
തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും സൂപ്പർതാരവുമായ വിജയ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കൻ ചെന്നൈയിലെ പെരമ്പൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചേക്കും. ചെന്നൈയിൽ നടന്ന പാർട്ടി യോഗത്തിലാണ് വിജയ് പെരമ്പൂരിൽ മത്സരിക്കണമെന്ന പ്രമേയം ഔദ്യോഗികമായി പാസാക്കിയത്. പാർട്ടി ജനറൽ സെക്രട്ടറി ബസി ആനന്ദ്, തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് സെക്രട്ടറി ആധവ് അർജുന തുടങ്ങിയ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു തീരുമാനം. പാവപ്പെട്ടവർ കൂടുതലായുള്ള വടക്കൻ ചെന്നൈ മേഖലയിൽ നിന്ന് തന്നെ രാഷ്ട്രീയ പോരാട്ടം തുടങ്ങണമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ താൽപ്പര്യം.
പെരമ്പൂർ മണ്ഡലത്തിൽ മാത്രം പാർട്ടിക്ക് നാൽപ്പതിനായിരത്തോളം സജീവ പ്രവർത്തകരുണ്ടെന്ന് ബസി ആനന്ദ് അവകാശപ്പെട്ടു. കഴിഞ്ഞ രണ്ട് തവണയും ഡിഎംകെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണെങ്കിലും, തങ്ങളുടെ സംഘടനാ ശക്തിയിലൂടെ വിജയിക്ക് ഇവിടെ അനായാസ വിജയം നേടാനാകുമെന്നാണ് ടിവികെയുടെ കണക്കുകൂട്ടൽ. പെരമ്പൂരിന് പുറമെ ആർ.കെ നഗർ, കൊളത്തൂർ എന്നീ മണ്ഡലങ്ങളും പാർട്ടി പരിഗണനയിലുണ്ട്. ചെന്നൈ ഡിഎംകെയുടെ കോട്ടയാണെന്ന വാദത്തെ തകർക്കുകയാണ് ഇതിലൂടെ ടിവികെ ലക്ഷ്യമിടുന്നത്.
വടക്കൻ ചെന്നൈയ്ക്ക് പുറമെ, ന്യൂനപക്ഷ വോട്ടുകൾക്ക് നിർണ്ണായക സ്വാധീനമുള്ള തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലവും വിജയിക്കായി പാർട്ടി ആലോചിക്കുന്നുണ്ട്. നേരത്തെ വേളാച്ചേരി, വിരുഗമ്പാക്കം മണ്ഡലങ്ങളെക്കുറിച്ചും ചർച്ചകൾ നടന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചെന്നൈയിൽ സജീവമാകാനാണ് വിജയിയുടെ തീരുമാനം. ഡിഎംകെയുടെ ശക്തികേന്ദ്രങ്ങളിൽ തന്നെ നേരിട്ടുള്ള പോരാട്ടത്തിന് ഇറങ്ങുന്നതിലൂടെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാമെന്നാണ് ടിവികെ പ്രവർത്തകരുടെ പ്രതീക്ഷ.
Vijay Likely to Contest from Perambur; TVK Passes Resolution Urging Party Chief to Direct Fight in North Chennai











