ജീവിതച്ചെലവിലെ വർധനയ്ക്കും സ്കൂളുകളിലെ പ്രതിസന്ധികൾക്കുമെതിരെ ഫ്രാൻസിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി. ശനിയാഴ്ച രാജ്യവ്യാപകമായി നടന്ന റാലികൾക്കിടെ കെട്ടിടങ്ങൾക്ക് തീയിടുകയും കടകൾ കൊള്ളയടിക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. സംഭവങ്ങളിൽ 1,200 പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ഏകദേശം 5.5 ലക്ഷം പേർ പ്രതിഷേധങ്ങളിൽ പങ്കെടുത്തെന്നാണ് കണക്ക്.
പാരിസിൽ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും തീയിട്ടു. ലിമോജസിലെ നഗരസഭാ മന്ദിരത്തിലുണ്ടായ തീപിടിത്തത്തിൽ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു. ലിയോണിലെ ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസിനും തീയിട്ടു. നിരവധി നഗരങ്ങളിൽ കടകളും വ്യാപാരസ്ഥാപനങ്ങളും കൊള്ളയടിച്ചു. സംഘർഷങ്ങളിൽ 150 പൊലീസുകാർക്ക് പരുക്കേറ്റതായി പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു പറഞ്ഞു. സെന്റ് എറ്റിയേനിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് ഒരു യുവാവിന്റെ കൈ അറ്റുപോയതായി നഗരത്തിലെ മേയർ അറിയിച്ചു.
പാരിസിൽ ഉച്ചയോടെ സമാധാനപരമായിരുന്ന പ്രതിഷേധം വൈകുന്നേരത്തോടെ ആക്രമാസക്തമാകുകയായിരുന്നു. പ്ലാസ് ദെ ല റിപ്പബ്ലിക് ഉൾപ്പെടെയുള്ള മേഖലകളിൽ വാഹനങ്ങൾ കത്തിക്കുകയും കടകൾ തകർക്കുകയും ചെയ്തു. ഒരു റെസ്റ്ററന്റും പൂർണമായി കത്തിനശിച്ചു. ലില്ലെയിലെ ആപ്പിൾ സ്റ്റോറിൽ അതിക്രമിച്ചുകയറിയ സംഘം സാധനങ്ങൾ കൊള്ളയടിച്ചു. ഗ്രെനോബിൾ, അവിഞ്ഞോൺ, മോണ്ട്പെലിയർ തുടങ്ങിയ നഗരങ്ങളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.
സെക്കൻഡറി സ്കൂളുകളിലെ അധ്യാപകക്ഷാമത്തിനും അടിസ്ഥാനസൗകര്യങ്ങളുടെ ശോച്യാവസ്ഥയ്ക്കുമെതിരെ ആഴ്ചകളായി വിദ്യാർഥികൾ പ്രതിഷേധിച്ചുവരികയാണ്. ശനിയാഴ്ച തൊഴിലാളി സംഘടനകളും ജീവിതച്ചെലവിലെ വർധനയ്ക്കെതിരെ നേരത്തേ പ്രതിഷേധിച്ച ‘യെല്ലോ വെസ്റ്റ്’ പ്രസ്ഥാനത്തിലെ അംഗങ്ങളും സമരത്തിൽ പങ്കുചേർന്നു. രാജ്യം കടുത്ത രാഷ്ട്രീയ അനിശ്ചിതത്വത്തിലൂടെ കടന്നുപോകുന്നതിനിടെയാണ് പ്രതിഷേധം ശക്തമായത്.
അടുത്ത വർഷം പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സ്ഥാനമൊഴിയും. ഏപ്രിലിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നാഷനൽ റാലി നേതാവ് മറീൻ ലെ പെനും ഇടതുപക്ഷ നേതാവ് ജീൻ-ലൂക് മെലൻഷോണും തമ്മിൽ മത്സരം നടക്കാൻ സാധ്യതയുണ്ടെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. പ്രതിഷേധങ്ങൾക്കിടെ പൊലീസ് അതിക്രമം നടത്തിയെന്ന് മെലൻഷോൺ ആരോപിച്ചു.
അതേസമയം, കൊള്ളയെയും തീവയ്പിനെയും അദ്ദേഹം അപലപിച്ചു. അദ്ദേഹത്തിന്റെ പ്രസ്താവനകൾ അപകടകരവും രാഷ്ട്രീയലക്ഷ്യം മുൻനിർത്തിയുള്ളതുമാണെന്ന് പ്രധാനമന്ത്രി ലെകോർനു വിമർശിച്ചു. അക്രമത്തിലൂടെ രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധക്കാരുടെ ന്യായമായ ആവശ്യങ്ങളെ തീവ്ര ഇടതുപക്ഷം ഹൈജാക്ക് ചെയ്തെന്ന് മറീൻ ലെ പെൻ ആരോപിച്ചു. അക്രമം പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു.
നഗരസഭാ മന്ദിരങ്ങളും വ്യാപാരസ്ഥാപനങ്ങളും ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് മാക്രോൺ മുന്നറിയിപ്പ് നൽകി. സ്കൂളുകളിലെ പ്രതിസന്ധി പരിഹരിക്കാൻ 3,000 അധിക താൽക്കാലിക അധ്യാപകരെ നിയമിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രതിഷേധം തുടരുകയാണ്.
Violence broke out across France on Saturday during the latest day of demonstrations against hardship in schools and the cost of living.













