ജി സുധാകരനെ യുഡിഎഫ് റാഞ്ചുമോ ? സുധാകരൻ ഇഫക്ട് കേരളം മുഴുവൻ സ്വാധീനിക്കുമോ?

പാർട്ടി നേതൃത്വത്തിൽനിന്ന് കടുത്ത അവഗണന നേരിട്ടെന്നും സംസ്ഥാന സെക്രട്ടറിയടക്കം അപമാനിച്ചെന്നും ചൂണ്ടിക്കാട്ടി സിപിഎം വിടാനുള്ള സന്നദ്ധത അറിയിച്ചിരിക്കുകയാണ് മുതിർന്ന നേതാവ് ജി.സുധാകരൻ. 63 വർഷമായി തുടരുന്ന പാർട്ടി ബന്ധം താൻ അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് വഴി അറിയിച്ചു കഴിഞ്ഞു. നാളെ ഇതു വ്യക്തമാക്കുന്ന പത്രസമ്മേളനം പുന്നപ്രയുള്ള തൻ്റെ നവനീതം എന്ന വീട്ടിൽ നടത്തുമെന്നും അദ്ദേഹം അറിയിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, സുധാകരൻ നടത്തിയ ഈ നീക്കം സിപിഎമ്മിനെ പ്രതിസന്ധിയിൽ ആഴ്ത്തിയിരിക്കുകയാണ്. തനിക്ക് ഇനിയും മൽസരിക്കാൻ താൽപര്യമുണ്ടെന്ന് അദ്ദേഹം എം എ ബേബി അടക്കമുള്ള മുതിർന്ന നേതാക്കളെ അറിയിച്ചിരുന്നതായി സുധാകരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ താൻ എം.എ ബേബിയെ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും സുധാകരൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സുധാകരനെ സ്ഥാനാർഥിയായി പരിഗണിക്കുമോ എന്ന ചോദ്യം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനോട് മാധ്യമ പ്രവർത്തകർ ചോദിക്കുകയും ചെയ്തിരുന്നു. ഇതിന് അദ്ദേഹം നൽകിയ മറുപടിയാണ് സുധാകരനെ കൂടുതൽ ചൊടിപ്പിച്ചിരിക്കുന്നത്. ജി.സുധാകരനെ സ്ഥാനാർഥിയായി പരിഗണിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ഗോവിന്ദൻ ഒരു പരിഗണനയും അർഹിക്കുന്നില്ലെന്നും പറഞ്ഞു. ഇതിന്റെ വീഡിയോ അടക്കം പങ്കുവെച്ചാണ് സുധാകരൻ പാർട്ടി വിടുകയാണെന്ന സൂചന നൽകിക്കൊണ്ട് ഫെയ്‌സ്ബുക്കിൽ കുറിപ്പിട്ടത്

പാർട്ടി ജില്ലാ നേതൃത്വം തന്നോട് കാണിക്കുന്ന അവഗണനയിൽ സുധാകരൻ നേരത്തെ തന്നെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.. എഴുപത് കഴിയുമ്പോൾ കഴുത്തറുത്ത് ഇറച്ചി കച്ചവടത്തിനുള്ളവരെല്ല തങ്ങളാരുമെന്ന് പറഞ്ഞ സുധാകരൻ തന്നോട് അന്യായം കാണിച്ചുവെന്ന തോന്നൽ ജനങ്ങൾക്കുണ്ടെന്നും പരസ്യമായി പറഞ്ഞു. മാത്രമല്ല ആലപ്പുഴയിലെ ഏതു മണ്ഡലത്തിൽ നിന്നാലും താൻ വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

1987 മുതൽ 7 വട്ടം മസരിക്കുകയും 5 വട്ടം ജയിക്കുകയും രണ്ടു വട്ടം മന്ത്രിയാകുകയും ചെയ്ത സുധാകരൻ്റെ  2006 മുതലുള്ള 3 ജയങ്ങൾ അമ്പലപ്പുഴ മണ്ഡലത്തിൽ നിന്നായിരുന്നു. സമൂഹത്തിലെ അടിത്തട്ടിലെ ജനങ്ങളുമായി നേരിട്ടു ബന്ധമുള്ള ജനപ്രിയ നേതാവാണ് ജി. സുധാകരൻ .

2021 ലെ പിണറായിയുടെ തുടർഭരണത്തിൽ പ്രധാനപ്പെട്ട റോൾ  അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിന് സീറ്റുകൊടുത്തില്ല.പ്രായപരിധിയുടേയും ടേംവ്യവസ്ഥയുടേയും ന്യായം കൊണ്ടുവന്ന് സിപിഎം അത് വെട്ടി. അതിൽ സുധാകരന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രതികരണങ്ങളിൽ നിന്ന് അത് വ്യക്തവുമായിരുന്നു.

