
ഇത് പൊളിറ്റിക്കൽ കറക്ട്നെസിൻ്റെ കാലമാണ്. രാഷ്ട്രീയ ശരി തെറ്റുകൾ പൊതു സമൂഹം നിരന്തരം ഓഡിറ്റ് ചെയ്യുന്ന കാലം. കേരളരാഷ്ട്രീയത്തിൽ , പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അനഭിലഷണീയമല്ലാത്ത വാക്കുകളുടെ ഘോഷയാത്രയാണ് നമ്മൾ കാണുന്നത്. സിപിഎം വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മൽസരിക്കുന്ന ജി സുധാകരൻ്റെ പ്രവൃത്തിയെ ചെറ്റത്തരം എന്ന് വിശേഷിപ്പിച്ചത് സാക്ഷാൽ പിണറായി വിജയനാണ്. ചെറ്റ എന്നാൽ കുടിൽ എന്നല്ലേ അർഥമുള്ളൂ എന്ന് പറഞ്ഞ് പിണറായി ആ പ്രയോഗത്തെ ന്യായീകരിക്കുകയും ചെയ്തു. ഈ വാക്കിൻ്റെ പേരിൽ പിണറായിയെ പ്രതിരോധിക്കാൻ നിഘണ്ഡുവുമായി എകെ ബാലനും , നല്ല ചാരുതയുള്ള പ്രയോഗം എന്ന് വിശേഷിപ്പിച്ച് പിബി അംഗം എ വിജയരാഘവനും രംഗത്തുവന്നു. ഇതൊരു സുവർണാവസരമായി കണ്ട് ജി സുധാകരൻ താനൊരു ചെറ്റക്കുടിലിൽ ജീവിച്ചിരുന്ന മനുഷ്യനാണ് എന്ന അവകാശവാദവുമായി കളം നിറഞ്ഞു. ഇതേ ജി സുധാകരൻ മുൻപ് അരൂരിൽ കോൺഗ്രസിൻ്റെ ഷാനിമോൾ ഉസ്മാൻ മൽസരിക്കുമ്പോൾ അവരെ പൂതന എന്ന് വിളിച്ചതും അന്ന് ചർച്ചയായിരുന്നു.
ചെറ്റ കേരള രാഷ്ട്രീയത്തിലെ പുതിയ വാക്കല്ല. മൂന്നുകൊല്ലം മുമ്പ് കണ്ണൂർ കോൺഗ്രസിലെ ഗർജിക്കുന്ന സിംഹം കെ. സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെ ഇതേ വാക്കുകൊണ്ട് വിശേഷിപ്പിച്ചിരുന്നു. എന്നുമാത്രമല്ല ചെത്തുകാരൻ്റെ മകന് എന്തിനാണ് ഹെലികോപ്റ്റർ യാത്ര എന്ന പ്രയോഗവും സുധാകര പക്ഷത്തുനിന്നും വന്നു. ഇതിലൊന്നും ഇതുവരെ സുധാകരന് യാതൊരു ഖേദവുമില്ല.
അതിനും മുമ്പ് ഒരു ഹൈക്കോടതി ജഡ്ജിയെ ശുംഭൻ എന്ന് വിശേഷിപ്പിച്ച സിപിഎം നേതാവ് എംവി ജയരാജൻ അതിന് ജയിലിൽ കഴിയേണ്ടിവന്നിട്ടുണ്ട്. അന്ന് ശുംഭൻ എന്ന വാക്കിന് പ്രകാശംപരത്തുന്നവൻ എന്നാണ് അർഥം എന്ന് വ്യാഖ്യാനിച്ചിരുന്നു സിപിഎം.
2014 ൽ ഒരു തിരഞ്ഞെടുപ്പ് കാലത്ത് ഇടതു കോട്ടയായിരുന്ന കൊല്ലം ലോക്സഭാ മണ്ഡലത്തിൽ എംഎ ബേബിയും എൻകെ പ്രേമചന്ദ്രനും ഏറ്റുമുട്ടിയപ്പോൾ ഇതേപോലെ മറ്റൊരു വാക്ക് പിണറായിയുടെ നാവിൽ നിന്നു വന്നു. പരനാറി എന്ന് 3 തവണയാണ് പിണറായി പ്രേമചന്ദ്രനെ വിളിച്ചത്. പിണറായിക്ക് ബേബിയോട് എന്തെങ്കിലും വിരോധമുണ്ടായിരുന്നോ എന്നറിയില്ല, എന്തായാലും 37000 വോട്ടിന് പ്രേമചന്ദ്രൻ കൊല്ലം പിടിച്ചെടുത്തു. പിന്നീട് കൊല്ലം പാർലമെൻ്റ് മണ്ഡലത്തിൽ സിപിഎം തിരിച്ചുവന്നിട്ടില്ല..
