
വാഷിംഗ്ടൺ: അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയുടെ മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ദക്ഷിണേഷ്യൻ വംശജ എന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ വംശജയായ റിനി സമ്പത്ത്. തമിഴ്‌നാട്ടിലെ തേനിയിൽ ജനിച്ച മുപ്പത്തിയൊന്നുകാരിയായ റിനി, വരാനിരിക്കുന്ന 2026-ലെ മേയർ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായാണ് ജനവിധി തേടുന്നത്.
ഏഴാം വയസ്സിൽ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയ റിനി, കഴിഞ്ഞ പത്ത് വർഷത്തിലേറെയായി വാഷിംഗ്ടൺ ഡിസിയിലെ താമസക്കാരിയാണ്. നിലവിൽ ഗവൺമെൻ്റ് കോൺട്രാക്ടറായി ജോലി ചെയ്യുന്ന അവർ, രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത ഒരു ‘ഔട്ട്‌സൈഡർ’ എന്ന നിലയിലാണ് ജനങ്ങളെ സമീപിക്കുന്നത്. വൻകിട താല്പര്യ ഗ്രൂപ്പുകളുടെ പിന്തുണയില്ലാതെ, സാധാരണക്കാരുടെ പ്രശ്നങ്ങൾക്കാണ് താൻ മുൻഗണന നൽകുന്നതെന്ന് റിനി വ്യക്തമാക്കി.
‘ഫിക്സ് ദ ബേസിക്സ്’ (അടിസ്ഥാന സൗകര്യങ്ങൾ ശരിയാക്കുക) എന്നതാണ് റിനിയുടെ പ്രധാന പ്രചാരണ മുദ്രാവാക്യം. നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി, പൊട്ടോമാക് നദിയിലെ മാലിന്യപ്രശ്നം, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, അടിയന്തര സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കൽ തുടങ്ങിയ അടിസ്ഥാന കാര്യങ്ങളിലൂന്നിയാണ് റിനി തൻ്റെ കർമ്മപദ്ധതികൾ അവതരിപ്പിക്കുന്നത്.
തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള യോഗ്യത നേടുന്നതിൻ്റെ ഭാഗമായി 4,500-ലധികം വോട്ടർമാരുടെ ഒപ്പുകൾ ശേഖരിക്കാൻ റിനിയുടെ പ്രചാരണ വിഭാഗത്തിന് സാധിച്ചു. അമേരിക്കൻ സമൂഹത്തിൻ്റെ വളർച്ചയിൽ ദക്ഷിണേഷ്യൻ വംശജർ വലിയ പങ്കുവഹിക്കുന്നുണ്ടെങ്കിലും ഭരണതലത്തിൽ അവർക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് റിനി ചൂണ്ടിക്കാട്ടി.
കൗൺസിൽ അംഗമായ ജനീസ ലൂയിസ് ജോർജ്ജ്, കെനിയൻ മക്ഡഫി തുടങ്ങിയ പ്രമുഖ നേതാക്കളുമായാണ് റിനി പ്രധാനമായും മത്സരിക്കുന്നത്. 2026 ജൂൺ 16-ന് നടക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പും നവംബർ 3-ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പും ഇന്ത്യൻ വംശജരായ അമേരിക്കക്കാർക്ക് ഏറെ നിർണ്ണായകമാണ്.
Washington DC mayoral election: Tamil Nadu native Rini Sampath to make history















