
ഇസ്ലാമാബാദ് : രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് തുറന്നുപറഞ്ഞ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇസ്‌ലാമാബാദിൽ ബിസിനസ് പ്രമുഖരെയും കയറ്റുമതിക്കാരെയും അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഈ വൈകാരികമായ പ്രസ്താവന നടത്തിയത്. സാമ്പത്തിക സഹായത്തിനായി തനിക്കും രാജ്യത്തെ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനും ലോകരാജ്യങ്ങൾക്ക് മുന്നിൽ കൈനീട്ടേണ്ടി വന്നുവെന്ന് ഷെഹ്ബാസ് ഷെരീഫ് തുറന്നു സമ്മതിച്ചു.
വിദേശ രാജ്യങ്ങളിൽ നിന്ന് പണത്തിനായി കടം ചോദിക്കുന്നത് രാജ്യത്തിൻ്റെ അഭിമാനത്തിന് വലിയ ക്ഷതമുണ്ടാക്കുന്നുവെന്നും ഇത് വലിയൊരു ഭാരമാണെന്നും അദ്ദേഹം പറഞ്ഞു. “പണത്തിനായി ലോകമെമ്പാടും യാചിക്കേണ്ടി വരുന്നതിൽ എനിക്കും കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനും ലജ്ജ തോന്നുന്നു. ഞങ്ങളുടെ തലകൾ നാണക്കേടുകൊണ്ട് കുനിയുകയാണ്” ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
വിദേശ വായ്പകളെ ആശ്രയിക്കുന്നത് പാകിസ്ഥാൻ്റെ പരമാധികാരത്തെ ബാധിക്കുന്നുവെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അടിയന്തിര പരിഷ്കാരങ്ങൾ ആവശ്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ സഹായിച്ച ചൈന, സൗദി അറേബ്യ, യുഎഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളോടുള്ള നന്ദിയും പാക് പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്തെ പട്ടിണിയും തൊഴിലില്ലായ്മയും വർദ്ധിക്കുന്ന സാഹചര്യത്തിൽ, വിദേശ വായ്പകളില്ലാതെ രാജ്യത്തിന് നിലനിൽപ്പില്ലെന്ന സത്യമാണ് പ്രധാനമന്ത്രി ഇത്തരത്തിൽ ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയത്.
സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനായുള്ള കർശന നടപടികൾക്ക് ശേഷം, സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിനുള്ള പദ്ധതിക്കായി പാകിസ്ഥാൻ അന്താരാഷ്ട്ര നാണയ നിധിയുമായി (IMF) ചർച്ചകൾ നടത്തുന്ന സമയത്തുകൂടിയാണ് ഈ പരാമർശങ്ങൾ വരുന്നത്. മൂലധന ലഭ്യത ഉറപ്പാക്കി വ്യവസായ വളർച്ചയെ പിന്തുണയ്ക്കാൻ സെൻട്രൽ ബാങ്കിനും ധനമന്ത്രാലയത്തിനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള വായ്പാ പദ്ധതിയുടെയും കാലാവസ്ഥാ ധനസഹായ പദ്ധതിയുടെയും ഭാഗമായി പാകിസ്ഥാന് അടുത്തിടെ ഐഎംഎഫിൽ നിന്ന് 1.2 ബില്യൺ ഡോളർ ലഭിച്ചിരുന്നു. കടം തിരിച്ചടയ്ക്കാനും വിദേശനാണ്യ ശേഖരം വർദ്ധിപ്പിക്കാനും ഈ തുക പാകിസ്ഥാനെ സഹായിച്ചു.
We have to beg for money all over the world”: Pakistani Prime Minister openly admits















