ഇന്ത്യയിലും യുകെയിലും രണ്ട് പുതിയ എംപോക്സ് വൈറസ് വകഭേദം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്ത് യാത്ര ചെയ്‌ത യുകെ സ്വദേശിയിലും, അറേബ്യൻ ഉപദ്വീപിയൻ രാഷ്ട്രത്തിലേക്ക് യാത്ര ചെയ് ഇന്ത്യക്കാരനിലുമാണ് പുതിയ വകഭേദം കണ്ടെത്തിയത്. ജനിതകമാറ്റം സംഭവിച്ച വകഭേദങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പുതിയ വകഭേദത്തിൽ നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുള്ള രണ്ട് വകഭേദങ്ങളിൽ നിന്നുള്ള ജനിതക വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നും വൈറസ് ബാധിതരിൽ തുടർച്ചയായ ജനിതക നിരീക്ഷണം വേണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. യാത്രയ്ക്ക് ശേഷം ആഴ്ചകൾക്കുള്ളിലാണ് ഇരുവർക്കും രോഗം സ്ഥിരീകരിച്ചത്. റിപ്പോർട്ട് ചെയ്യപ്പെടാത്ത സമാന കേസുകളുണ്ടാകാമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
അതേസമയം, പുതിയ വകഭേദം കാരണം രോഗികളിൽ ഗുരുതരമായ പ്രത്യാഘാതങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. മങ്കിപോക്സ് എന്നറിയപ്പെട്ടിരുന്ന എംപോക്സ്, ഒരു വൈറൽ അണുബാധയാണ്. പ്രാരംഭ ലക്ഷണങ്ങൾ പലപ്പോഴും പനി പോലുള്ള രോഗങ്ങളായിരിക്കും. പനി, തലവേദന, പേശിവേദന, ക്ഷീണം എന്നിവയിൽനിന്ന് ആരംഭിക്കും. പിന്നീട് മുഖം, ജനനേന്ദ്രിയം, മലദ്വാരം എന്നിവയുൾപ്പെടെ ശരീരത്തിലെവിടെയും ഒരുതരം പ്രത്യേക ചുണങ്ങ് പ്രത്യക്ഷപ്പെടും.
ചുണങ്ങ് പല ഘട്ടങ്ങളിലൂടെ പുരോഗമിക്കുന്നു. രോഗബാധിതനായ വ്യക്തിയിൽനിന്ന് പ്രത്യേകിച്ച്, ചുണങ്ങുള്ളയാളിൽനിന്ന് സമ്പർക്കംമൂലം പകരാൻ സാധ്യതയുണ്ട്. കിടക്ക, തൂവാലകൾ, വസ്ത്രങ്ങൾ തുടങ്ങിയ മലിനമായ വസ്‌തുക്കളിൽ സ്‌പർശിക്കുക. ശ്വസന തുള്ളികൾ വഴി ദീർഘനേരം മുഖാമുഖം സമ്പർക്കം പുലർത്തുക മുതലായവയും പകർച്ചയ്ക്ക് കാരണമാകും.
സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക, ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരുമായി അടുത്ത ശാരീരിക സമ്പർക്കം ഒഴിവാക്കുക, മലിനമായ വസ്തുക്കളിൽ സ്‌പർശിക്കുന്നത് ഒഴിവാക്കുക, ലക്ഷണങ്ങൾ കാണുന്നവർ ഉടൻ വൈദ്യോപദേശം തേടണമെന്നും മുന്നറിയിപ്പ് നൽകുന്നു.
WHO confirms two new variants of the mumps virus in India and the UK














