ട്രംപ് ഭരണകൂടത്തിലെ യുഎസ് വിസ വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ, H-1B അല്ലെങ്കിൽ H-4 വിസയുള്ളവർ അടിയന്തര യാത്രാ പദ്ധതികൾ തയ്യാറാക്കുന്നതിന് മുമ്പ് വീണ്ടും ആലോചിക്കണമെന്ന് ഒരു ഇമിഗ്രേഷൻ അഭിഭാഷകൻ നിർദേശിച്ചു. ഡിസംബർ 15ന് ആരംഭിച്ച സോഷ്യൽ മീഡിയ പരിശോധന വ്യാപനത്തെ തുടർന്ന് ഇന്ത്യയിൽ വിസ നടപടികളിൽ അനിശ്ചിതവും ദീർഘവുമായ താമസങ്ങൾ നേരിടുകയാണ് അപേക്ഷകർ. അമേരിക്കയിലേക്ക് തിരികെ പോകാനുള്ള സമയം നീളുന്നതും സാധ്യത സംശയാസ്പദമാകുന്നതും കാരണം നിരവധി തൊഴിലാളികളും ആശ്രിതരുമായവർ ആശങ്കയിലാണ്.
ഡിസംബറിൽ ഇന്ത്യയിലെ പല വിസ അപ്പോയിന്റ്മെന്റുകളും റദ്ദാക്കി 2026 മാർച്ചിലേക്കോ ഏപ്രിലിലേക്കോ മാറ്റി നിശ്ചയിച്ചിരുന്നു. ഏപ്രിൽ ഇന്റർവ്യൂ നിശ്ചയിച്ചിരിക്കുന്നവർക്കും യാത്ര തുടരണമോ എന്ന ആശയക്കുഴപ്പം തുടരുകയാണ്. പുതിയ വിസ സ്റ്റാമ്പ് ഇല്ലാതെ അമേരിക്കയിൽ തിരിച്ചെത്താൻ കഴിയാത്ത H-1B, H-4 വിസയുള്ളവർ അത്യാവശ്യമായ സാഹചര്യമല്ലെങ്കിൽ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇമിഗ്രേഷൻ അഭിഭാഷകൻ രാഹുൽ റെഡ്ഡി പറഞ്ഞു.
വിസ സ്റ്റാമ്പിംഗ് ലക്ഷ്യമിട്ട് യാത്ര ആസൂത്രണം ചെയ്യുന്നവർ ഇപ്പോൾ റിസ്‌ക് എടുക്കേണ്ട. ഏപ്രിൽ അപ്പോയിന്റ്മെന്റുകൾ ഉണ്ടെങ്കിലും അവയും പിന്നേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും റെഡ്ഡി പറഞ്ഞു. യാത്ര ചെയ്യാൻ തീരുമാനിക്കുന്നവർ ഇന്ത്യയിൽ ദീർഘകാലം താമസിക്കേണ്ടി വരുമെന്നതിനും പുതിയ നിയമങ്ങൾ വരാനിടയുണ്ടെന്നതിനും തയ്യാറാകണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
അടിയന്തരവും നിർഭാഗ്യകരവുമായ സാഹചര്യങ്ങളിൽ യുഎസ് കോൺസുലേറ്റുകൾ എമർജൻസി വിസ അപ്പോയിന്റ്മെന്റുകൾ അനുവദിക്കാറുണ്ട്. എന്നാൽ നിലവിൽ ഇന്ത്യയിൽ ഇത്തരം അവസരങ്ങൾ വളരെ പരിമിതമാണെന്ന് റെഡ്ഡി വ്യക്തമാക്കി. എല്ലാ അടിയന്തര സാഹചര്യങ്ങളും എല്ലാം എമർജൻസിയിലേക്ക് വരണമെന്നില്ലെന്നും അടിയന്തര സാഹചര്യങ്ങൾ ഇന്ത്യയിലേക്കുള്ള യാത്രയോട് ബന്ധപ്പെട്ടതാണ്, അമേരിക്കയിലേക്ക് മടങ്ങുന്നതിനോട് അല്ലെന്നും ഇന്ത്യയിലേക്ക് പോകുന്നത് യുഎസ് ഭരണകൂടം തടയുന്നില്ല, അതിനാൽ കേസുകൾ അടിയന്തരമായി പരിഗണിക്കേണ്ട കാരണമായി വിസ ഉദ്യോഗസ്ഥർ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയ്ക്ക് പുറത്ത് കുടുങ്ങിപ്പോകുന്ന സാഹചര്യത്തിൽ ജോലി നഷ്ടപ്പെടാനുള്ള സാധ്യതയെയും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇന്ത്യയിൽ കഴിയുമ്പോൾ ജോലി നഷ്ടപ്പെടുകയാണെങ്കിൽ പുതിയ കമ്പനിയിലേക്ക് മാറാനുള്ള സാധ്യത വളരെ കുറവാണെന്നും പുതിയ തൊഴിലുടമ പുതിയ അപേക്ഷ സമർപ്പിക്കുകയും 100,000 ഡോളർ H-1B ഫീസ് അടക്കുകയും വേണമെന്നും പല കമ്പനികളും തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Warning H-1B and H-4 visa holders coming to India urgently from the US should reconsider before making travel plans













