നേമത്ത് എസ്ഡിപിഐ പിന്തുണ സ്വാഗതം ചെയ്ത് വി. ശിവൻകുട്ടി; ആര് വോട്ട് നൽകിയാലും സന്തോഷമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി

നേമം മണ്ഡലത്തിൽ എസ്ഡിപിഐ പ്രഖ്യാപിച്ച പിന്തുണയെ സ്വാഗതം ചെയ്ത് എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി രംഗത്തെത്തി. തിരഞ്ഞെടുപ്പിൽ ആര് വോട്ട് നൽകിയാലും അത് സന്തോഷത്തോടെ സ്വീകരിക്കുമെന്നും ഒരു വിഭാഗത്തിന്റെ വോട്ട് വേണ്ടെന്ന് വെക്കില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. മതേതര ജനാധിപത്യ പ്രസ്ഥാനത്തിന്റെ സ്ഥാനാർത്ഥിയായാണ് താൻ മത്സരിക്കുന്നത്. വോട്ട് അഭ്യർത്ഥിക്കുമ്പോൾ ഇന്ന ആളുകളുടെ വോട്ട് വേണ്ടെന്ന് പറയുന്നത് ശരിയല്ലെന്നും സ്ഥാനാർത്ഥിയുടെ പ്രധാന കടമ എല്ലാവരോടും വോട്ട് ചോദിക്കുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയത്തിൽ സാഹചര്യങ്ങൾക്കനുസരിച്ച് നിലപാടുകളിൽ മാറ്റം വരുമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു. എസ്ഡിപിഐ യുഡിഎഫിനെയാണ് പിന്തുണയ്ക്കുന്നതെന്ന് എൽഡിഎഫ് നേരത്തെ പറഞ്ഞിട്ടുണ്ടാകാം, എന്നാൽ കാലഘട്ടത്തിനനുസരിച്ച് പ്രശ്നങ്ങളിൽ മാറ്റം വരും. ഒരു തീരുമാനം എടുത്താൽ അത് അവസാനം വരെ അങ്ങനെ തന്നെ ആയിരിക്കണമെന്ന് നിർബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ആര് സഹായിക്കാൻ വന്നാലും അവരുടെ വോട്ട് വാങ്ങുമെന്നും അത് വേണ്ടെന്ന് പറയില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

നേമത്ത് ശിവൻകുട്ടിയെ പിന്തുണയ്ക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ് വ്യക്തമാക്കിയതിന് പിന്നാലെയാണ് സ്ഥാനാർത്ഥിയുടെ ഈ പ്രതികരണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും നേമത്ത് ശിവൻകുട്ടിയെയാണ് പിന്തുണച്ചതെന്ന് എസ്ഡിപിഐ അറിയിച്ചിരുന്നു. സിപിഎം – എസ്ഡിപിഐ ധാരണയുണ്ടെന്ന യുഡിഎഫ് ആരോപണം ശക്തമായിരിക്കെ, പിന്തുണയെ തള്ളിപ്പറയാത്ത ശിവൻകുട്ടിയുടെ നിലപാട് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

V. Sivankutty welcomes SDPI support in Nemom, says will accept votes from everyone

More Stories from this section

family-dental
witywide