നേമത്ത് ബിജെപി – കോൺഗ്രസ് ‘ഡീൽ’; വിഡി സതീശനെതിരെ ആരോപണവുമായി വി ശിവൻകുട്ടി

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ബി.ജെ.പിയും തമ്മിൽ രാഷ്ട്രീയ ധാരണയുണ്ടെന്ന ഗുരുതര ആരോപണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന സതീശന്റെ നിലപാട് ബി.ജെ.പിയുമായുള്ള രഹസ്യക്കച്ചവടത്തിന്റെ ഭാഗമാണെന്ന് ശിവൻകുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു. നേമത്ത് ബി.ജെ.പിയെ സഹായിക്കുന്നതിന് പകരമായി പറവൂരിൽ കോൺഗ്രസിന് ബി.ജെ.പി വോട്ടുകൾ ഉറപ്പാക്കുകയാണ് ഈ ‘ഡീലിന്റെ’ ലക്ഷ്യമെന്നും മന്ത്രി ആരോപിച്ചു.

വർഗീയ ശക്തികളുമായി ചങ്ങാത്തം കൂടി വോട്ട് ബാങ്ക് ഉറപ്പിക്കാനാണ് സതീശൻ ശ്രമിക്കുന്നതെന്നും കേരളത്തിലെ ജനങ്ങൾ ഈ നീക്കം തിരിച്ചറിയുമെന്നും ശിവൻകുട്ടി പറഞ്ഞു. സംഘപരിവാറിനെതിരെ വലിയ പോരാളിയായി ചമയുന്ന സതീശന്റെ നിലപാടില്ലായ്മ പൊതുസമൂഹത്തിന് ബോധ്യമുള്ളതാണ്. വെറും പ്രസംഗങ്ങൾ കൊണ്ട് വർഗീയ വിരുദ്ധത തെളിയിക്കാനാവില്ലെന്നും ആർജ്ജവമുണ്ടെങ്കിൽ നേമത്ത് വന്ന് ബി.ജെ.പിക്കെതിരെ മത്സരിക്കാനാണ് താൻ വെല്ലുവിളിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ സതീശൻ തന്നെ ‘സംഘിക്കുട്ടി’ എന്ന് വിളിച്ചതിനും മന്ത്രി കടുത്ത ഭാഷയിൽ മറുപടി നൽകി. ചരിത്രം പരിശോധിച്ചാൽ ആരാണ് യഥാർത്ഥ സംഘിയെന്ന് മനസ്സിലാകുമെന്നും ആർ.എസ്.എസ് നേതാക്കളുടെ അനുഗ്രഹം തേടിപ്പോയത് ആരെന്ന് കേരളത്തിന് അറിയാമെന്നും അദ്ദേഹം പരിഹസിച്ചു. വ്യക്തിപരമായ ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് സതീശന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. തർക്കത്തിനില്ലെന്നും സതീശൻ വലിയ നിലവാരമുള്ള ആളാണെന്നുമുള്ള പരിഹാസരൂപേണയുള്ള മറുപടിയാണ് പ്രതിപക്ഷ നേതാവ് ഈ ആരോപണങ്ങൾക്ക് നൽകിയത്.

ശിവൻകുട്ടിയുടെ കുറിപ്പ്

നേമം മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവന കേവലമൊരു വ്യക്തിഗത തീരുമാനമല്ല. അത് ബിജെപിയുമായി ഉണ്ടാക്കിയ കൃത്യമായ രാഷ്ട്രീയ കച്ചവടത്തിന്റെ ഭാഗമാണ്. നേമത്ത് ബിജെപിയെ സഹായിക്കുക, പകരം പറവൂരിൽ ബിജെപി വോട്ടുകൾ കോൺഗ്രസിന് ഉറപ്പാക്കുക—ഇതാണ് ഈ ‘ഡീലിന്റെ’ അന്തസത്ത. ഈ ഒത്തുകളി പുറത്തുവരുമ്പോൾ ഉണ്ടായ പരിഭ്രമമാണ് ചർച്ച വഴിതിരിച്ചുവിടുന്നു എന്നാരോപിച്ച് സതീശൻ നടത്തുന്ന വിലാപങ്ങൾക്ക് പിന്നിൽ.

