നരവനെയുടെ കുറിപ്പ് ആയുധമാക്കി രാഹുൽ, തടയാൻ നോക്കി ഷായും രാജ്നാഥും, ലോക്സഭ പ്രക്ഷുബ്ധമായ ദിനം; മോദിയും ഷായും സഭയിൽ നിന്ന് ഓടിയെന്ന് രാഹുൽ ഗാന്ധി

മുൻ കരസേന തലവൻ ജനറൽ എം.എം. നരവനെയുടെ ഓർമ്മക്കുറിപ്പുകൾ ഉന്നയിച്ച് ചൈനീസ് കടന്നുകയറ്റ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 2020-ൽ ലഡാക്കിലെ ചൈനീസ് കടന്നുകയറ്റ സമയത്ത് സർക്കാരിൽ നിന്ന് കൃത്യമായ നിർദ്ദേശം ലഭിച്ചില്ലെന്ന നരവനെയുടെ വെളിപ്പെടുത്തലുകൾ സഭയിൽ ഉന്നയിക്കാൻ ശ്രമിച്ച രാഹുലിനെ ഭരണപക്ഷം ശക്തമായി തടഞ്ഞു. ഇതോടെ ലോക്സഭയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. നന്ദി പ്രമേയ ചർച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും സഭയിൽ നിന്ന് ഓടിപ്പോയെന്നും പ്രധാനമന്ത്രിയുടെ 55 ഇഞ്ച് ധൈര്യം എവിടെപ്പോയെന്നും രാഹുൽ പരിഹസിച്ചു.

ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയം പറയാതെ പിന്മാറില്ലെന്ന് രാഹുൽ നിലപാടെടുത്തതോടെ സഭ പലതവണ നിർത്തിവെക്കേണ്ടി വന്നു. ഇതിനിടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ആഭ്യന്തര മന്ത്രി അമിത് ഷായും പലപ്പോഴും തടയാൻ നോക്കിയെങ്കിലും രാഹുൽ വഴങ്ങിയില്ല. നരവനെയുടെ പുസ്തകം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ലെന്നും സങ്കൽപ്പകഥകൾ മെനഞ്ഞ് രാഹുൽ സൈന്യത്തെ ഇകഴ്ത്തുകയാണെന്നുംരാജ്നാഥ് സിംഗും അമിത് ഷായും ആരോപിച്ചു. ഭരണപക്ഷം എന്തിനെയാണ് ഭയക്കുന്നതെന്ന് കെ.സി. വേണുഗോപാൽ ചോദിച്ചതോടെ സഭ പ്രക്ഷുബ്ധമായി. നരവനെയുടെ പുസ്തകത്തിൽ നിന്നുള്ള ഭാഗങ്ങൾ സഭയിൽ ഉദ്ധരിക്കാൻ സ്പീക്കർ അനുമതി നൽകാതിരുന്നതിനെത്തുടർന്ന് പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തി.

സഭ ഇന്നത്തേക്ക് പിരിഞ്ഞെങ്കിലും ഈ വിഷയം സജീവമാക്കി നിർത്താനാണ് കോൺഗ്രസ് തീരുമാനം. രാഹുൽ ഗാന്ധിക്ക് നരവനെയുടെ കുറിപ്പുകൾ ഉന്നയിക്കാൻ അനുമതി നൽകുന്നതുവരെ സഭാനടപടികളുമായി സഹകരിക്കില്ലെന്ന സൂചനയാണ് പ്രതിപക്ഷം നൽകുന്നത്. പുറത്തിറങ്ങാത്ത പുസ്തകത്തിലെ കാര്യങ്ങൾ സഭയിൽ ഉന്നയിക്കുന്നത് ചട്ടവിരുദ്ധമാണെന്ന നിലപാടിൽ ഭരണപക്ഷം ഉറച്ചുനിൽക്കുമ്പോൾ, ജനങ്ങൾ അറിയേണ്ട സത്യങ്ങളാണ് താൻ പറയുന്നതെന്ന നിലപാടിലാണ് രാഹുൽ ഗാന്ധി. വിഷയത്തിൽ വരും ദിവസങ്ങളിലും സഭയിൽ വൻ തർക്കങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പായി.

More Stories from this section

family-dental
witywide