അദ്ദേഹത്തെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതും അച്ചടക്ക നടപടി പാർട്ടി സ്വീകരിച്ചതും അദ്ദേഹത്തെ കൂടുതൽ ക്ഷുഭിതനാക്കി. ആലപ്പുഴ ജില്ലയിലെ സിപിഎം അദ്ദേഹത്തെ അവഗണിക്കുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ പരാതി. കാരണം ജില്ലയിൽ ഇപ്പോൾ ഉള്ള നേതാക്കൾ എല്ലാം തന്നെ അദ്ദേഹം വളർത്തികൊണ്ടുവന്നിട്ടുള്ളവരാണ്, മന്ത്രി സജി ചെറിയാൻ അടക്കം. അമ്പലപ്പുഴയിൽ ഇപ്പോൾ എംഎൽഎ ആയ എച്ച്. സലാം അദ്ദേഹത്തിന്റെ വിശ്വസ്തനായ അനുയായി ആയിരുന്നു. പിന്നീട് അവർ തമ്മിൽ പ്രശ്നമുണ്ടായി . ആ സലാമിനെ തന്നെ സുധാകരനു പകരം അമ്പലപ്പുഴയിൽ പാർട്ടി നിർത്തി ജയിപ്പിച്ചു.

അടക്കി വച്ചിരുന്ന രോഷം പലപ്പോഴും അണപൊട്ടി ഒഴുകി. എന്നാൽ അതൃപ്തിയും ആഗ്രഹങ്ങളും അവസാനിച്ചില്ല. സമാധാനിപ്പിച്ചും സാന്ത്വനിപ്പിച്ചും പാർട്ടി കൂടെ നിർത്താൻ ശ്രമിച്ചു. എം എ ബേബിയും പിണറായി വിജയനും സുധാകരനെ കാണാൻ എത്തി. പക്ഷേ പരസ്യമായി പാർട്ടിയേയും നേതാക്കളേയും വിമർശിക്കുന്നത് സുധാകരൻ തുടർന്നുകൊണ്ടിരുന്നു. എന്നാൽ അഴിമതി തൊട്ടുതീണ്ടിയിട്ടില്ലാത്ത രാഷ്ട്രീയക്കാരൻ എന്ന ഇമേജാണ് സുധാകരന് കേരളത്തിലുള്ളത്. പെട്ടെന്ന് ക്ഷുഭിതനാകുന്ന സുധാകരൻ്റെ സ്വഭാവും അദ്ദേഹത്തിൻ്റെ അഭിപ്രായവ്യത്യാസങ്ങളും പലപ്പോഴും ആലപ്പുഴയിലെ പാർട്ടിക്ക് തലവേദനയായിട്ടുണ്ട്. മന്ത്രി സജി ചെറിയാൻ അടക്കം പല നേതാക്കളേയും അദ്ദേഹം പരസ്യമായി വിമർശിക്കുന്നത് കേരളം മുഴുവൻ കണ്ടതാണ്. പാർട്ടിയെടുത്ത അച്ചടക്ക നടപടിയും സംസ്ഥാന കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയതും സുധാകരനെ കൂടുതൽ ക്ഷുഭിതനാക്കി.

ആലപ്പുഴയിൽ താഴെതട്ടിൽ മുതൽ നിലനിൽക്കുന്ന വിഭാഗീയതയും സംഘടനാ പ്രശ്നങ്ങളും പാർട്ടിയെ വല്ലാതെ വലച്ചിരുന്നു.

സിപിഎമ്മിനെ സംബന്ധിച്ച് പാർട്ടിയാണ് വലുത്. നേതാക്കൾ ആരുമാകട്ടെ അത് എംവി രാഘവൻ ആകട്ടെ, ഗൌരിയമ്മയാകട്ടെ അവർ പുറത്തു പോയാലും പാർട്ടിക്ക് ആത്യന്തികമായി ഒന്നും സംഭവിക്കില്ല എന്ന് കാലം തെളിയിച്ചതാണ്. വിഎസിനെ പോലുള്ള നേതാക്കൾക്കു പോലും പാർട്ടിയുടെ ശാസന ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

ജി സുധാകരൻ പാർട്ടി വിടുമെന്നും അമ്പലപ്പുഴ മണ്ടലത്തിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായി മൽസരിക്കുമെന്നുള്ളവാർത്തകൾ കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തിൽ വ്യാപിച്ചിരുന്നു. കെ.സി വേണുഗോപാലിനെ പോലുള്ള കോൺഗ്രസ് നേതാക്കളുമായി അദ്ദേഹം പല തവണ ചർച്ചനടത്തിയെന്നത് നാട്ടിൽപാട്ടായിരുന്നു. നാളത്തെ പത്ര സമ്മേളനത്തിൽ അദ്ദേഹം തൻ്റെ നിലപാട് വ്യക്തമാക്കുമായിരിക്കാം. എന്തായാലും ആലപ്പുഴ എവിടെ മൽസരിച്ചാലും ജയിക്കും എന്ന പൂർണ ആത്മവിശ്വാസത്തിലാണ് ജി . സുധാകരൻ. അത് കണ്ടറിയുക തന്നെ വേണം. ഈ തിരഞ്ഞെടുപ്പ് കാലത്തെ സുധാകരൻ്റെ ഈ ചുവടുമാറ്റം അമ്പലപ്പുഴയും കടന്ന് കേരളം മുഴുവൻ വ്യാപിക്കുമോ അത് സിപിഎമ്മിനെ ബാധിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Will G Sudhakaran contest for UDF in Ambalapuzha

More Stories from this section

family-dental
witywide