രാജ്യത്ത് പെട്രോ കെമിക്കല്‍ ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്ര സർക്കാർ. ഉത്പന്നങ്ങളുടെ ലഭ്യത ആഭ്യന്തര വിപണയില്‍ ഉറപ്പാക്കാനും വിലക്കയറ്റം തടയാനുമാണ് കേന്ദ്ര സർക്കാരിൻ്റെ ഈ നടപടി. യൂറിയയുടെയും ഡിഎപിയുടെയും വിതരണം തടസ്സമില്ലാതെ മുന്നോട്ടുപോകുമെന്ന് കേന്ദ്ര മന്ത്രി ജെ പി നദ്ദ സംസ്ഥാനങ്ങള്‍ ഉറപ്പുനല്‍കി. പ്ലാസ്റ്റിക്ക്, പാക്കിംഗ്, തുണിത്തരങ്ങള്‍ ഫാര്‍മസ്യൂട്ടിക്കല്‍, കെമിക്കല്‍, ഓട്ടോമോട്ടീവ് മേഖലകള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം കുറയ്ക്കാനാണ് കേന്ദ്രം പെട്രോക്കെമിക്കല്‍ ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കിയത്.
അതേസമയം, ഈ വര്‍ഷം ജൂണ്‍ 30 വരെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. നീക്കം വിലക്കയറ്റം തടയാനും ആഭ്യന്തര ലഭ്യത ഉറപ്പാക്കാനും സാധിക്കുമെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. നാല്പത് ഉത്പന്നങ്ങളുടെ തീരുവയാണ് ഇന്ത്യ താത്ക്കാലികമായി ഒഴിവാക്കിയത്. കേന്ദ്ര കെമിക്കല്‍, ഫെര്‍ട്ടിലൈസേഴ്‌സ് മന്ത്രി ജെ പി നദ്ദ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും കൃഷി മന്ത്രിമാരുമായും സംസാരിച്ച് രാസവളത്തിന്റെ ലഭ്യതയില്‍ ഉറപ്പുനല്‍കി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രൂപീകരിച്ച കേന്ദ്രത്തിന്റെ അന്തര്‍ മന്ത്രാലയ സമിതിയുടെ രണ്ടാം യോഗം ഇന്ന് വൈകിട്ട് ചേരും.
യോഗത്തില്‍ എല്‍പിജി വിതരണവും കരിചന്ത വില്‍പന, പൂഴ്ത്തിവെപ്പ് തടയല്‍ എന്നിവ ശക്തമാക്കാനുമുള്ള തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിദേശമന്ത്രാലയം സ്വീകരിക്കുന്ന നടപടികള്‍ എസ് ജയശങ്കര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചിട്ടുണ്ട്. അതിനിടെ ഡല്‍ഹിയില്‍ എല്‍പിജി റാക്കറ്റിൽ കണ്ണികളായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 45 സിലിണ്ടറുകളും വാഹനവും പിടിച്ചെടുത്തു.
West Asian conflict; Customs duties on petrochemical products waived in the country










