ന്യൂഡൽഹി: ഇറാൻ- അമേരിക്ക – ഇസ്രയേൽ ആക്രമണങ്ങളിൽ പശ്ചിമേഷ്യയിൽ സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയിലും അക്രമസംഭവങ്ങൾക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്. ഇറാന്റെ പരമോന്നത നേതാവായിരുന്ന അയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് ശേഷം ജമ്മു കശ്മീരിലും യുപിയിലെ ലഖ്നൗവിലും പ്രതിഷേധങ്ങൾ അരങ്ങേറിയതിനെ തുടർന്നാണ് കേന്ദ്രത്തിൻറെ ഈ മുന്നറിയിപ്പ്.
എല്ലാ സംസ്ഥാന സർക്കാരുകൾക്കും ഇതുസംബന്ധിച്ച് ഒരു കത്ത് കേന്ദ്രം നൽകിയിട്ടുണ്ടെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.ഇന്ത്യയിൽ വർഗീയ സംഘർഷങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുന്നിൽകണ്ട് ജാഗ്രത വർധിപ്പിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രകോപനപരമായ പ്രഭാഷണങ്ങൾ നടത്തുന്ന ഇറാൻ അനുകൂല പ്രഭാഷകരെ നിരീക്ഷിക്കാനും തിരിച്ചറിയാനും സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിച്ചു. ഇവർ പ്രാദേശിക സമൂഹങ്ങളിൽ അസ്വസ്ഥതയോ വർഗീയ സംഘർഷമോ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നുമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
അതേസമയം, ഖമനേയിയുടെ കൊലപാതകത്തിനെതിരെ നടന്ന പ്രതിഷേധങ്ങളെ തുടർന്ന് തിങ്കളാഴ്‌ച കശ്മീർ താഴ്‌വരയിലുടനീളം മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് വേഗത കുറച്ചതായി അധികൃതർ അറിയിച്ചു. പ്രദേശത്ത് ക്രമസമാധാന നില നിലനിർത്തുന്നതിനുള്ള മുൻകരുതൽ നടപടിയായാണ് ഈ നീക്കം. ഏകദേശം 15 ലക്ഷത്തോളം ഷിയാ വിഭാഗക്കാർ താമസിക്കുന്ന കശ്‌മീരിൽ ലാൽ ചൗക്ക്, സായിദ കാടൽ, ബഡ്‌ഗാം, ബന്ദിപ്പോറ, അനന്തനാഗ്, പുൽവാമ എന്നിവിടങ്ങളിൽ വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു. പ്രതിഷേധത്തിൽ അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ മുദ്രാവാക്യം വിളികളുമുയർന്നു. അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കാനും പോലീസ് അഭ്യർഥിച്ചിട്ടുണ്ട്.
West Asia conflict; Home Ministry warns states of potential for violence










