്കുമെന്നും ഈ പരാമർശം എൽഡിഎഫിന്റെ അന്തസ്സ് വർധിപ്പിച്ചുവെന്നും കോൺഗ്രസിന്റെ നിലവാരം ബോധ്യപ്പെട്ടുവെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയെ അപമാനിക്കാൻ ശ്രമിക്കുന്നത് സൂര്യനു നേരെ തുപ്പുന്നതു പോലെയാണ്. യുപി മുഖ്യമന്ത്രിക്ക് നേരെയോ ഗുജറാത്ത് മുഖ്യമന്ത്രിക്ക് നേരെയോ ഇതുപോലുള്ള പരാമർശം നടത്താൻ കഴിയുമോ? ധൈര്യമായി ഇത്തരം പരാമർശങ്ങൾ നടത്താൻ കഴിയുന്ന ഏക സംസ്ഥാനം കേരളമാണ്. മലയാളികൾക്ക് ഈ പരാമർശത്തോട് പറയാനുള്ളത് ‘തരത്തിൽ പോയി കളിക്കണം’ എന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരസ്യ സംവാദത്തിനുള്ള വെല്ലുവിളി താൻ സ്വീകരിച്ചപ്പോൾ രാജീവ് ചന്ദ്രശേഖർ പിന്നീട് ആ വഴി വന്നില്ല.
സംവാദത്തിന് ഇപ്പോഴും തയ്യാറാണെന്ന് ശിവൻകുട്ടി വ്യക്തമാക്കി. നുണപ്രചാരണത്തിലൂടെ വിജയിക്കാമെന്നത് വെറും വ്യാമോഹമാണ്. നേമത്തെ വികസനപ്രവർത്തനങ്ങൾ രാജീവ് ചന്ദ്രശേഖർ കണ്ണുതുറന്ന് ഒന്ന് നോക്കണം. ഉദ്ഘാടനം നടന്നവയൊക്കെ വേണമെങ്കിൽ അദ്ദേഹത്തെക്കൊണ്ട് ഒന്നുകൂടി ഉദ്ഘാടനം ചെയ്യിക്കാമെന്നും അദ്ദേഹം പറഞ്ഞു. ‘വികസനം ഒന്നും നടക്കുന്നില്ല’ എന്ന് ആരോപിച്ച് ബിജെപി പുറത്തിറക്കിയ നോട്ടീസ് പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അല്ലെങ്കിൽ പരസ്യ സംവാദത്തിന് തയ്യാറാകണം. ബിജെപിയുടെ നോട്ടീസും നേമത്തെ വികസനവും ഒ. രാജഗോപാലിന്റെ കാലത്തെ വികസനവും ചർച്ച ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് വന്ന ബോക്സുകൾ പരിശോധിക്കണമെന്ന് ശിവൻകുട്ടി ആവശ്യപ്പെട്ടു. നാല് ബോക്സുകൾ കാർഗോ വഴിയാണ് വന്നത്. കൊണ്ടുവന്ന വാഹനത്തിന്റെ നമ്പർ തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും കൈമാറിയിട്ടുണ്ട്. ബോക്സുകൾ വന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.













