തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയതിൽ മുൻ മന്ത്രി ആന്റണി രാജു പ്രതിയായ കേസിൽ ഇന്ന് വിധി; വിധി വരുന്നത് 32 വർഷത്തിന് ശേഷം

തിരുവനന്തപുരം: തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയതിൽ മുൻ മന്ത്രിയും ഇപ്പോൾ എംഎൽഎയുമായ ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറിക്കേസിൽ കോടതി വിധി ഇന്ന്. 32 വർഷത്തിന് ശേഷമാണ് വിധിവരുന്നത്. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി(ഒന്ന്) ആണ് കേസ് പരിഗണിക്കുന്നത്. 13 വർഷം കഴിഞ്ഞ് കുറ്റപത്രം സമർപ്പിച്ച കേസ് മുപ്പതിലധികം തവണ കേസ് മാറ്റി വച്ചിരുന്നു. തുടർന്ന് ഒരു വർഷത്തിനകം വിചാരണ നടപടികൾ പൂർത്തിയാക്കണമെന്ന സുപ്രീം കോടതിയുടെ പുതിയ ഉത്തരവിനെത്തുടർന്നാണ് നടപടി.

1990 ഏപ്രിൽ 4ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് 2 പാക്കറ്റ് ലഹരിമരുന്നുമായി എത്തിയ ഓസ്ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവദോറിനെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് കേസ്. കേസിൽ പ്രതിയായ വിദേശിയെ തിരുവനന്തപുരം സെഷൻസ് കോടതി 10 വർഷത്തേക്ക് ശിക്ഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി വിട്ടയച്ചു.

സാൽവദോറിൻ്റെ അഭിഭാഷകയുടെ ജൂനിയറായിരുന്ന ആന്റണി രാജു കോടതിയിലെ ക്ലാർക്കിന്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം പുറത്തെത്തിച്ച് വെട്ടിത്തയ്ച്ച് ചെറുതാക്കി തിരികെ വച്ചെന്നാണു കേസ്. പ്രതിയെ ഹൈക്കോടതി വിട്ടയയ്ക്കാൻ തൊണ്ടിയിലെ അളവു വ്യത്യാസം നിർണായകമായി. പാകമാകാത്ത അടിവസ്ത്രമാണ് തെളിവായി ഉണ്ടായിരുന്നതെന്ന വാദമാണ് പ്രതിയെ രക്ഷിച്ചെടുത്തത്. പിന്നാലെ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ പ്രതി സഹതടവുകാരനോട് തൊണ്ടിമുതൽ തിരിമറി വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

തുടർന്നാണ് 1994ൽ കേസെടുത്തത്. കോടതിയിൽ സൂക്ഷിച്ചിരുന്ന അടിവസ്ത്രത്തിൽ കൃത്രിമത്വം നടന്നുവെന്നു ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥൻ പരാതി നൽകിയതോടെയാണ് കോടതി ജീവനക്കാരനായ കെ.എസ്.ജോസിനെ ഒന്നാം പ്രതിയാക്കിയും ആൻ്റണി രാജുവിനെ രണ്ടാം പ്രതിയാക്കിയും പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

നെടുമങ്ങാട് കോടതിയിൽ വിചാരണ അന്തിമ ഘട്ടത്തിലെത്തുമ്പോൾ വഞ്ചനാക്കുറ്റം കൂടി പ്രതികൾക്കെതിരെ ചുമത്തണമെന്ന് ആവശ്യപ്പെട്ട് മാധ്യമ പ്രവർത്തകനായ അനിൽ ഇമ്മാനുവൽ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന്, ഈ വകുപ്പു കൂടി ഉൾപ്പെടുത്തിയാണ് വിചാരണ പൂർത്തിയാക്കിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആൻ്റണി രാജു സുപ്രീംകോടതി വരെ പോയെങ്കിലും വിചാരണ പൂർത്തിയാക്കാനാണ് കോടതി ആവശ്യപ്പെട്ടത്. കേസിൽ 29 സാക്ഷികൾ ഉണ്ടെങ്കിലും 19 പേരെ മാത്രമാണു വിസ്തരിച്ചത്.

Verdict today in the case of former minister Antony Raju accused of changing underwear; Judgment comes after 32 years

More Stories from this section

family-dental
witywide