
ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറിനെ വിമർശിച്ചുകൊണ്ട് കോൺഗ്രസ് എംപി ജയറാം രമേശ് രംഗത്ത്. അടുത്തിടെ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുണ്ടായ വ്യാപാര കരാറിനെ പ്രധാനമന്ത്രി മോദി ‘എല്ലാ കരാറുകളുടെയും മാതാവ്’ (Mother of all deals) എന്ന് വിശേഷിപ്പിച്ചതിനെ പരോക്ഷമായി പരിഹസിച്ചുകൊണ്ടാണ് ജയറാം രമേശിൻ്റെ പ്രതികരണം. ‘ഓപ്പറേഷൻ സിന്ദൂർ’ നിർത്തിവെച്ചതും, റഷ്യയിൽ നിന്നും വെനസ്വേലയിൽ നിന്നുമുള്ള എണ്ണ ഇറക്കുമതി സംബന്ധിച്ച പുതിയ തീരുമാനങ്ങളും, ഒടുവിൽ ഇന്ത്യ-യുഎസ് വ്യാപാര കരാറും ചൂണ്ടിക്കാട്ടി, പ്രസിഡൻ്റ് ട്രംപിന് പ്രധാനമന്ത്രി മോദിക്ക് മേൽ വലിയ സ്വാധീനമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യ നടത്തുന്ന നിർണ്ണായക നീക്കങ്ങൾ നമ്മുടെ സർക്കാർ ഔദ്യോഗികമായി അറിയിക്കുന്നതിന് മുൻപേ, ലോകം അറിയുന്നത് ട്രംപിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയോ അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ പ്രതിനിധികളിലൂടെയോ ആണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.
“പ്രസിഡൻ്റ് ട്രംപിന് പ്രധാനമന്ത്രി മോദിക്ക് മേൽ വ്യക്തമായ സ്വാധീനമുണ്ട്. അദ്ദേഹത്തെ ഒന്ന് കെട്ടിപ്പിടിക്കാൻ പോയിട്ട്, ട്രംപിനൊപ്പം കാണപ്പെടാൻ പോലും മോദി ഇപ്പോൾ ഭയപ്പെടുന്നു. മോദി ഒടുവിൽ കീഴടങ്ങിയതായാണ് മനസിലാകുന്നത്. തീർച്ചയായും ഇതിനെ ‘എല്ലാ കരാറുകളുടെയും പിതാവ്’ (Father of all deals) എന്ന് വിളിക്കാനാവില്ല,” ജയറാം രമേശ് എക്സിൽ കുറിച്ചു.
He announced the halt of Op Sindoor from Washington DC.
— Jairam Ramesh (@Jairam_Ramesh) February 2, 2026
He announced the updates on India’s oil purchases from Russia and Venezuela from Washington.
He’s now announced an India-US Trade Deal from Washington, the full details of which are awaited,
President Trump clearly seems…
1987-ലെ ‘മിസ്റ്റർ ഇന്ത്യ’ എന്ന ഹിന്ദി സിനിമയിലെ പ്രശസ്തമായ സംഭാഷണത്തെ ഉദ്ധരിച്ചുകൊണ്ട്, “വാഷിംഗ്ടണിൽ ഇപ്പോൾ മൊഗാംബോ സന്തോഷവാനാണ് (Mogambo Khush Hai)” എന്നും അദ്ദേഹം പരിഹസിച്ചു. “ഇതൊരു പതിവായി മാറിയിരിക്കുന്നു – ഇന്ത്യൻ സർക്കാരിൻ്റെ നടപടികളെക്കുറിച്ച് ഇന്ത്യൻ ജനത അറിയുന്നത് പ്രസിഡൻ്റ് ട്രംപിലൂടെയോ അദ്ദേഹത്തിൻ്റെ ഉദ്യോഗസ്ഥരിലൂടെയോ ആണ്. ഇതൊരുതരം ‘ട്രംപ്-നിർഭരത’ (Trump-nirbharta) ആണ്,” കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിന്റെ ‘ആത്മനിർഭർ ഭാരത്’ (സ്വയംപര്യാപ്ത ഭാരതം) എന്ന മുദ്രാവാക്യത്തെ പരിഹസിച്ചുകൊണ്ടാണ് അദ്ദേഹം ‘ട്രംപ്-നിർഭരത’ എന്ന വാക്ക് ഉപയോഗിച്ചത്. ഇന്ത്യയുടെ തീരുമാനങ്ങളിൽ ട്രംപിന് അമിതമായ സ്വാധീനമുണ്ടെന്നാണ് ഇതിലൂടെ അദ്ദേഹം പറഞ്ഞുവെക്കുന്നത്. ഇത്തരം കരാറുകൾ ഒപ്പിടുമ്പോൾ എന്തുകൊണ്ടാണ് ഇന്ത്യൻ സർക്കാർ അത് ജനങ്ങളോട് തുറന്നു പറയാൻ മടിക്കുന്നത് എന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. മോദി സർക്കാർ അമേരിക്കൻ ഭരണകൂടത്തിന് മുന്നിൽ വഴങ്ങിക്കൊടുക്കുന്നു എന്നും സുതാര്യത പുലർത്തുന്നില്ല എന്നുമാണ് ജയറാം രമേശിൻ്റെ ആരോപണം.
“We get information about the Indian government from Trump”; Congress mocks Modi











