‘സതീശന്‍റെ മുഖം കണ്ട് ആരും വോട്ട് ചെയ്യുമെന്ന് കരുതേണ്ട, പ്രതിപക്ഷ നേതാവിനെ പരിഹസിച്ച് വെള്ളാപ്പള്ളി; ‘പിണറായി വീണ്ടും മുഖ്യമന്ത്രിയാകാൻ സാധ്യത

കൊല്ലം: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്നതിനെ സർക്കാർ പിന്തുണയ്ക്കരുതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നിലവിലുള്ള ശബരിമല സ്ഥിതി തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ തന്ത്രിയും മന്ത്രിയും മാറുമെന്നും അതോടെ വിഷയം മാറിപ്പോകുമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. തന്ത്രി വിഷയത്തെ പ്രതിപക്ഷം ഒരു ആയുധമാക്കി മാറ്റിയിട്ടുണ്ട്. എന്നാൽ ഭരണപക്ഷത്തിന് അതിനെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിഞ്ഞില്ല. ശബരിമല വിഷയത്തിലെ പ്രചാരണത്തിലും മാർക്കറ്റിംഗിലും യുഡിഎഫ് മുന്നിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ആരോഗ്യ മന്ത്രി വീണ ജോർജിനെ വെള്ളാപ്പള്ളി പ്രശംസിച്ചു. കഴിവുള്ളതും മിടുക്കിയുമായ ഒരു സ്ത്രീയാണ് വീണ ജോർജെന്ന് പറഞ്ഞ അദ്ദേഹം, എന്തെങ്കിലും തെറ്റുണ്ടായാൽ അവരെ മാത്രം കുറ്റക്കാരിയാക്കുന്നത് ശരിയല്ലെന്നും വ്യക്തമാക്കി. കേരളത്തിൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകാനുള്ള സാധ്യതയാണ് ഇപ്പോൾ ഉള്ളതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സിപിഎമ്മിനെ എഴുതി തള്ളാവുന്ന അവസ്ഥയിലല്ല.

വി. ഡി. സതീശന്റെ മുഖം കണ്ട് ആരും വോട്ട് ചെയ്യുമെന്ന് കരുതരുത്. യുഡിഎഫിന്റെ ജാഥയെ പിന്നിൽ നിന്ന് നയിക്കുന്ന ശക്തിയുണ്ട്. കെ. സി. വേണുഗോപാലനും രമേശ് ചെന്നിത്തലയുമാണ് ആ ജാഥയെ യഥാർത്ഥത്തിൽ നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്എൻഡിപി യോഗത്തിന് തെരഞ്ഞെടുപ്പിൽ യാതൊരു പ്രശ്നങ്ങളുമില്ലെന്ന് വെള്ളാപ്പള്ളി വീണ്ടും ഊന്നിപ്പറഞ്ഞു. താൻ വീണ്ടും മത്സരിക്കുകയും വിജയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. മത്സരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ആരോപണങ്ങൾ ഉന്നയിക്കാനും അവകാശമുണ്ട്, പക്ഷേ തെളിവെവിടെയെന്ന് കൂടി പറയണം. കല്ലുവെച്ച പച്ചക്കള്ളമാണ് പറയുന്നതെന്നും മൈക്രോ ഫിനാൻസ് കേസിൽ താൻ നിരപരാധിയാണെന്ന് പൂർണ വിശ്വാസമുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.

More Stories from this section

family-dental
witywide