
ധാക്ക: ബംഗ്ലാദേശിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനിടെ ഖുൽനയിൽ ബിഎൻപി നേതാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഖുൽന മെട്രോപൊളിറ്റൻ ബിഎൻപിയുടെ മുൻ ഓഫീസ് സെക്രട്ടറി മൊഹിബുസ്സമാൻ കൊച്ചി (55) ആണ് മരിച്ചത്. ഖുൽന സദറിലെ ആലിയ മദ്രസ പോളിംഗ് സ്റ്റേഷന് പുറത്ത് വ്യാഴാഴ്ച രാവിലെ 8:10 ഓടെയാണ് സംഭവം നടന്നത്. മദ്രസ പ്രിൻസിപ്പൽ ജമാഅത്തെ ഇസ്‌ലാമിക്ക് വേണ്ടി പ്രചാരണം നടത്തുന്നത് തടയാൻ ശ്രമിച്ചപ്പോൾ അദ്ദേഹം കൊച്ചിയെ തള്ളിയിടുകയും, തല മരത്തിലിടിച്ച് പരിക്ക് പറ്റിയതുമാണ് മരണകാരണമെന്ന് ബിഎൻപി ആരോപിക്കുന്നു.
എന്നാൽ, ബിഎൻപി പ്രവർത്തകർ വനിതാ പ്രവർത്തകരെ പോളിംഗ് ബൂത്തിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ സംഘർഷത്തിനിടെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നുവെന്നും, മർദ്ദനമേറ്റിട്ടില്ലെന്നുമാണ് ജമാഅത്ത് നേതാക്കളുടെ മറുപടി.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് ശേഷം ബംഗ്ലാദേശിൽ നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പാണിത്. ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിനെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്.
താരീഖ് റഹ്മാൻ നേതൃത്വം നൽകുന്ന ബിഎൻപിയും ഷഫീഖുർ റഹ്മാൻ്റെ നേതൃത്വത്തിലുള്ള ജമാഅത്തെ ഇസ്‌ലാമിയും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്.
രാജ്യത്തുടനീളം പത്ത് ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെങ്കിലും പലയിടത്തും അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
Voting in Bangladesh underway; BNP leader reportedly killed in clashes, violence in many places