തിരഞ്ഞെടുപ്പിലെ യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത് എന്ന് സതീശൻ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്? സംഘപരിവാർ അജണ്ടകൾ കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ, അത് സതീശന് ഒരു ‘യഥാർത്ഥ വിഷയമായി’ തോന്നാത്തത് എന്തുകൊണ്ടാണ്? ഈ മണ്ണിൽ വർഗീയത വിതയ്ക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയമായി നേരിടേണ്ട വിഷയം തന്നെയല്ലേ?
ഒരേ സമയം ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും താലോലിക്കുന്ന അപകടകരമായ രാഷ്ട്രീയമാണ് വി.ഡി. സതീശൻ കൈക്കൊള്ളുന്നത്. വർഗീയ ശക്തികളുമായി ചങ്ങാത്തം കൂടി വോട്ട് ബാങ്ക് ഉറപ്പിക്കാനുള്ള ഈ നീക്കം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യും.

മന്ത്രിയുടെ ഓഫീസ് സ്റ്റാഫുകളെയും എകെജി സെന്ററിനെയും പഴിചാരി രക്ഷപെടാനുള്ള ശ്രമം സതീശന്റെ രാഷ്ട്രീയ പാപ്പരത്തമാണ് വ്യക്തമാക്കുന്നത്. ഉന്നയിച്ച രാഷ്ട്രീയ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നതിന് പകരം, വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് ചർച്ചയെ താഴ്ത്തിക്കൊണ്ടുപോകാനാണ് പ്രതിപക്ഷ നേതാവ് എപ്പോഴും ശ്രമിക്കുന്നത്. യഥാർത്ഥത്തിൽ വി ഡി സതീശനെ നിയന്ത്രിക്കുന്നത് പി ആർ ഏജൻസികളാണ്. ഞങ്ങളെ സംബന്ധിച്ച് ഞങ്ങളുടെ കനഗോലു ഈ നാടിന്റെ നന്മ ആഗ്രഹിക്കുന്ന ജനങ്ങൾ തന്നെയാണ്.

“പബ്ലിസിറ്റി തരല്ലേ” എന്ന് കേഴുന്ന സതീശൻ യഥാർത്ഥത്തിൽ ഭയപ്പെടുന്നത് ജനങ്ങൾക്ക് മുന്നിൽ തന്റെ രാഷ്ട്രീയ ഇരട്ടത്താപ്പ് തുറന്നു കാട്ടപ്പെടുമെന്നതാണ്. തോട്ടിയിട്ട് പിടിക്കാൻ നോക്കുന്നു എന്നൊക്കെയുള്ള പ്രയോഗങ്ങൾ പരിഹാസ്യമാണ്. രാഷ്ട്രീയ നിലപാടുകളെ രാഷ്ട്രീയമായി നേരിടാൻ കെൽപ്പില്ലാത്തവരാണ് ഇത്തരം വിലകുറഞ്ഞ പ്രയോഗങ്ങളുമായി വരുന്നത്.

ബിജെപിയുമായുള്ള വഴിവിട്ട ബന്ധം മറച്ചുവെക്കാൻ നടത്തുന്ന ഈ നാടകങ്ങൾ കേരളത്തിന്റെ മണ്ണിൽ വിലപ്പോകില്ല. വികസനവും മതേതരത്വവും ചർച്ചയാകുമ്പോൾ കോൺഗ്രസിന്റെ ബിജെപി പ്രീണനം ജനമധ്യത്തിൽ വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യും.

V. Sivankutty Alleges BJP-Congress Deal in Nemom; Challenges V.D. Satheesan

More Stories from this section

family-dental
witywide