
പാലക്കാട്: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ വിശ്വസ്തനും പേഴ്സണൽ അസിസ്റ്റൻ്റുമായിരുന്ന എ. സുരേഷ് ഔദ്യോഗികമായി കോൺഗ്രസിലേക്കെത്തുന്നു. ഇന്ന് മലമ്പുഴയിലെ കോൺഗ്രസ് ഓഫിസിലെത്തി അംഗത്വമെടുക്കും.
ദീർഘകാലം വി.എസിനൊപ്പം നിഴൽപോലെ പ്രവർത്തിച്ചിരുന്ന സുരേഷിൻ്റെ ഈ നീക്കം രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വി.എസിൻ്റെ തട്ടകമായ മലമ്പുഴ മണ്ഡലത്തിൽ സുരേഷിനെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനാണ് കോൺഗ്രസ് നീക്കമെന്നാണ് റിപ്പോർട്ട്.
ഇടതുപക്ഷ മൂല്യങ്ങളിൽ നിന്ന് സിപിഐഎം വ്യതിചലിച്ചുവെന്നും വി.എസിന് പാർട്ടി നൽകിയ ‘ക്യാപിറ്റൽ പണിഷ്മെൻ്റ്’ ആണ് തനിക്കും നൽകിയതെന്നും സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
2013 മേയ് 12, 13 തീയതികളിൽ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗമാണ് സുരേഷിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്. പാർട്ടി കമ്മിറ്റികളിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകി, വിഎസ്സിന്റെ ഇമേജ് വർധിപ്പിക്കാൻ വാർത്തകൾ നിർമിച്ച് മാധ്യമങ്ങൾക്ക് വിതരണം ചെയ്തു എന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പുറത്താക്കൽ. പിന്നീട് സിപിഐഎം നേതൃത്വവുമായി അകന്നു കഴിയുകയായിരുന്നു സുരേഷ്. മൂന്നോ നാലോ തവണ അപ്പീൽ നൽകിയിട്ടും എന്തുകൊണ്ട് തിരിച്ചെടുക്കുന്നില്ലെന്ന് ചോദിച്ചപ്പോൾ 100 തവണ അപ്പീൽ നൽകിയാലും തിരിച്ചെടുക്കില്ലെന്നായിരുന്നു സുരേഷിനെ പുറത്തിക്കിയതിനെ ന്യായീകരിച്ച് സിപിഎമ്മിൻ്റെ മറുപടി. ഇതിനോട് പ്രതികരിച്ച സുരേഷ്, ഈ പറച്ചിലും പുച്ഛത്തോടെയുള്ള ചിരിയും വേദനിപ്പിച്ചുവെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
‘കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നത് പേരിൽ മാത്രമെന്ന അവസ്ഥയിലേയ്ക്ക് മാറിയിരിക്കുന്നു. പാർട്ടിയെ സ്‌നേഹിക്കുന്നവരും ഭരണത്തെ സ്‌നേഹിക്കുന്നവരും രണ്ട് വിഭാഗമായി മാറി. ഭരണത്തെ സ്‌നേഹിക്കുന്നവരാണ് ഇപ്പോൾ പാർട്ടിയെ നിയന്ത്രിക്കുന്നത്. ഇടതുപക്ഷ മൂല്യങ്ങൾ ചോരുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ മതേതര കക്ഷിയായ കോൺഗ്രസിനൊപ്പം ചേരാൻ തീരുമാനിച്ചത്’- സുരേഷ് വ്യക്തമാക്കി. മാത്രമല്ല, കോൺഗ്രസിൽ ചേരുന്നത് ആരും നിർബന്ധിച്ചിട്ടല്ലെന്നും സ്വന്തം തീരുമാനപ്രകാരമാണെന്നും സുരേഷ് പറഞ്ഞു.
വി.ഡി. സതീശൻ നയിച്ച രാഷ്ട്രീയ യാത്രകളിൽ പങ്കെടുത്തതോടെയാണ് അദ്ദേഹം കോൺഗ്രസിലേക്ക് അടുക്കുന്നത്. വി.എസ്. അച്യുതാനന്ദൻ നാല് തവണ വിജയിച്ച മണ്ഡലമാണ് മലമ്പുഴ. അതിനാൽ വി.എസിൻ്റെ വിശ്വസ്തൻ തന്നെ മലമ്പുഴയിൽ എതിരാളിയായി എത്തിയാൽ ഇടതുമുന്നണിക്ക് വലിയ രാഷ്ട്രീയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
VS’s former PA A. Suresh joins Congress; will contest as Congress candidate












