
കെ എസ് യു പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്കേറ്റെന്ന് കാട്ടി പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന ആരോഗ്യ മന്ത്രി വീണ ജോർജ് തുടർചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക് റഫർ ചെയ്ത് മണിക്കൂറുകൾ പിന്നിട്ടിട്ടും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയില്ല. പുലർച്ചെ നാലുമണിക്ക് കണ്ണൂരിൽ നിന്ന് പുറപ്പെട്ട മന്ത്രി ഇതുവരെ ചികിത്സ തേടിയിട്ടില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കി. മന്ത്രി എത്തുന്നതിനെക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അതിനിടെ ആരോഗ്യമന്ത്രി വീണ ജോർജ് എവിടെയെന്ന ചോദ്യവുമായി കെ എസ് യു രംഗത്തെത്തി. പരിയാരം മെഡിക്കൽ കോളജിൽ നിന്ന് തുടർചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്ത മന്ത്രി പുലർച്ചെ നാല് മണിക്ക് കണ്ണൂരിൽ നിന്ന് പുറപ്പെട്ടെങ്കിലും മണിക്കൂറുകൾ പിന്നിട്ടിട്ടും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയിട്ടില്ലെന്ന് കെ എസ് യു ചൂണ്ടിക്കാട്ടി. യാത്ര ചെയ്യാൻ പോലും കഴിയാത്തവിധം ഗുരുതരമായ പരിക്കുണ്ടെന്ന് കഴിഞ്ഞ ദിവസം മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്ന സാഹചര്യത്തിൽ മന്ത്രി, മെഡിക്കൽ കോളേജിൽ എത്താത്തത് വലിയ ചർച്ചയായിരിക്കുകയാണ്.
മന്ത്രി എത്തുന്നതിനെക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കി. മന്ത്രിയുടെ ഓഫീസും ഇക്കാര്യത്തിൽ കൃത്യമായ വിശദീകരണം നൽകാത്തത് ദുരൂഹത വർധിപ്പിക്കുന്നു. യാത്രയ്ക്കിടെ പത്തനംതിട്ടയിലെ വീട്ടിലേക്കോ അതോ കോട്ടയത്തെ ഏതെങ്കിലും സ്വകാര്യ ആയുർവേദ കേന്ദ്രത്തിലേക്കോ മന്ത്രി മാറിയോ എന്ന കാര്യത്തിലും നിലവിൽ സ്ഥിരീകരണമില്ല.
ഈ സാഹചര്യത്തിലാണ് ഗുരുതരമായ പരിക്കുണ്ടെന്ന് പറയുന്ന മന്ത്രി എവിടെയാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. മന്ത്രിയുടെ ഓഫീസിനും പാർട്ടിക്കും ഇക്കാര്യത്തിൽ മറുപടിയുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ഔദ്യോഗികമായി മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്ത മന്ത്രി എവിടെയാണെന്ന് വിശദീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.
Where is the Health Minister? KSU Raises Questions as Veena George Fails to Reach TVM Medical College














