‘മരിക്കുംവരെ പാർട്ടിക്കൊപ്പം’, അവസാനം നിമിഷം ബിജെപിയിലേക്ക് ചാടി സ്ഥാനാർഥിയായ മകൾക്ക് വേണ്ടി പ്രചാരണത്തിനില്ല, സിപിഎം നേതാവായ അച്ഛന്റെ ‘ശപഥം’

വർക്കല: സി.പി.എം. ഏരിയാ കമ്മിറ്റി അംഗത്തെ സ്ഥാനാർഥിയാക്കി ബി.ജെ.പി. നടത്തിയ സർപ്രൈസ് നീക്കം വർക്കലയിലെ മത്സരം കൊഴുപ്പിക്കുന്നു. മറ്റ് പാർട്ടികളിലെ അസംതൃപ്തരെ സ്വന്തം പാർട്ടിയിലെത്തിച്ച് സ്ഥാനാർഥിയാക്കുന്ന ബി.ജെ.പി.യുടെ തന്ത്രമാണ് വർക്കലയിലും വിജയിച്ചത്. ഘടകകക്ഷിയായ ബി.ഡി.ജെ.എസിന് നൽകിയ സീറ്റ് ഏറ്റെടുത്തുകൊണ്ട് മറ്റു മുന്നണികളെ ഞെട്ടിച്ച് ബി.ജെ.പി. അപ്രതീക്ഷിത നീക്കം നടത്തിയിരിക്കുകയാണ്. ബി.ജെ.പി. സ്ഥാനാർഥിയായി സി.പി.എം. ഏരിയാ കമ്മിറ്റി അംഗമായിരുന്ന സ്മിതാ സുന്ദരേശൻ തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചതോടെ ബി.ജെ.പി. ക്യാമ്പ് ആവേശത്തിലായി.

കേന്ദ്രമന്ത്രി ശോഭാ കരന്ദലജെയുടെയും മഹാരാഷ്ട്ര എം.പി. മനോജ് കോട്ടക് അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് സ്മിത പത്രിക നൽകിയത്. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നിഷേധിക്കപ്പെട്ടതും പാർട്ടിയുടെ അവഗണനയും സ്മിതയെ മാറിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു. പാർട്ടിയിലെ മറ്റൊരു വനിതാ നേതാവിന് കൂടുതൽ പരിഗണന ലഭിച്ചതും തിരഞ്ഞെടുപ്പു വിജയത്തിനു ശേഷം പ്രധാന സ്ഥാനങ്ങൾ ലഭിച്ചതും ഇതിന് കാരണമായി. ഇതോടെയാണ് ബി.ജെ.പി.യുടെ മുതിർന്ന നേതാക്കൾ വരെ ഇടപെട്ട് സ്മിതയെ പാർട്ടിയിലെത്തിച്ചത്. 2006-ൽ പിതാവ് എസ്. സുന്ദരേശൻ എൽ.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിച്ച അതേ വർക്കലയിലാണ് 20 വർഷങ്ങൾക്കു ശേഷം മകൾ ബി.ജെ.പി. സ്ഥാനാർഥിയായി എത്തുന്നത്.

10 വർഷത്തിനു ശേഷം വർക്കല നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പി. സ്ഥാനാർഥി മത്സരിക്കുന്നത് മറ്റു മുന്നണികൾക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. വർക്കലയിൽ നല്ല വോട്ടുബാങ്കുള്ള ബി.ജെ.പി. പിടിക്കുന്ന വോട്ടുകൾ തങ്ങളെ എങ്ങനെ ബാധിക്കുമെന്ന ചിന്തയാണ് ആശങ്കയ്ക്ക് അടിസ്ഥാനം. ബി.ഡി.ജെ.എസ്. മത്സരിച്ചപ്പോൾ ബി.ജെ.പി. വോട്ടുകൾ ചോർന്നിരുന്നു. 2016-ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2021-ലെ തിരഞ്ഞെടുപ്പിൽ 8000 വോട്ടുകളുടെ കുറവുണ്ടായി. എന്നാൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുമ്പോൾ വോട്ട് ചോരില്ലെന്നാണ് ബി.ജെ.പി. നേതാക്കളുടെ വാദം. അതിനാൽ വർക്കലയിൽ ഇത്തവണ ശക്തമായ മത്സരം ഉറപ്പാണെന്ന് വ്യക്തമാണ്. വരും ദിവസങ്ങളിൽ മുന്നണികൾ ശക്തമായ പ്രചാരണം ആസൂത്രണം ചെയ്തിട്ടുണ്ട്.

അതേസമയം, സി.പി.എം. നേതൃത്വം പക്വമായ തീരുമാനമെടുക്കാത്തത് മകൾ സ്മിത പാർട്ടി വിടുന്നതിന് കാരണമായതായി സി.പി.എം. നേതാവ് എസ്. സുന്ദരേശൻ പ്രതികരിച്ചു. താൻ പാർട്ടിക്കൊപ്പമാണെന്നും എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകാൻ സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.എ. സ്ഥാനാർഥിയായ മകൾക്കു വേണ്ടിയും വോട്ടുപിടിക്കാനില്ല. പാർട്ടിക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങിയാൽ പലതിനും മറുപടി പറയേണ്ടിവരും. മകൾ പാർട്ടിവിട്ട് ബി.ജെ.പി.യിൽ ചേരുന്നതിനെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. തന്നോട് ആലോചിച്ചിരുന്നെങ്കിൽ അംഗീകരിക്കില്ലായിരുന്നു. അഭിഭാഷകയും രാഷ്ട്രീയ പരിചയവുമുള്ള മകൾക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള കഴിവുണ്ട്. മകൾ പാർട്ടിക്കെതിരായി നിൽക്കുന്നതിൽ വിഷമമുണ്ട്. സ്‌കൂൾ തലം മുതൽ താൻ പാർട്ടി പ്രവർത്തകനാണ്. 17 വർഷം വർക്കല ഏരിയാ സെക്രട്ടറിയുമായിരുന്നു. ഇപ്പോഴും പാർട്ടിയംഗമാണ്. മരിക്കുംവരെ പാർട്ടിയിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേ‌ത്തുയ .

More Stories from this section

family-dental
witywide