തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായതോടെ കണ്ണൂരിൽ ജില്ലയിൽ മിക്ക സ്ഥാനാർത്ഥികൾക്കും അപരൻമാർ. മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി. പ്രസിഡൻ്റ് സണ്ണി ജോസഫിനും ഉൾപ്പെടെ അപരൻമാർ ഉണ്ട്. പിണറായി വിജയന് എ.എം. വിജയനാണ് അപരൻ. സണ്ണി ജോസഫിന് സണ്ണി ജോസഫ് മുതുകുളത്തേലും സണ്ണിയും അപരൻമാരാണ്. എതിരാളിയായ എൽ.ഡി.എഫിലെ കെ.കെ. ശൈലജയ്ക്ക് എ.വി. ശൈലജ, സി. ശൈലജ എന്നീ അപരൻമാരുമുണ്ട്.
അതേസമയം, മുന്നണി സ്ഥാനാർഥികളുടെ അഭ്യർഥനപ്രകാരം സണ്ണി ജോസഫിന്റെ പേരിന് മുന്നിൽ അഡ്വക്കറ്റ് എന്നും കെ.കെ. ശൈലജയുടെ പേരിന് പിറകിൽ ടീച്ചർ എന്നും ചേർത്തിട്ടുണ്ട്. തളിപ്പറമ്പിൽ യു.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥിയായ എൽഡിഎഫിൽ നിന്ന് വിട്ടുപോന്ന ടി.കെ. ഗോവിന്ദന് അതേപേരിൽ അപരനുണ്ട്. ഇതോടെ യു.ഡി.എഫ് സ്വതന്ത്രനായ ടി.കെ. ഗോവിന്ദന്റെ പേരിനോടൊപ്പം മാസ്റ്റർ എന്നു ചേർത്തു. തളി പറമ്പ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. ശ്യാമളയ്ക്ക് പി. ശ്യാമളയാണ് അപരൻ.
കണ്ണൂരിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയ്ക്ക് കെ. രാമചന്ദ്രനും യു.ഡി.എഫിലെ ടി.ഒ. മോഹനന് താഴെക്കണ്ടി മോഹനനും അപരൻമാരാണ്. അഴീക്കോട് യു.ഡി.എഫ്. സ്ഥാനാർഥി കരീം ചേലേരിക്ക് കരീം ചന്ത്രോത്തും വി.വി. അബ്ദുൾ കരീമും എൽ.ഡി.എഫിലെ കെ.വി. സുമേഷിന് ടി.പി. സുമേഷും കെ. സുമേഷ്കുമാറുമാണ് അപരൻമാർ. കല്യാശ്ശേരി യു.ഡി.എഫ്. സ്ഥാനാർഥി രാജീവൻ കപ്പച്ചേരിക്ക് രാജീവൻ കണ്ണോത്തുണ്ടും അപരനായി ഉണ്ട്.
മട്ടന്നൂരിൽ എൽ.ഡി.എഫിലെ വി.കെ. സനോജിന് സനോജും യു.ഡി.എഫിലെ ചന്ദ്രൻ തില്ലങ്കേരിക്ക് ചന്ദ്രൻ തെങ്ങേലത്തും കൂത്തുപറമ്പിൽ എൽ.ഡി.എഫിലെ പി.കെ. പ്രവീണിന് പ്രവീൺകുമാറും യു.ഡി.എഫിലെ ജയന്തി രാജന് ജയന്തിയും അപരൻമാരായുണ്ട്. തലശ്ശേരിയിൽ എൽ.ഡി.എഫിലെ കാരായി രാജന് ഒ.പി. രാജനും വി.പി. രാജനുമുള്ളപ്പോൾ യു.ഡി.എഫിലെ കെ.പി. സാജുവിന് വി.പി. സാജുവാണ് അപരനായി എത്തിയിരിക്കുന്നത്.
Will rival carch votes? Even the Chief Minister and KPCC President have rival candidate in election.










