എക്സൈൽ ആക്റ്റ് എന്താണ്? H-1B വിസ പദ്ധതി അവസാനിപ്പിക്കാൻ യുഎസ് കോൺഗ്രസിൽ ബിൽ, ആശങ്കയിൽ ഇന്ത്യക്കാർ

അമേരിക്കയിൽ H-1B വിസ പദ്ധതി അവസാനിപ്പിക്കാൻ പുതിയൊരു ബിൽ യുഎസ് കോൺഗ്രസിൽ അവതരിപ്പിച്ചു. 2024ലെ പ്രസിഡന്റ തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചതിന് ശേഷം ഈ വിഷയം വീണ്ടും ശ്രദ്ധ നേടുകയാണ്. ഫ്ലോറിഡയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധി ഗ്രെഗ് സ്റ്റ്യൂബ് അവതരിപ്പിച്ച ബില്ലിന് ‘Ending Exploitative Imported Labour Exemptions Act’ (EXILE Act)എന്നാണ് പേര്. H-1B വിസ സംവിധാനം വലിയ കമ്പനികൾ ദുരുപയോഗം ചെയ്യുകയാണെന്നും കുറഞ്ഞ ചെലവിലുള്ള വിദേശ തൊഴിലാളികളെ അമേരിക്കയിലേക്ക് കൊണ്ടുവരുകയാണെന്നും സ്റ്റ്യൂബ് ആരോപിച്ചു.

EXILE Act പാസായാൽ, നിലവിലെ ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്ടിൽ ഭേദഗതി വരുത്തി H-1B വിസ പദ്ധതി പൂർണ്ണമായും അവസാനിപ്പിക്കും. 2027 സാമ്പത്തിക വർഷം മുതൽ H-1B വിസയുടെ എണ്ണം പൂജ്യം ആക്കും. തുടർന്ന് വരുന്ന എല്ലാ വർഷങ്ങളിലും വിസ അനുവദിക്കുന്നത് നിർത്തിവയ്ക്കും. ഇതോടെ പദ്ധതി ഘട്ടംഘട്ടമായി കുറയ്ക്കാതെ പൂർണ്ണമായും അവസാനിക്കും. വിസ പരിധി ഇല്ലാതായാൽ കമ്പനികൾക്ക് പുതിയ H-1B അപേക്ഷകൾ സമർപ്പിക്കാൻ കഴിയില്ല തുടങ്ങിയവയാണ് ബില്ലിന്റെ പ്രധാന കാര്യങ്ങൾ.

വിദേശ തൊഴിലാളികൾക്ക് മുൻഗണന നൽകുന്നത് അമേരിക്കൻ പൗരന്മാരുടെ ക്ഷേമത്തെയും ദേശീയ താൽപര്യങ്ങളെയും ബാധിക്കുന്നു എന്നാണ് സ്റ്റ്യൂബിന്റെ പ്രതികരണം. H-1B വിസ പദ്ധതിയുടെ ഗുണഭോക്താക്കളിൽ 80 ശതമാനത്തിലധികം പേർ ഇന്ത്യയിലും ചൈനയിലും നിന്നുള്ളവരാണെന്ന് സ്റ്റ്യൂബ് പറഞ്ഞു. കൂടാതെ, ചില തൊഴിലുടമകൾ ചെറുപ്പക്കാരായ വിദേശ തൊഴിലാളികളെ കൂടുതൽ ഇഷ്ടപ്പെടുന്നതായും അദ്ദേഹം ആരോപിച്ചു. അമേരിക്കൻ യുവാക്കൾക്കും തൊഴിലാളികൾക്കും ഈ പദ്ധതി തിരിച്ചടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. 5,000ത്തിലധികം വിദേശ ഡോക്ടർമാർക്ക് അവസരം ലഭിച്ചതോടെ 10,000ത്തിലധികം അമേരിക്കൻ ഡോക്ടർമാർക്ക് റെസിഡൻസി പ്രോഗ്രാമുകളിൽ പ്രവേശനം ലഭിക്കാതെ പോയതായും അദ്ദേഹം പറഞ്ഞു.

അതേസമയം, H-1B വിസ പദ്ധതി നിരവധി ഇന്ത്യക്കാർക്ക് അമേരിക്കയിൽ ജോലി ചെയ്യാനുള്ള പ്രധാന വഴിയാണ്. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, ഗൂഗിൾ-ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ, എലോൺ മസ്ക് തുടങ്ങിയ പ്രമുഖർ ഒരിക്കൽ H-1B വിസ വഴി അമേരിക്കയിലെത്തിയവരാണ്. 2025ൽ H-1B വിസ ലഭിച്ചവരിൽ 70 ശതമാനം പേർ ഇന്ത്യക്കാരായിരുന്നു. ഏകദേശം 7.3 ലക്ഷം H-1B വിസ ഉടമകളിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ളവരാണ്. 2024ൽ അംഗീകരിച്ച 4 ലക്ഷം H-1B വിസകളിൽ 71 ശതമാനം ഇന്ത്യക്കാർക്ക് ലഭിച്ചു. ചൈന രണ്ടാം സ്ഥാനത്തുണ്ടെങ്കിലും 12 ശതമാനത്തിൽ താഴെയാണ് അവരുടെ വിഹിതം. ഈ കണക്കുകൾ പ്രകാരം, EXILE Act പാസായാൽ അമേരിക്കയിൽ പ്രവേശിക്കാൻ ഇന്ത്യക്കാർക്ക് ലഭ്യമായ പ്രധാന വഴികളിലൊന്ന് ഇല്ലാതാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

What is the Exile Act? Bill in US Congress to end H-1B visa scheme, Indians worried

More Stories from this section

family-dental
witywide