മൊജ്തബ ഖമേനി എവിടെ? ജീവനോടെയുണ്ടെന്ന് വരുത്തിത്തീർക്കുകയാണോ? ഇറാൻ്റെ പരമോന്നത നേതാവിനായി തിരച്ചിൽ ഊർജ്ജിതമാക്കി സി.ഐ.എയും മൊസാദും

ടെഹ്റാൻ: പിതാവിൻ്റെ വധത്തിന് പിന്നാലെ ഇറാൻ്റെ പരമോന്നത നേതാവായി ചുമതലയേറ്റ മൊജ്തബ ഖമേനിയെ കാണാനില്ലെന്ന വാർത്തകൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാകുന്നു. മാർച്ച് 9-ന് അധികാരം ഏറ്റെടുത്ത ശേഷം അദ്ദേഹം ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. പേർഷ്യൻ പുതുവത്സരമായ നൗറൂസ് ആഘോഷവേളയിൽ പോലും അദ്ദേഹം ജനങ്ങളെ നേരിട്ട് അഭിസംബോധന ചെയ്യാതിരുന്നത് നിഗൂഢത വർദ്ധിപ്പിക്കുന്നു.

സാധാരണയായി ഇത്തരം സന്ദർഭങ്ങളിൽ പരമോന്നത നേതാവ് തത്സമയ പ്രസംഗം നടത്താറുള്ളതാണ്. എന്നാൽ ഇത്തവണ ടെലിഗ്രാം ചാനലിലൂടെയുള്ള ചില ചിത്രങ്ങളും രേഖാമൂലമുള്ള പ്രസ്താവനയും മാത്രമാണ് പുറത്തുവിട്ടത്. ഇതോടെ അദ്ദേഹത്തിൻ്റെ ആരോഗ്യനിലയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും സംശയങ്ങൾ ഉയർന്നു. സി.ഐ.എയും മൊസാദും ഉൾപ്പെടെയുള്ള വിദേശ രഹസ്യാന്വേഷണ ഏജൻസികൾ സാഹചര്യം നിരീക്ഷിച്ചു വരികയാണ്.

ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത് ഇങ്ങനെ: “ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് മൊജ്തബ തന്നെയാണോ എന്നതിന് ഞങ്ങളുടെ പക്കൽ വ്യക്തമായ തെളിവുകളൊന്നുമില്ല.”

അതേസമയം, സുരക്ഷാ കാരണങ്ങളാലാണ് അദ്ദേഹം പൊതുവേദികളിൽ നിന്ന് മാറിനിൽക്കുന്നതെന്നാണ് ഇറാനിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ. എന്നാൽ കഴിഞ്ഞ ദിവസം ഈദ്, നൗറൂസ് സന്ദേശങ്ങൾ അദ്ദേഹം പുറത്തുവിട്ടു. യു.എസും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങൾ പരാജയമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പരിഹസിച്ചു.

വെള്ളിയാഴ്ച നടന്ന ഈദ് അൽ-ഫിത്തർ, നൗറൂസ് ആഘോഷവേളയിൽ മൊജ്തബ ഖമേനിയുടേതെന്ന രീതിയിൽ വന്നത് ശക്തമായ ഒരു സന്ദേശമായിരുന്നു. ഔദ്യോഗിക ടെലിവിഷനിലൂടെ വായിച്ച അദ്ദേഹത്തിൻ്റെ രേഖാമൂലമുള്ള പ്രസ്താവനയിൽ, ഇറാനെ അസ്ഥിരപ്പെടുത്താൻ അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങൾ പരാജയപ്പെട്ട ശ്രമങ്ങളാണെന്ന് അദ്ദേഹം തള്ളിക്കളഞ്ഞു. യുദ്ധം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.

“മുതിർന്ന നേതാക്കളെ വധിക്കുന്നതിലൂടെ ഇറാന്റെ ഭരണം തകർക്കാമെന്നത് ശത്രുക്കളുടെ വെറും തോന്നൽ മാത്രമാണ്. ജനങ്ങളുടെ ഐക്യം ഭരണകൂടത്തെ കൂടുതൽ ശക്തിപ്പെടുത്തിയിട്ടേയുള്ളൂ. ഭരണത്തലവനെയും സൈനിക ഉദ്യോഗസ്ഥരെയും ഇല്ലാതാക്കിയാൽ ജനങ്ങളിൽ ഭയമുണ്ടാക്കാമെന്നും ഇറാനെ തകർക്കാമെന്നും അവർ കരുതുന്നു. പക്ഷേ അത് വെറും ഭ്രമം മാത്രമാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ നമ്മുടെ രാജ്യം മൂന്ന് സൈനിക-സുരക്ഷാ യുദ്ധങ്ങളെയാണ് നേരിട്ടത്. ആദ്യത്തെ യുദ്ധം ജൂണിലായിരുന്നു. ചർച്ചകൾ നടന്നുകൊണ്ടിരിക്കെ അമേരിക്കയുടെ സഹായത്തോടെ സയണിസ്റ്റ് ശത്രുക്കൾ നമ്മുടെ ആയിരത്തോളം പൗരന്മാരെ രക്തസാക്ഷികളാക്കി. ആ യുദ്ധത്തിൽ ജനങ്ങൾ ഇസ്ലാമിക ഭരണകൂടത്തെ അട്ടിമറിക്കുമെന്ന് ശത്രുക്കൾ കരുതി. എന്നാൽ ജനങ്ങളുടെ ജാഗ്രതയും പോരാളികളുടെ ധീരതയും കാരണം അവർക്ക് നിരാശപ്പെടേണ്ടി വന്നു. ഒടുവിൽ മധ്യസ്ഥതയിലൂടെയും പോരാട്ടം അവസാനിപ്പിച്ചുമാണ് അവർ രക്ഷപ്പെട്ടത്.”- മൊജ്തബ ഖമേനിയുടെ പ്രസ്താവനയിലെ പ്രസക്തഭാഗങ്ങൾ ഇതായിരുന്നു.

മൊജ്തബ ജീവിച്ചിരിപ്പുണ്ടെന്നും ഔദ്യോഗിക കാര്യങ്ങളിൽ ഇടപെടുന്നുണ്ടെന്നും വരുത്തിത്തീർക്കാൻ ഇറാനിയൻ അധികൃതർ ശ്രമിക്കുന്നുണ്ടെങ്കിലും, അദ്ദേഹം എവിടെയാണെന്ന കാര്യത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്.

Where is Mojtaba Khamenei? Is he pretending to be alive? CIA and Mossad intensify search for Iran’s supreme leader

More Stories from this section

family-dental
witywide