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയും സിനിമാ താരവുമായ രമേഷ് പിഷാരടിയെ കോമാളി എന്നാണ് സിപിഎമ്മിൻ്റെ മുതിർന്ന നേതാവും കേന്ദ്രകമ്മിറ്റി അംഗവുമായ തോമസ് ഐസക് വിശേഷിപ്പിച്ചത്. അബദ്ധം മനസ്സിലാക്കി അദ്ദേഹം ഖേദം പ്രകടിപ്പിച്ച് തടിയൂരി. പിഷാരടിയും വളരെ പക്വമായാണ് ഇക്കാര്യത്തിൽ പ്രതികരിച്ചത്.
കായംകുളത്തെ സിപിഎം സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ യു. പ്രതിഭക്ക് എതിരെ സ്ഥലത്തെ പ്രദേശിക ലീഗ് നേതാവ് വളരെ ആക്ഷേപകരമായ രീതിയിൽ, അവരെ കേവലശരീരമായി മാത്രം കാണുന്ന രീതിയിൽ സംസാരിക്കുകയുണ്ടായി. അയാൾക്ക് എതിരെ നടപടി സ്വീകരിച്ചു എങ്കിലും ആ വാക്കുകളുണ്ടാക്കിയ ഡാമേജ് വളരെ വളരെ വലുതാണ്. മുമ്പ് ഇതേ പ്രതിഭ എംഎൽഎ തന്നെ മാധ്യമപ്രവർത്തകരോട് നിങ്ങൾക്കൊക്കെ ശരീരം വിറ്റ് ജീവിച്ചുകൂടെയെന്ന് ചോദിച്ചതും കേരളം മറന്നിട്ടില്ല എന്നതു വേറെ കാര്യം.
2011ൽ വിസ് അച്യുതാന്ദൻ മലമ്പുഴയിൽ മൽസരിക്കുമ്പോൾ എതിർ സ്ഥാനാർഥിയായിരുന്ന ലതിക സുഭാഷിനെതിരെ നടത്തിയ ഒരു പരാമർശം അങ്ങേയറ്റം സ്ത്രീവിരുദ്ധവും വിവാദവുമായിരുന്നു. ‘അവർ വളരെ പ്രശസ്തയാണ് അവരുടെ പ്രശസ്തി ഏതുനിലക്കാണ് എന്ന് ഒന്ന് അന്വേഷിക്കാവുന്നതാണ്’ എന്നാണ് അദ്ദേഹം പറഞ്ഞത്. ലതിക സുഭാഷ് അതിരെതിരെ കേസിന് പോവുകയും അപ്പോൾ വിഎസ് അത് മറ്റൊരു രീതിയിൽ വ്യാഖ്യാനിച്ച് തടിയൂരുകയും ചെയ്തു.
2019 ൽ ആലത്തൂരിൽ കോൺഗ്രസിൻ്റെ രമ്യ ഹരിദാസ് മൽസരിക്കുമ്പോൾ ഘടകകക്ഷി നേതാവായ പികെ കുഞ്ഞാലിക്കുട്ടിയെകാണാൻ പോയി. ആ കുട്ടിയുടെ സ്ഥിതി എന്താകുമെന്ന് ആലോചിക്കാൻ വയ്യ എന്നാണ് സിപിഎം നേതാവ് വിജയരാഘവൻ അന്ന് പ്രതികരിച്ചത്. കെകെ ഷൈലജ ടീച്ചറെ മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ കോവിഡ് റാണി എന്ന് വിശേഷിപ്പിച്ചതും കേരളം മറ ന്നിട്ടില്ല. 48 വയസ്സായിട്ടും ഇപ്പോളും യുവസുന്ദരി എന്നൊക്കെ വിശേഷിപ്പിക്കാമോ എന്നാണ്പ്രിയങ്കഗാന്ധിയെ കുറിച്ച് മുതിർന്ന ബിജെപി നേതാവ് എസ് ശ്രീധരൻപിള്ള പറഞ്ഞത്. രാഷ്ട്രീയരംഗത്തെ സ്ത്രീവിരുദ്ധതയും പുരുഷാധികാര അഹന്തയും വെളിവാക്കുന്നതാണ് ഇതെല്ലാം. രാഷ്ട്രീയപരമായി തെറ്റായ വാക്കുകൾ ഉപയോഗിക്കുന്നതും സ്ത്രീവിരുദ്ധമായ നിലപാടെടുക്കുന്നതും ഒരു പുരോഗമന സമൂഹത്തിന്റെ ലക്ഷണമല്ല. വ്യക്തി അധിക്ഷേപങ്ങളും സഭ്യേതരമായ സംസാരങ്ങളും നമ്മുടെ കക്ഷിരാഷ്ട്രീയത്തിൽ ഇടംപിടിക്കേണ്ട ആവശ്യമില്ല. വാക്കുകളിൽ മിതത്വവും മര്യാദയും പാലിക്കണം അതാണ് യഥാർഥ പുരോഗതി.
When politically incorrect and anti woman words grip Kerala politics










