
ഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സങ്കീർണ്ണമായ സംഘർഷ സാഹചര്യം നേരിടാൻ ഹ്രസ്വകാല-ദീർഘകാല പദ്ധതികൾക്ക് രൂപം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശം നൽകി. ദില്ലിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ രാജ്യത്തെ ബാധിച്ചേക്കാവുന്ന വെല്ലുവിളികൾ അദ്ദേഹം വിശദമായി ചർച്ച ചെയ്തു. ഇറാൻ-അമേരിക്ക-ഇസ്രയേൽ സംഘർഷം ഉടൻ അവസാനിക്കില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിപുലമായ യോഗം വിളിച്ചത്. യുദ്ധം മൂലമുണ്ടാകാൻ സാധ്യതയുള്ള അവശ്യവസ്തുക്കളുടെ ക്ഷാമം ഒഴിവാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി.
രാജ്യത്തെ വ്യവസായങ്ങൾക്കും ഔഷധ മേഖലയ്ക്കും ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാൻ ബദൽ മാർഗങ്ങൾ തേടാൻ യോഗം തീരുമാനിച്ചു. കൃഷിക്ക് ആവശ്യമായ രാസവളങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം എല്ലാ ഊർജ്ജനിലയങ്ങളിലും ആവശ്യത്തിന് കൽക്കരി എത്തിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാൻ സംസ്ഥാന സർക്കാരുകളുമായി ചേർന്ന് കർശന നടപടികൾ സ്വീകരിക്കും. പുതിയ വിപണികളിലേക്ക് കയറ്റുമതി സാധ്യതകൾ വർധിപ്പിക്കാനും സർക്കാർ വകുപ്പുകൾ ഏകോപിതമായി പ്രവർത്തിക്കാനും തീരുമാനമായി.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിർമ്മല സീതാരാമൻ, എസ്. ജയശങ്കർ തുടങ്ങി 13 കേന്ദ്രമന്ത്രിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുത്തു. പെട്രോളിയം, രാസവളം വകുപ്പ് മന്ത്രിമാരും യോഗത്തിൽ പ്രത്യേകമായി സംബന്ധിച്ചു. എൽ.പി.ജി വിതരണത്തിലെ സുതാര്യത ഉറപ്പാക്കാനും വിലയിരുത്തലുകൾ നടന്നു. ഉന്നതതല യോഗത്തിന് പിന്നാലെ സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതിയും പ്രത്യേകം യോഗം ചേർന്ന് സ്ഥിതിഗതികൾ അവലോകനം ചെയ്തു. സാഹചര്യം നിരീക്ഷിക്കാനായി പ്രത്യേക മന്ത്രിതല-സെക്രട്ടറിതല സമിതികളെയും നിയോഗിച്ചിട്ടുണ്ട്.
West Asia Crisis PM Modi Chairs High Level Meet; Directs Formation of Short and Long-term Action Plans














