
കോട്ടയം: കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റം സംബന്ധിച്ചുള്ള അഭ്യൂഹങ്ങളിൽ നിലപാട് വ്യക്തമാക്കി പാർട്ടി ചെയർമാൻ ജോസ് കെ. മാണി. മുന്നണി മാറാൻ നീക്കം നടത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫിൽ ഉറച്ചു നിൽക്കുമെന്നും,ആരാണ് ഈ ചർച്ച നടത്തുന്നതെന്നും, തങ്ങളെയോർത്ത് ആരും കരയേണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.
“ഞങ്ങളെ ഓർത്ത് ആരും കരയേണ്ട, കേരള കോൺഗ്രസിന് ഒറ്റ നിലപാടേയുള്ളൂ, അത് ഇടതുപക്ഷത്തോടൊപ്പം നിൽക്കുക എന്നതാണ്” എന്ന് കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന കേന്ദ്രവിരുദ്ധ സത്യഗ്രഹത്തിൽ ജോസ് കെ. മാണി പങ്കെടുക്കാതിരുന്നതാണ് മുന്നണി മാറ്റ ചർച്ചകൾക്ക് തുടക്കമിട്ടത്. എന്നാൽ, ദുബായിൽ ചികിത്സയിൽ കഴിയുന്ന ഒരു കുടുംബസുഹൃത്തിനെ സന്ദർശിക്കാൻ പോയതിനാലാണ് തനിക്ക് പങ്കെടുക്കാൻ കഴിയാതിരുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. തിങ്കളാഴ്ച എൽഡിഎഫ് സത്യാഗ്രഹത്തിൽ പാർട്ടിയുടെ മുഴുവൻ എംഎൽഎമാരും പങ്കെടുത്തെന്നും അദ്ദേഹം പറഞ്ഞു. മുന്നണി മാറാൻ നീക്കം നടത്തിയിട്ടില്ലെന്നും ജോസ് മാണി വ്യക്തമാക്കി.
പാർട്ടിക്കുള്ളിൽ ഭിന്നതകളുണ്ടെന്ന വാർത്തകളും അദ്ദേഹം നിഷേധിച്ചു. എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്നും മുന്നണി മാറ്റത്തെക്കുറിച്ച് ഇപ്പോൾ ഒരു ചർച്ചയുടേയും ആവശ്യമില്ലെന്നും അദ്ദേഹം ആവർത്തിച്ചു. യുഡിഎഫിലേക്ക് മടങ്ങാൻ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ജോസ് കെ. മാണിയെ ക്ഷണിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും, കേരള കോൺഗ്രസ് (എം) ഈ വാർത്തകൾ തള്ളിക്കളഞ്ഞു.
we will stand firm in the LDF – Jose K Mani clarifies his stance.














