
ആലപ്പുഴ: തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വേറിട്ട രാഷ്ട്രീയ നിരീക്ഷണവുമായി നടൻ കുഞ്ചാക്കോ ബോബൻ. “ലെഫ്റ്റായാലും റൈറ്റായാലും വരുന്നവർ സ്ട്രെയ്റ്റ് ആകട്ടെ” എന്നാണ് തൻ്റെ ആഗ്രഹമെന്ന് താരം മാധ്യമങ്ങളോട് പറഞ്ഞു. ഭരണത്തുടർച്ചയാണോ അതോ ഭരണമാറ്റമാണോ ഉണ്ടാകുന്നതെന്നതിനേക്കാൾ, നാടിന് ഗുണകരമാകുന്ന നല്ലൊരു ഭരണമുണ്ടാകാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പിൽ പാർട്ടി നോക്കാതെ നല്ല വ്യക്തിത്വങ്ങൾ വിജയിക്കണമെന്നാണ് തൻ്റെ നിലപാടെന്ന് കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി. സുഹൃത്തും നടനുമായ രമേഷ് പിഷാരടി പാലക്കാട് മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, പിഷാരടി മാത്രമല്ല നല്ല വ്യക്തിത്വങ്ങൾ വേറെയുമുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നല്ല രീതിയിൽ നാടിനെ സേവിക്കാൻ കഴിവുള്ളവർക്ക് ഈ തിരഞ്ഞെടുപ്പ് അതിനുള്ള അവസരമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
ഒരു സാധാരണ പൗരൻ എന്ന നിലയിൽ തന്റെ വോട്ട് ഉത്തരവാദിത്തത്തോടെ രേഖപ്പെടുത്തിയതായും, രാജ്യം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ജനപ്രതിനിധികൾക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചാക്കോച്ചൻ പറഞ്ഞു.
‘Whether left or right, I have to be straight’: Kunchacko Boban clarifies his political stance












