പശ്ചിമേഷ്യൻ സംഘർഷം; രാജ്യത്ത് ഇന്ധന ക്ഷാമമില്ലെന്ന് കേന്ദ്രം

പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങൾ ഊർജ വിതരണത്തെ ബാധിക്കുമെന്ന ആശങ്ക ഉയർന്നിരിക്കുമ്പോഴും ഇന്ത്യയിൽ പെട്രോൾ, ഡീസൽ, എൽപിജി, പ്രകൃതി വാതകം എന്നിവയ്ക്ക് ക്ഷാമമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇന്ത്യയുടെ റിഫൈനിംഗ് ശേഷി 258 മില്യൺ മെട്രിക് ടൺ ആണെന്നും പെട്രോളും ഡീസലും ഉത്പാദിപ്പിക്കുന്നതിൽ രാജ്യം സ്വയംപര്യാപ്തമാണെന്നും പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശർമ പറഞ്ഞു. എല്ലാ റിഫൈനറികളും പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നു. ക്രൂഡ് ഓയിൽ മതിയായ സ്റ്റോക്കുണ്ട്. വിതരണത്തിൽ പ്രശ്നങ്ങളൊന്നുമില്ല. ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ല എന്നും അവർ കൂട്ടിച്ചേർത്തു.

രാജ്യത്ത് പ്രതിദിനം ഏകദേശം 50 ലക്ഷം ഗാർഹിക എൽപിജി സിലിണ്ടറുകളാണ് വിതരണം ചെയ്യുന്നത്. ഇന്ത്യയിൽ ഇപ്പോൾ 33 കോടിയിലധികം എൽപിജി ഉപഭോക്താക്കളും പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ കീഴിൽ 10.5 കോടിയിലധികം കണക്ഷനുകളും നിലവിലുണ്ട്. 1.5 കോടിയിലധികം വീടുകൾ പൈപ്പിലൂടെ ലഭിക്കുന്ന പ്രകൃതി വാതക ശൃംഖലയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും പി.എൻ.ജി, സി.എൻ.ജി വിതരണത്തിൽ യാതൊരു കുറവും ഉണ്ടാകില്ലെന്നും സർക്കാർ അറിയിച്ചു.

അതേസമയം, ആശങ്ക മൂലം കഴിഞ്ഞ ദിവസങ്ങളിൽ എൽപിജി ബുക്കിംഗുകൾ വർധിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സാധാരണയായി ദിവസേന 50 ലക്ഷം ബുക്കിംഗുകൾ ഉണ്ടാകുമ്പോൾ ഇപ്പോൾ അത് 70-80 ലക്ഷം വരെ ഉയർന്നിട്ടുണ്ട്. ജനങ്ങൾ പാനിക് ആയി വിതരണക്കാരുടെ അടുത്തേക്ക് പോകേണ്ടതില്ലെന്നും ഭയം പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്നും സുജാത ശർമ ആവശ്യപ്പെട്ടു. കൂടുതൽ ബുക്കിംഗുകളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയാണ് നടക്കുന്നതെന്നും സിലിണ്ടറുകൾ പതിവുപോലെ വിതരണം തുടരുമെന്നും അവർ പറഞ്ഞു.

പി.എൻ.ജി സൗകര്യം ലഭ്യമായ ഉപഭോക്താക്കൾ എൽപിജിയിൽ നിന്ന് പൈപ്പ് ഗ്യാസ് ഉപയോഗത്തിലേക്ക് മാറണമെന്നും സർക്കാർ അഭ്യർത്ഥിച്ചു. ഏകദേശം 60 ലക്ഷം വീടുകൾക്ക് ഉടൻ പൈപ്പ് ഗ്യാസ് ശൃംഖലയിലേക്ക് മാറാൻ കഴിയും. ഉത്തർപ്രദേശ്, രാജസ്ഥാൻ ഉൾപ്പെടെ പല സംസ്ഥാനങ്ങളും എൽപിജി വിതരണ ശൃംഖല വിലയിരുത്തുകയും സിലിണ്ടർ സംഭരണം (ഹോർഡിംഗ്) നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇന്ധനത്തിനും പാചക വാതകത്തിനും യാതൊരു ക്ഷാമവുമില്ലെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും സർക്കാർ വീണ്ടും ആവർത്തിച്ചു.

West Asian conflict; Center says there is no fuel shortage in the country