
”റഷ്യ- യുക്രെയ്ൻ യുദ്ധം എത്രയും വേഗം ഒന്നവസാനിച്ചിരുന്നെങ്കിൽ…ഞങ്ങളുടെ കുടുംബങ്ങളിലെ ആൺതരികളിൽ ആരെങ്കിലുമൊക്കെ അവശേഷിച്ചേനെ…” റഷ്യയുടെ കിഴക്കേ അറ്റത്തുള്ള വിദൂര മത്സ്യബന്ധന ഗ്രാമമായ സെഡങ്കയിലെ ദുരിതാവസ്ഥയുടെ നേർക്കാഴ്ചയാണ് ഗ്രാമവാസികളുടെ ഈ വാക്കുകൾ. ഗ്രാമത്തിലെ ആകെ ജനസംഖ്യയായ 258-ൽ 39 പുരുഷന്മാരാണ് സൈന്യത്തിൽ ചേർന്ന് റഷ്യക്കായി യുക്രെയ്ൻ യുദ്ധത്തിൻ്റെ ഭാഗമായത്. ഇത് ഗ്രാമത്തിലെ പ്രായപൂർത്തിയായ ആകെ പുരുഷന്മാരുടെ (67 പേർ) പകുതിയിലധികം വരും.
പുരുഷന്മാരുടെ അഭാവത്തിൽ സെഡങ്കയിലെ ജീവിതം അത്യന്തം കഠിനമാണ്. ശൈത്യകാലത്ത് താപനില -10 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നിട്ടും, ഇവിടുത്തെ ഭൂരിഭാഗം വീടുകളിലും പൈപ്പ് വെള്ളം, ഇൻഡോർ ടോയ്‌ലറ്റുകൾ, സെൻട്രൽ ഹീറ്റിംഗ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളില്ല. കാടുകളാലും ചതുപ്പുനിലങ്ങളാലും ചുറ്റപ്പെട്ട ഈ ഗ്രാമത്തിൽ നിന്ന് ജില്ലാ കേന്ദ്രത്തിലെത്തുക അത്ര എളുപ്പമല്ല. മെയ് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ ബോട്ടിലൂടെയോ ട്രാക്ക് വാഹനങ്ങളിലൂടെയോ മാത്രമേ യാത്ര സാധ്യമാകൂ. ശൈത്യകാലത്താകട്ടെ സ്നോമൊബൈലുകളോ (മഞ്ഞിലൂടെ സഞ്ചരിക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു വാഹനം) ഹെലികോപ്റ്ററോ മാത്രമാണ് ആശ്രയം. പ്രാദേശികമായി തൊഴിലവസരങ്ങൾ കുറവായതിനാൽ മീൻപിടിച്ചും സ്വന്തമായി കൃഷി ചെയ്തുമാണ് ഗ്രാമവാസികൾ ജീവിക്കുന്നത്.
എന്നാൽ ഇപ്പോൾ, 18-നും 55-നും ഇടയിൽ പ്രായമുള്ള സെഡങ്കയിലെ മിക്ക പുരുഷന്മാരും യുക്രെയ്ൻ യുദ്ധത്തിൽ പങ്കുചേരാൻ ഗ്രാമം വിട്ടുപോയിരിക്കുന്നു. “ഇത് ഹൃദയഭേദകമാണ് – ഞങ്ങളുടെ ആളുകളിൽ പലരും കൊല്ലപ്പെട്ടു,” ഗ്രാമവാസി പറയുന്നു. “എൻ്റെ സഹോദരിയുടെ ഭർത്താവും ബന്ധുക്കളും യുദ്ധമുഖത്താണ്. ഏതാണ്ട് എല്ലാ കുടുംബങ്ങളിലും ഒരാളെങ്കിലും യുദ്ധം ചെയ്യുന്നുണ്ട്.” യുക്രെയ്ൻ അതിർത്തിയിൽ നിന്നും ഏകദേശം 7,000 കിലോമീറ്റർ അകലെയാണ് സെഡങ്ക സ്ഥിതി ചെയ്യുന്നത്. ഈ കൊച്ചു ഗ്രാമത്തിൽ നിന്ന് യുദ്ധത്തിനുപോയ 39 പുരുഷന്മാരിൽ 12 പേർ കൊല്ലപ്പെടുകയും 7 പേരെ കാണാതാവുകയും ചെയ്തു. 2024 മാർച്ചിൽ ഗവർണർ ഗ്രാമം സന്ദർശിച്ചപ്പോൾ, “ശൈത്യകാലത്ത് വീടുകൾ ചൂടാക്കാൻ വിറക് കീറാൻ പോലും ഇവിടെ പുരുഷന്മാരില്ല” എന്ന് ഗ്രാമത്തിലെ സ്ത്രീകൾ പരാതിപ്പെട്ടിരുന്നു.
ബിബിസിയും റഷ്യൻ മാധ്യമമായ മെഡിസോണയും ചേർന്ന് നടത്തിയ വിശകലനമനുസരിച്ച്, 2025-ൽ മാത്രം 40,201 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വർഷം അവസാനിക്കുമ്പോഴേക്കും ഈ സംഖ്യ 80,000 കടക്കുമെന്നാണ് വിലയിരുത്തൽ. 2022 ഫെബ്രുവരിയിൽ അധിനിവേശം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മാരകമായ ആൾനാശം നേരിടുന്ന വർഷമായിരിക്കും ഇത്. ഇതുവരെ പേര് വിവരങ്ങൾ സഹിതം 186,102 റഷ്യൻ സൈനികരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ യഥാർത്ഥ മരണസംഖ്യ 2,86,000-ത്തിനും 4,13,500-നും ഇടയിലാകാനാണ് സാധ്യതയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, റഷ്യക്കുമാത്രമല്ല, യുക്രെയ്നും വലിയ തോതിലുള്ള നാശനഷ്ടങ്ങൾ നേരിടുന്നുണ്ട്. 55,000 യുക്രേനിയൻ സൈനികർ കൊല്ലപ്പെട്ടതായി പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്‌കി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. എന്നാൽ അനൗദ്യോഗിക കണക്കുകൾ പ്രകാരം യുക്രെയ്ൻ പക്ഷത്ത് ഏകദേശം 2,00,000 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് സൂചന.
Who hears the cries of Sedanka, which lost most of its men in the Ukraine war













