മാർപ്പാപ്പയുടെ പ്രസംഗം ട്രംപ് ഭരണകൂടത്തിന് അത്ര രസിച്ചില്ല, വത്തിക്കാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി; യുഎസ് ഭീഷണിക്കെതിരെ വത്തിക്കാൻ; അമേരിക്കൻ സന്ദർശനം റദ്ദാക്കി ലിയോ പതിനാലാമൻ

അമേരിക്കയും വത്തിക്കാനും തമ്മിലുള്ള നയതന്ത്ര ബന്ധം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ട്രംപിന്‍റെ വിദേശ-കുടിയേറ്റ നയങ്ങളെ വിമർശിച്ച സമാധാനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ പ്രസംഗം അമേരിക്കൻ ഭരണകൂടത്തോടുള്ള വെല്ലുവിളിയാണെന്ന് പെന്റഗൺ വിലയിരുത്തിയതോടെയാണ് തർക്കം രൂക്ഷമായത്. വത്തിക്കാൻ സ്ഥാനപതി കർദ്ദിനാൾ ക്രിസ്റ്റോഫ് പിയറിനെ പെന്റഗണിലേക്ക് വിളിപ്പിച്ച യുഎസ് അണ്ടർ സെക്രട്ടറി ഓഫ് വാർ എൽബ്രിഡ്ജ് കോൾബി, കത്തോലിക്കാ സഭ അമേരിക്കയുടെ താൽപ്പര്യങ്ങൾക്കൊപ്പം നിൽക്കണമെന്ന് കർശന മുന്നറിയിപ്പ് നൽകി. ചർച്ചകളിലൂടെയുള്ള പരിഹാരമാണ് ആവശ്യമെന്ന മാർപ്പാപ്പയുടെ നിലപാട് ട്രംപ് ഭരണകൂടത്തെ ചൊടിപ്പിച്ചിരിക്കുകയാണ്.

അമേരിക്കയിൽ ജനിച്ച ആദ്യത്തെ മാർപ്പാപ്പയായ ലിയോ പതിനാലാമൻ, ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളെയും വിദേശ നയങ്ങളെയും നേരത്തെ തന്നെ വിമർശിച്ചിരുന്നു. ‘യുദ്ധം വീണ്ടും ഫാഷനായി മാറിയിരിക്കുന്നു’ എന്ന അദ്ദേഹത്തിന്റെ പ്രസംഗം അമേരിക്കയെ നേരിട്ട് ലക്ഷ്യം വെച്ചുള്ളതാണെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ കണ്ടെത്തൽ. ലോകത്ത് എന്ത് ചെയ്യാനും തങ്ങൾക്ക് സൈനിക കരുത്തുണ്ടെന്നും സഭ അമേരിക്കയുടെ പക്ഷം പിടിക്കുന്നതാണ് നല്ലതെന്നും കോൾബി നേരിട്ട് മുന്നറിയിപ്പ് നൽകിയതായി വത്തിക്കാൻ വൃത്തങ്ങൾ വെളിപ്പെടുത്തി.

വത്തിക്കാനെ കൂടുതൽ പ്രകോപിപ്പിക്കുന്നതിനായി 14-ാം നൂറ്റാണ്ടിലെ ‘അവിഗ്നൻ പാപ്പസി’ കാലഘട്ടത്തെക്കുറിച്ച് അമേരിക്കൻ ഉദ്യോഗസ്ഥർ കൂടിക്കാഴ്ചയിൽ സൂചിപ്പിച്ചു. അക്കാലത്ത് ഭരണകൂട സമ്മർദ്ദത്തിന് വഴങ്ങി മാർപ്പാപ്പമാർക്ക് ആസ്ഥാനം മാറ്റേണ്ടി വന്ന സാഹചര്യം ഓർമ്മിപ്പിച്ചത് വത്തിക്കാനെതിരെയുള്ള വ്യക്തമായ സൈനിക ഭീഷണിയായാണ് കണക്കാക്കപ്പെടുന്നത്. സഭയുടെ സ്വയംഭരണാധികാരത്തിന് മേലുള്ള കടന്നുകയറ്റമായാണ് വത്തിക്കാൻ ഈ ചരിത്രപരമായ പരാമർശത്തെ നോക്കിക്കാണുന്നത്.

പെന്റഗണിന്റെ ഭീഷണിയോട് ശക്തമായ ഭാഷയിലാണ് വത്തിക്കാൻ പ്രതികരിച്ചത്. ഇതിന്റെ ഭാഗമായി മാർപ്പാപ്പ തന്റെ എല്ലാ അമേരിക്കൻ യാത്രകളും റദ്ദാക്കി. അമേരിക്കയുടെ 250-ാം വാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കാൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നൽകിയ ക്ഷണം അദ്ദേഹം നിരസിച്ചു. പകരം, ആഫ്രിക്കൻ അഭയാർത്ഥികൾ യൂറോപ്പിലേക്ക് എത്തുന്ന പ്രധാന കേന്ദ്രമായ ലാംപെഡൂസ ദ്വീപ് സന്ദർശിക്കാനാണ് മാർപ്പാപ്പയുടെ തീരുമാനം. ഇതോടെ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയും ആത്മീയ നേതൃത്വവും തമ്മിലുള്ള പോര് മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

Vatican-US ties hit low as Pope Leo XIV cancels America trip following Pentagon threats

More Stories from this section

family-dental
witywide