രാഷ്ട്രീയ വിസ്മയങ്ങൾ ഇനിയും ഉണ്ടാകുമെന്ന് വി ഡി സതീശൻ; ടി കെ ഗോവിന്ദന്റെ നിലപാടിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ്

കണ്ണൂർ സിപിഎമ്മിൽ കലാപക്കൊടി ഉയർത്തി മുതിർന്ന നേതാവ് ടി കെ ഗോവിന്ദൻ പാർട്ടി വിട്ടതിന് പിന്നാലെ, കേരള രാഷ്ട്രീയത്തിൽ വലിയ വിസ്മയങ്ങൾ ഇനിയും ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയെ സ്വാധീനിക്കുമെന്നും തളിപ്പറമ്പിലടക്കം പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കാമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. തളിപ്പറമ്പിൽ സ്വതന്ത്രനായി മത്സരിക്കുന്ന ഗോവിന്ദന് യുഡിഎഫ് പിന്തുണ നൽകുമെന്ന സൂചനകൾക്കിടയിലാണ് സതീശന്റെ ഈ പ്രതികരണം.

നല്ല കമ്മ്യൂണിസ്റ്റുകാരെ കണ്ടാൽ ചിരിക്കണമെന്നും അവരെ ചേർത്തുപിടിക്കണമെന്നും ഒരു വർഷമായി താൻ പറയുന്ന കാര്യമാണെന്ന് സതീശൻ ഫേസ്ബുക്ക് കുറിപ്പിലൂടെ ഓർമ്മിപ്പിച്ചു. സിപിഎമ്മിനെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ ആഗ്രഹിക്കുന്നവരാണ് ഉത്തമ കമ്മ്യൂണിസ്റ്റുകളും ഇടതു സഹയാത്രികരുമെന്നും അദ്ദേഹം കുറിച്ചു. പിണറായി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വന്നാൽ കേരളത്തിന്റെ സ്ഥിതി എന്താകുമെന്ന് ജനങ്ങൾക്ക് ബോധ്യമുണ്ടെന്നും അതിനാൽ ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

യുഡിഎഫ് ഇപ്പോൾ ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നതെന്നും വിശാലമായ ഈ രാഷ്ട്രീയ പ്ലാറ്റ്‌ഫോമിലേക്ക് വരും ദിവസങ്ങളിൽ കൂടുതൽ ഇടതു സഹയാത്രികർ എത്തുമെന്നും സതീശൻ കൂട്ടിച്ചേർത്തു. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ തർക്കങ്ങളില്ലെന്നും വിജയസാധ്യതയുള്ള മികച്ച പട്ടിക ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ടി കെ ഗോവിന്ദന്റെ പുറത്തുപോക്ക് കണ്ണൂരിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്.

VD Satheesan says there will be more political surprises; Opposition leader welcomes TK Govindan’s stance

More Stories from this section

family-dental
witywide