‘മാർപ്പാപ്പയുടേത് ഒരു ‘ധാർമ്മിക ശബ്ദം, അത് നിയന്ത്രിക്കാൻ ട്രംപിന് കഴിയില്ല’, അമേരിക്കൻ പ്രസിഡൻ്റിന് വത്തിക്കാൻ്റെ ചുട്ട മറുപടി

വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ ആഫ്രിക്കൻ പര്യടനത്തിന് മുന്നോടിയായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി വത്തിക്കാൻ. മാർപ്പാപ്പയുടേത് ഒരു ‘ധാർമ്മിക ശബ്ദ’മാണെന്നും അത് നിയന്ത്രിക്കാൻ കഴിയാത്തതുകൊണ്ടാണ് ട്രംപ് അദ്ദേഹത്തെ ലക്ഷ്യം വയ്ക്കുന്നതെന്നും വത്തിക്കാൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

യുദ്ധത്തെയും സുരക്ഷയെയും കുറിച്ചുള്ള ട്രംപിൻ്റെ ഭാഷയിലേക്ക് ഒതുങ്ങാൻ മാർപ്പാപ്പ വിസമ്മതിക്കുന്നതാണ് ട്രംപിനെ ചൊടിപ്പിക്കുന്നതെന്ന് ഫാദർ അന്റോണിയോ സ്പദാരോ പറഞ്ഞു. അമേരിക്കയും ഇസ്രായേലും ഇറാനുമായി നടത്തുന്ന യുദ്ധത്തെക്കുറിച്ച് മാർപ്പാപ്പ കഴിഞ്ഞ ആഴ്ച നടത്തിയ പരാമർശങ്ങളാണ് തർക്കങ്ങൾക്ക് ആധാരം. ഇറാന് നേരെയുള്ള ട്രംപിൻ്റെ ഭീഷണികൾ ‘ഒരിക്കലും അംഗീകരിക്കാനാവില്ല’ എന്ന് മാർപ്പാപ്പ തുറന്നടിച്ചിരുന്നു.

ഇതേത്തുടർന്ന്, താൻ മാർപ്പാപ്പയുടെ ആരാധകനല്ലെന്നും ആണവായുധം കൈവശം വെക്കാൻ ആഗ്രഹിക്കുന്ന ഒരു രാജ്യത്തെ പിന്തുണയ്ക്കുന്നയാളെ ഇഷ്ടപ്പെടുന്നില്ലെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഒരു അമേരിക്കൻ പ്രസിഡൻ്റ് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനെ ഇത്തരത്തിൽ പരസ്യമായി വിമർശിക്കുന്നത് അസാധാരണമായ സംഭവമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

ആദ്യമായാണ് ഒരു അമേരിക്കൻ വംശജൻ മാർപ്പാപ്പയാകുന്നത് എന്ന പ്രത്യേകതയും ലിയോ പതിനാലാമനുണ്ട്. പത്ത് ദിവസത്തെ ആഫ്രിക്കൻ പര്യടനത്തിൻ്റെ ഭാഗമായി അദ്ദേഹം അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗ്വിനിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കും. മുസ്ലിം ഭൂരിപക്ഷ രാജ്യമായ അൾജീരിയ സന്ദർശിക്കുന്ന ആദ്യ മാർപ്പാപ്പ കൂടിയായിരിക്കും അദ്ദേഹം.

അമേരിക്ക ഇറാനിൽ സൈനിക നടപടികൾ തുടരുന്ന സാഹചര്യത്തിൽ, ഒരു അമേരിക്കക്കാരനായ മാർപ്പാപ്പ മുസ്ലിം രാജ്യങ്ങൾ സന്ദർശിക്കുന്നതും സമാധാനത്തിന് വേണ്ടി സംസാരിക്കുന്നതും അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടുന്നുണ്ട്.

Vatican responds to criticism from US President Donald Trump ahead of Pope’s Africa trip