സന്ദീപ് വാര്യർ ഉന്നംവെച്ചതോ? അടുത്തത് ആര് ബിജെപി വിടുമെന്ന് പോസ്റ്റ്, കെ സുരേന്ദ്രനാണോ എന്ന് കമന്‍റുകൾ നിറയുന്നു, ഫേസ്ബുക്കിൽ ചർച്ച

തിരുവനന്തപുരം: തമിഴ്നാട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടി വിടുമെന്ന റിപ്പോർട്ടുകൾക്കിടെ ശ്രദ്ധേയമായ ഫേസ്ബുക്ക് പോസ്റ്റുമായി തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ. “Who is next?” (ആരാകും അടുത്തത്?) എന്ന ചോദ്യത്തോടെയാണ് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ പ്രതികരിച്ചത്. കെ അണ്ണാമലൈക്കും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഒപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്ന കെ സുരേന്ദ്രന്റെ പ്രചാരണത്തിനായി അണ്ണാമലൈ കേരളത്തിലെത്തിയപ്പോൾ പകർത്തിയ ചിത്രമാണ് പോസ്റ്റിനായി ഉപയോഗിച്ചിരിക്കുന്നത്.

സന്ദീപ് വാര്യരുടെ പോസ്റ്റിന് പിന്നാലെ ബിജെപിയിൽ നിന്ന് അടുത്തതായി ആരാകും പുറത്തുപോകുകയെന്ന ചർച്ചയാണ് സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരിക്കുന്നത്. കെ സുരേന്ദ്രനാണോ അടുത്തതായി പാർട്ടി വിടുന്നതെന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. അതേസമയം, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനുമായി ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയിൽ കെ അണ്ണാമലൈ രാജിക്കത്ത് സമർപ്പിച്ചതായാണ് റിപ്പോർട്ടുകൾ. പാർട്ടി നേതൃത്വവുമായി നടത്തിയ ചർച്ചയിൽ മാന്യമായ രീതിയിൽ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള താൽപര്യം അദ്ദേഹം അറിയിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇക്കാര്യത്തിൽ പ്രതികരിക്കാനുള്ള സമയം രണ്ട് ദിവസത്തിനകം വരുമെന്നും അണ്ണാമലൈ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. അണ്ണാ ഡിഎംകെയുമായുള്ള സഖ്യത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ടതിന് പിന്നാലെ അണ്ണാമലൈ പാർട്ടി നേതൃത്വവുമായി അകൽച്ചയിൽ ആയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പാർട്ടിക്കുള്ളിലെ എതിർപ്പുകളും തമിഴ്നാട്ടിലെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളും ബിജെപിയുടെ തിരഞ്ഞെടുപ്പ് തിരിച്ചടിയും അദ്ദേഹത്തെ പുതിയ രാഷ്ട്രീയ വഴികൾ തേടാൻ പ്രേരിപ്പിച്ചെന്നാണ് വിലയിരുത്തപ്പെടുന്നത്.

തമിഴക വെട്രി കഴകം (ടിവികെ) ചരിത്രപരമായ മുന്നേറ്റം നടത്തുമെന്ന പ്രവചനം വോട്ടെണ്ണലിന് മുമ്പ് തന്നെ നടത്തിയിരുന്ന അണ്ണാമലൈ, അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഒരു വലിയ രാഷ്ട്രീയ നീക്കം ഉണ്ടാകുമെന്ന് അടുത്ത വൃത്തങ്ങളോട് സൂചിപ്പിച്ചിരുന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ‘മക്കൾ ശക്തി’ എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടിയോ സാമൂഹിക പ്രവർത്തകരുടെ കൂട്ടായ്മയോ രൂപീകരിക്കുമെന്ന അഭ്യൂഹങ്ങളും ഇതിനിടെ ശക്തമായിട്ടുണ്ട്.

More Stories from this section

family-dental
witywide