
വാഷിംഗ്ടൺ: വെനിസ്വേലൻ പ്രതിപക്ഷ നേതാവും 2025-ലെ സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവുമായ മരിയ കൊറീന മച്ചാഡോ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങുന്നു. 15 ന് (വ്യാഴാഴ്ച) വൈറ്റ് ഹൗസിലാണ് നിർണായക കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുക.
ജനുവരി 3-ന് യുഎസ് സൈന്യം വെനിസ്വേലൻ പ്രസിഡൻ്റായിരുന്ന നിക്കോളാസ് മഡുറോയെ പിടികൂടിയതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലാണ് മരിയയും ട്രംപുമായുള്ള കൂടിക്കാഴ്ച നടക്കുന്നത്. വൈറ്റ് ഹൗസ് സന്ദർശനത്തിന് മുന്നോടിയായി ജനുവരി 12 തിങ്കളാഴ്ച വത്തിക്കാനിൽ വെച്ച് മച്ചാഡോ ലിയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു
തനിക്ക് ലഭിച്ച നോബൽ സമ്മാനം പ്രസിഡന്റ് ട്രംപിന് നൽകാൻ മരിയ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ നോബൽ സമ്മാനം കൈമാറാൻ കഴിയില്ലെന്ന് നോർവീജിയൻ നോബൽ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, മഡുറോയുടെ പുറത്താക്കലിന് ശേഷം വെനിസ്വേലയുടെ ഭരണം മച്ചാഡോയെ ഏൽപ്പിക്കുന്ന കാര്യത്തിൽ ട്രംപ് ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. മഡുറോയുടെ മുൻ ഡെപ്യൂട്ടി ഡെൽസി റോഡ്രിഗസാണ് നിലവിൽ വെനിസ്വേലയുടെ താൽക്കാലിക പ്രസിഡന്റായി പ്രവർത്തിക്കുന്നത്. താൻ വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡൻ്റാണെന്ന് ട്രംപ് ഇന്നലെ പറഞ്ഞിരുന്നു.
Venezuelan opposition leader to meet Trump; meeting at White House on 15th















