
തിരുവനന്തപുരം : മാധ്യമങ്ങളിൽ നിന്ന് തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് വെള്ളാപ്പള്ളി നടേശൻ. മാധ്യമങ്ങളിൽ നിന്ന് ഒരിക്കലും ഉണ്ടാകാത്ത ദുരനുഭവം അടുത്തിടെ ഉണ്ടായതായെന്നും എല്ലാവരോടും സൗഹൃദത്തോടെയാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിമാർ പങ്കെടുത്ത ശിവഗിരി തീർത്ഥാടന സമ്മേളനം കഴിഞ്ഞിറങ്ങിയ താൻ സംസാരിക്കുമ്പോൾ തടസപ്പെടുത്തിയാണ് ഒരു മാധ്യമ പ്രവർത്തകൻ എത്തിയത്. ആ മാധ്യമ പ്രവർത്തകൻ മുൻ എം എസ് എഫ് നേതാവാണ്,തീവ്രവാദിയാണ്. ധാർഷ്ട്യത്തോടെയാണ് സംസാരിച്ചത്. ആ ചാനൽ തന്റെ ചോരയ്ക്ക് വേണ്ടി തിളയ്ക്കുന്നു. എന്നെ വേട്ടയാടാൻ താൻ എന്ത് പറഞ്ഞു. ചില സത്യങ്ങൾ പറയുമ്പോൾ വഴിതിരിച്ച് വിടുന്നു. കാന്തപുരത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്- വെള്ളാപ്പള്ളി പറയുന്നു.
ശിവഗിരിയിൽ വെച്ച് തന്നോട് ചോദ്യങ്ങൾ ചോദിച്ച റിപ്പോർട്ടർക്കെതിരെ അദ്ദേഹം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. റിപ്പോർട്ടർ തീവ്രവാദിയാണെന്നും ആരോ അയച്ചുവിട്ടതാണെന്നും അദ്ദേഹം ആരോപിച്ചു. മലപ്പുറം ജില്ലയിൽ എസ്എൻഡിപി യോഗത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ അനുമതി ലഭിക്കാത്തതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് വെള്ളാപ്പള്ളിയെ പ്രകോപിപ്പിച്ചത്. ഇതിനെത്തുടർന്ന് അദ്ദേഹം മാധ്യമപ്രവർത്തകന്റെ മൈക്ക് തട്ടിമാറ്റുകയും ചെയ്തിരുന്നു. മാധ്യമങ്ങൾ തന്നെ വളഞ്ഞുവെന്നും കുന്തവുമായി തന്റെ നേരെ വരുന്നതുപോലെയാണ് തോന്നിയതെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇന്ന് കണിച്ചുകുളങ്ങരയിൽ വെച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.
മുസ്ലീം സമുദായത്തെ ഒന്നും പറഞ്ഞിട്ടില്ല. സൗഹാർദ്ദപരമായാണ് നിൽക്കുന്നത്. ലീഗ് ഭരണത്തിൽ ഇരുന്നപ്പോൾ സാമൂഹ്യ നീതി നടപ്പിലാക്കിയോ എന്ന് വെല്ലുവിളിക്കുന്നു. മതവിദ്വേഷം സ്ഥാപിക്കാൻ കുത്സിത ശ്രമമാണ് ലീഗ് നടത്തുന്നത്. ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നില്ല. ഈഴവ സമുദായത്തെ മുസ്ലീം സമൂഹവുമായി തെറ്റിച്ച് മറ്റൊരു മാറാട് കലാപമുണ്ടാക്കാൻ ലീഗ് ശ്രമിക്കുന്നതായും വെള്ളാപ്പള്ളി ആരോപിച്ചു. ശിവഗിരിയിൽ മന:പൂർവ്വം പ്രശ്നമുണ്ടാക്കാൻ നോക്കി. താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും വാലുമല്ല ചൂലുമല്ലയെന്നും വെള്ളാപ്പള്ളി.
Vellappally Natesan opens up about the bad experiences he faced from the media.














