തിരഞ്ഞെടുപ്പിൽ മതചിഹ്നങ്ങൾ ഉപയോഗിച്ചോ? സുരേഷ് ഗോപിക്കെതിരായ ഹർജിയിൽ വിചാരണ തുടരാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: തൃശൂർ ലോക്‌സഭാംഗമെന്ന നിലയിലുള്ള സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി. ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിൻ്റെ ഉത്തരവ്. ഇതോടെ തൃശൂർ എംപി ഈ കേസിൽ വിചാരണ നേരിടേണ്ടി വരും.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സുരേഷ് ഗോപി മതചിഹ്നങ്ങൾ ഉപയോഗിച്ചെന്നും മതവികാരം ഇളക്കിവിട്ട് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നുമാണ് പ്രധാന ആരോപണം. ഇത് തിരഞ്ഞെടുപ്പ് ക്രമക്കേടിൻ്റെ പരിധിയിൽ വരുമെന്ന് ചൂണ്ടിക്കാട്ടി എഐവൈഎഫ് തൃശൂർ ജില്ലാ പ്രസിഡൻ്റാണ് കോടതിയെ സമീപിച്ചത്.

എന്നാൽ, ഈ ഹർജി നിലനിൽക്കില്ലെന്നും ഇത് തള്ളിക്കളയണമെന്നും ആവശ്യപ്പെട്ട് സുരേഷ് ഗോപി നൽകിയ ഉപഹർജി കോടതി അംഗീകരിച്ചില്ല. ഹർജിയിലെ ആരോപണങ്ങൾ ഗൗരവകരമാണെന്നും അതിനാൽ വിചാരണ നടപടികളുമായി മുന്നോട്ട് പോകണമെന്നും കോടതി നിർദ്ദേശിച്ചു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു സുരേഷ് ഗോപിയുടെ വിജയം.

Were religious symbols used in the elections? High Court orders to continue trial in petition against Suresh Gopi

More Stories from this section

family-dental
witywide