
വാഷിംഗ്ടൺ: മഡുറോയെ ബലമായി തടവിലാക്കിയ യുഎസ് വെനസ്വേലൻ എണ്ണ വ്യാപാരത്തിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് കുറയ്ക്കണമെന്ന് ഇന്ത്യയോടെ നിരന്തരം ആവശ്യപ്പെടുന്ന യുഎസ് വെനസ്വേലൻ എണ്ണ ഇന്ത്യയ്ക്ക് വിൽക്കാൻ തയ്യാറാണെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പുതിയൊരു ചട്ടക്കൂടിന് കീഴിൽ ഇന്ത്യയ്ക്ക് വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങാൻ അനുമതി നൽകാൻ വാഷിംഗ്ടൺ ഒരുക്കമാണെന്നാണ് വിവരം.
വാർത്ത ഏജൻസിയായ ഐഎഎൻഎസിനോട് സംസാരിച്ച ട്രംപ് ഭരണകൂടത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ, യുഎസ് രാജ്യത്തിന്റെ ക്രൂഡ് ഓയിൽ ആഗോളതലത്തിൽ വിപണനം ചെയ്യാൻ നീങ്ങുമ്പോൾ, ഇന്ത്യയേയും വെനിസ്വേലൻ എണ്ണ വാങ്ങാൻ അനുവദിക്കുമെന്നാണ് സ്ഥിരീകരിച്ചത്. ഇന്ത്യയുമായുള്ള വെനിസ്വേലൻ എണ്ണ വ്യാപാരത്തിലെ വ്യവസ്ഥകളെക്കുറിച്ച് ചോദിച്ചപ്പോൾ, യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ്റ്റഫർ റൈറ്റിന്റെ സമീപകാല അഭിപ്രായങ്ങൾ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി, യുഎസ് വെനസ്വേലൻ എണ്ണ “മിക്കവാറും എല്ലാ രാജ്യങ്ങൾക്കും” വിൽക്കാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ വലിയ ഊർജ്ജ ആവശ്യങ്ങൾ കണക്കിലെടുത്ത്, വെനിസ്വേലൻ എണ്ണ ഇന്ത്യയ്ക്ക് ലഭ്യമാക്കാൻ അമേരിക്ക തയ്യാറാണെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അതേസമയം, വെനിസ്വേലൻ എണ്ണ വിൽപന പൂർണ്ണമായും അമേരിക്കൻ ഗവൺമെന്റിന്റെ നിയന്ത്രണത്തിലുള്ള പുതിയ സംവിധാനത്തിന് കീഴിലായിരിക്കും. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാൻ ഇന്ത്യയെ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നും ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു.
വെനസ്വേലയിൽ നിന്നുള്ള എണ്ണ ആഗോള വിപണിയിൽ എത്തിക്കാൻ വാഷിംഗ്ടൺ നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇതിനായി പ്രമുഖ ബാങ്കുകളുമായും കമ്മോഡിറ്റി മാർക്കറ്റുകളുമായും അവർ സഹകരിക്കുന്നുണ്ട്. അതേസമയം, വെനിസ്വേലൻ എണ്ണ വിൽപനയിലൂടെ ലഭിക്കുന്ന പണം അമേരിക്ക നിയന്ത്രിക്കുന്ന ബാങ്ക് അക്കൗണ്ടുകളിൽ സൂക്ഷിക്കുമെന്നും, ഇത് വെനിസ്വേലൻ ജനതയുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്നും യുഎസ് വ്യക്തമാക്കിയിട്ടുണ്ട്.
ജനുവരി 3-ന് വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെ യുഎസ് സൈന്യം തടവിലാക്കിയതിനെത്തുടർന്നാണ് വെനസ്വേലൻ എണ്ണ വ്യാപാരത്തിൽ ഇത്തരം നിർണ്ണായക മാറ്റങ്ങൾ ഉണ്ടായത്. അമേരിക്കൻ ഉപരോധങ്ങൾ വ്യാപാരം വെട്ടിക്കുറയ്ക്കുന്നതിന് മുമ്പ്, വെനസ്വേലൻ ക്രൂഡിന്റെ ഏറ്റവും വലിയ വാങ്ങുന്നവരിൽ ഒരാളായിരുന്നു ഇന്ത്യ.
White House officials say US is ready to sell Venezuelan oil to India














