
പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയക്കെതിരായ വർഗീയ അനൗൺസ്മെന്റിൽ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. വടകരയിലെ ‘കാഫിർ’ സ്ക്രീൻഷോട്ട് വിവാദത്തിന് സമാനമായ രീതിയിൽ വർഗീയ ധ്രുവീകരണമുണ്ടാക്കി അധികാരം നിലനിർത്താനാണ് സിപിഎം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തോൽവി ഉറപ്പായതോടെ ഏത് ചെകുത്താനെയും കൂട്ടുപിടിക്കാനാണ് പിണറായി വിജയന്റെ തീരുമാനമെന്നും, ജനവിരുദ്ധ സർക്കാരിനെ തൂത്തെറിയാൻ കേരളം കാത്തിരിക്കുകയാണെന്നും സതീശൻ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. സമൂഹത്തിൽ മതസ്പർധ വളർത്താൻ ശ്രമിക്കുന്നവർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വടകരയിൽ ഷാഫി പറമ്പിലിനെതിരെ നടത്തിയ വ്യാജപ്രചാരണത്തിന് സമാനമാണ് പേരാമ്പ്രയിലെ സംഭവമെന്നും, മറ്റാരുണ്ട് സിപിഎം അല്ലാതെ ഇത്തരം പ്രവർത്തികൾ ചെയ്യാൻ എന്നും അദ്ദേഹം ചോദിച്ചു. ഭരണവിരുദ്ധ വികാരത്തിൽ നിന്നും രക്ഷപ്പെടാൻ വർഗീയത ആയുധമാക്കുന്ന സിപിഎം നേതൃത്വത്തിന്റെ വ്യാമോഹം ജനങ്ങൾ തിരിച്ചറിയുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
സതീശന്‍റെ ഫേസ്ബുക്ക് കുറിപ്പ്
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തരവാദിത്തപ്പെട്ട സി.പി.എം നേതാക്കളുടെ അറിവോടെ നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമാനമായ രീതിയിലാണ് പേരാമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയക്കെതിരെ എല്‍.ഡി.എഫ് വര്‍ഗീയ അനൗണ്‍സ്മെന്റ് നടത്തിയത്. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച സി.പി.എം ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും പ്രതികളെ കണ്ടെത്താനായില്ലെന്നു പറഞ്ഞ് പിണറായി വിജയന്റെ പോലീസ് കേസ് അവസാനിപ്പിച്ചു.
തോല്‍വി ഉറപ്പായതോടെ അധികാരം നിലനിര്‍ത്താന്‍ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുകയെന്ന പിണറായി വിജയന്റെയും സി.പി.എമ്മിന്റെയും തീരുമാനത്തിന്റെ ഭാഗമാണ് പേരാമ്പ്രയിലെ വര്‍ഗീയ പ്രചരണം. മതസ്പര്‍ധ വളര്‍ത്തിയും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കിയും പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഇരുണ്ട കാലത്തിന് എതിരായ ജനവികാരത്തില്‍ നിന്നും രക്ഷപ്പെടാമെന്നത് സി.പി.എം നേതൃത്വത്തിന്റെ വ്യാമോഹം മാത്രമാണ്. ജനവിരുദ്ധ സര്‍ക്കാരിനെ ഭരണത്തില്‍ നിന്നും തൂത്തെറിയാന്‍ കേരളം ഒന്നടങ്കം കാത്തിരിക്കുകയാണെന്നത് സി.പി.എമ്മും എല്‍.ഡി.എഫും മറക്കരുത്.
സമൂഹത്തില്‍ വര്‍ഗീയത കലര്‍ത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ അടിയന്തരമായി കര്‍ശന നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാകണം.
VD Satheesan slams CPM over communal announcement in Perambra; compares it to Vadakara Kafir row














