മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പത്മവിഭൂഷൺ പുരസ്കാരത്തിൽ നിലപാട് വ്യക്തമാക്കി മകൻ വി എ അരുൺ കുമാർ രംഗത്ത്. പുരസ്കാരം സ്വീകരിക്കുന്ന കാര്യത്തിൽ കുടുംബം അന്തിമ തൂരുമാനമെടുത്തിട്ടില്ലെന്നും സി പി എം നേതൃത്വവുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മകൻ അരുൺ കുമാർ വ്യക്തമാക്കി. അച്ഛന് പത്മവിഭൂഷൺ അംഗീകാരം ലഭിച്ചതിലുള്ള സന്തോഷത്തിലാണ് എല്ലാവരും.
ഈ വലിയ അംഗീകാരത്തിൽ കുടുംബത്തിന് ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ ജീവിതം എല്ലാവരും അറിയണമെന്നാണ് കുടുംബത്തിന്‍റെ ആഗ്രഹമെന്നും അരുൺകുമാർ പറഞ്ഞു. വി എസിന് ലഭിക്കുന്ന എല്ലാ അംഗീകാരങ്ങളും കുടുംബം സന്തോഷത്തോടെയാണ് കാണുന്നത്. എന്നാൽ പുരസ്കാരം ഔദ്യോഗികമായി സ്വീകരിക്കുന്ന കാര്യത്തിൽ പാർട്ടിയുമായി കൂടിയാലോചിച്ച ശേഷമേ അന്തിമ നിലപാട് സ്വീകരിക്കുകയുള്ളൂവെന്നും അരുൺകുമാർ കൂട്ടിച്ചേർത്തു.
അതേസമയം, വിഎസിന് പത്മവിഭൂഷൺ ലഭിച്ചത്തിൽ പാര്‍ട്ടിക്കും കുടുംബത്തിനും സന്തോഷമെന്നും പാർട്ടി പ്രതികരിച്ചു. വി എസ് അച്യുതാനന്ദന് മരണാന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിച്ചതിനെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിട്ടുള്ളത്. മുൻകാലത്ത് പത്മ പുരസ്കാരങ്ങൾ നേതാക്കൾ നിഷേധിച്ചത് അവരുടെ നിലപാടെന്നും സിപിഎം വിശദീകരിച്ചു.
സിപിഎം നേതാക്കള്‍ പുരസ്കാരങ്ങള്‍ നിരസിക്കുന്ന പതിവുണ്ടായിരുന്നതിനാലാണ് ആശങ്ക നിലനിന്നത്. കുടുംബം എന്ത് തീരുമാനിക്കുന്നോ അതിനൊപ്പം പാര്‍ട്ടി നിൽക്കുമെന്ന നേതൃത്വം നിലപാട് വ്യക്തമാക്കിയതോടെ വൈകാതെ, പാർട്ടിയുമായി കൂടിയാലോചിച്ച് അരുൺ കുമാർ നിലപാട് പ്രഖ്യാപിക്കുമെന്നാണ് വ്യക്തമാകുന്നത്.
VS’s Padma Vibhushan: Son says he has not decided whether to accept the award, will decide after consulting with the party













